രാജ്യത്തെ ഏറ്റവും വലിയ പാലം ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ഗുവാഹത്തി: അസം-അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള രാജ്യത്തെ ഏറ്റവും വലിയ പാലം ഇന്ന് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും.
അസമിലെ പിന്നോക്ക ഗ്രാമമായ സാദിയയില്‍ തുടങ്ങി അരുണാചല്‍പ്രദേശിലെ ദോലവരെയുള്ള പാലത്തിന് 9.15 കിലോമീറ്റര്‍ ദൂരം വരും. ബ്രഹ്മപുത്ര നദിക്കു കുറുകെ നിര്‍മിച്ച പാലം ഉദ്ഘാടനം ചെയ്യുന്നതോടെ രാജ്യത്തിന്റെ സ്വപ്ന പദ്ധതിയാണ് യാഥാര്‍ഥ്യമാകുന്നത്. അസമില്‍ നിന്ന് അരുണാചല്‍ പ്രദേശുമായി കരമാര്‍ഗം ബന്ധപ്പെടാനുള്ള ഏക മാര്‍ഗമാണ് ഈ പാലം. ബ്രഹ്മപുത്ര നദിക്കു കുറുകെ നിര്‍മിക്കുന്ന നാലാമത്തെ പാലം കൂടിയാണ് ഇത്. പാലം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുന്നത് സൈന്യത്തിനാണ്.
നിലവില്‍ ചൈനയുടെ ഭീഷണി നേരിടുന്ന അരുണാചല്‍ അതിര്‍ത്തികളില്‍ എളുപ്പത്തില്‍ എത്താന്‍ സൈന്യത്തിന് കഴിയും. ടാങ്കുകള്‍ക്ക് പോകാന്‍ കഴിയുന്ന തരത്തിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. അസമില്‍ നിന്ന് അരുണാചലിലെ സൈനിക പോസ്റ്റായ കിബിത്തൂ, വല്ലോങ്, ചഗ്ലഗാം എന്നിവിടങ്ങളിലേക്കുള്ള യാത്ര നാല് മണിക്കൂര്‍ കുറയ്ക്കാന്‍ കഴിയുമെന്ന് സൈനിക വക്താവ് പറഞ്ഞു.
ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു അരുണാചലിനെയും അസമിനെയും ബന്ധിപ്പിച്ചുള്ള പാലമെന്നത്. അസമില്‍ നിന്ന് അരുണാചലിലേക്ക് കടത്തുതോണി മാത്രമായിരുന്നു യാത്രക്കുണ്ടായിരുന്നത്. ഇതിനാല്‍ 1950 മുതല്‍ പാലത്തിന്റെ ആവശ്യം ജനങ്ങളില്‍ നിന്ന് ഉയരുന്നുണ്ടായിരുന്നു.
2003ല്‍ അസം ഗണപരിഷത്ത് നേതാക്കളായ രാജ്യസഭാ എം.പി അരുണ്‍കുമാര്‍ ശര്‍മയും സാദിയാ എം.എല്‍.എ ജഗദീഷ് ഭുയാനും കേന്ദ്ര മന്ത്രി സി.പി താക്കൂറിന്പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. അതേ വര്‍ഷം പ്രധാനമന്ത്രി വാജ്‌പെയ്ക്ക് അരുണാചല്‍ മുഖ്യമന്ത്രി മുകുത് മിത്തിയും കത്തു നല്‍കി.
2011ലാണ് പാലം നിര്‍മാണം തുടങ്ങിയത്. ഡിസംബര്‍ 2015ല്‍ നിര്‍മാണം പൂര്‍ത്തിയായി. തുടര്‍ന്ന് മിനുക്കുപണികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഉദ്ഘാടനത്തിന് ഒരുങ്ങിയത്.
തുടക്കത്തില്‍ 6,600 കോടി രൂപയായിരുന്നു നിര്‍മാണ ചെലവ് കണക്കാക്കിയിരുന്നതെങ്കിലും പണി പൂര്‍ത്തിയായതോടെ 10,000 കോടി രൂപയായി ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."