ബഹ്റൈനില്‍ മലയാളി യുവാവിനെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തി
മനാമ: ബഹ്റൈനില്‍ ജോലി തേടിയെത്തിയ മലയാളി യുവാവിനെ താമസ സ്ഥലത്തെ കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ സ്വദേശിയായ അസീറിനെ(37)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗുദൈബിയയിലെ പഴയ രാജധാനി ഹോട്ടലിനു സമീപത്തെ കെട്ടിടത്തിലായിരുന്നു അസീര്‍ താമസിച്ചിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു മരണമെന്നാണ് കരുതുന്നത്. പരിസരത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് വീണുമരിച്ചതാണെന്ന് മനസ്സിലായത്.
നേരത്തെ ഒരു വര്‍ഷത്തോളം ബഹ്റൈനില്‍ ജോലിചെയ്തിരുന്ന അസീര്‍ വിസ കാലാവധി കഴിഞ്ഞ് നാട്ടില്‍ പോയിരുന്നു.ആറുമാസം മുമ്പാണ് വീണ്ടും വിസിറ്റിംഗ് വിസയില്‍ ബഹ്റൈനിലെത്തിയത്. കഴിഞ്ഞ ആറ് മാസമായി ജോലി അന്വേഷണത്തിലായിരുന്നുവെന്നും ഇന്ന് ഒരു ബേക്കറിയില്‍ ജോലിയില്‍ കയറാനിരിക്കെയാണ് മരണം സംഭവിച്ചതെന്നും ബഹ്റൈനില്‍ തന്നെയുള്ള അസീറിന്റെ ബന്ധു ഷാനവാസ് ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു. മുഹറഖില്‍ താമസിക്കുന്ന ഷാനവാസ് വിവരമറിഞ്ഞയുടന്‍ ഇവിടെ എത്തിയിരുന്നു.
നേരത്തെ 15 വര്‍ഷത്തോളം സഊദി അരാംകോയിലും അസീര്‍ ജോലി ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു. ഭാര്യ ശബ്നയും രണ്ടു മക്കളും നാട്ടിലാണ്. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം നാട്ടിലേക്ക് കൊണ്ടു പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."