'തിരുവനന്തപുരം വിമാനത്താവളം വിട്ടുകൊടുക്കില്ല' 'ടിയാലി'നെ പ്രത്യേക കമ്പനിയാക്കും
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കാതെ, നടത്തിപ്പ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം സജീവമാക്കി. പ്രത്യേകോദ്ദേശ്യ കമ്പനിയായി 'ടിയാല്‍' രജിസ്റ്റര്‍ ചെയ്യാന്‍ കെ.എസ്.ഐ.ഡി.സിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതിനായി കണ്‍സള്‍ട്ടന്റായ കെ.പി.എം.ജിയുമായി സര്‍ക്കാര്‍ ഇന്ന് ഉന്നതതല ചര്‍ച്ച നടത്തും.
വിമാനത്താവളം പാട്ടത്തിനെടുക്കാനുള്ള ലേലത്തില്‍ സര്‍ക്കാരും കെ.എസ്.ഐ.ഡി.സിയും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമാണ് പങ്കെടുത്തത്. ലേലത്തില്‍ അദാനി ഗ്രൂപ്പാണ് മുന്നിലെത്തിയത്. കെ.എസ്.ഐ.ഡി.സി രണ്ടാമതായി. എങ്കിലും സംസ്ഥാനസര്‍ക്കാരിന്റെ നിരന്തരസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേന്ദ്രത്തിന് അദാനിയുമായി പാട്ടക്കരാര്‍ ഒപ്പിടാനായിട്ടില്ല.
വിമാനത്താവള നടത്തിപ്പിനായി 'ടിയാല്‍' രൂപീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും കമ്പനിയായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. കമ്പനിയിലെ ഓഹരി ഘടന, റവന്യൂസാധ്യത, മറ്റ് സാമ്പത്തിക വശങ്ങള്‍ എന്നിവ സംബന്ധിച്ച് കണ്‍സള്‍ട്ടന്റായ കെ.പി.എം.ജിയുമായി ഇന്ന് ചര്‍ച്ച നടത്തും.
ടിയാല്‍ കമ്പനി രൂപീകരിച്ചതിന്റെ രേഖകള്‍ വൈകാതെ കേന്ദ്രത്തിന് സമര്‍പ്പിക്കും. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് ടിയാലില്‍ ഭൂരിപക്ഷം ഓഹരിയുണ്ടാകുമെന്ന് ഉറപ്പില്ലെന്നും സമരവുമായി മുന്നോട്ട് പോകുമെന്നുമാണ് വിമാനത്താവളത്തിലെ ജീവനക്കാര്‍ പറയുന്നത്. വിമാനത്താവള നടത്തിപ്പിനുള്ള ലേല നടപടികളുടെ കാലാവധി ഈ മാസം 31ന് അവസാനിക്കും. ആവശ്യമെങ്കില്‍ മൂന്നുമാസം കൂടി നീട്ടാന്‍ സാധിക്കും. ഈ സാഹചര്യത്തിലാണ് വിമാനത്താവളം ഏറ്റെടുക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിതമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."