'നല്‍കിയത് അനുമതിപത്രം മാത്രം; ചര്‍ച്ചകള്‍ അപ്രസക്തം'
തിരുവനന്തപുരം: പുതിയ ബ്രൂവറികള്‍ക്കും ഡിസ്റ്റിലറിക്കും നല്‍കിയത് അനുമതിപത്രം മാത്രമാണെന്നും ലൈസന്‍സ് നല്‍കിയിട്ടില്ലാത്തതിനാല്‍ ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അപ്രസക്തമാണെന്നും എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്.
ശ്രീചക്ര ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിനു തൃശൂര്‍ ബോട്ടിലിങ് യൂനിറ്റ് തുടങ്ങാന്‍ അനുമതി നല്‍കിയത് എക്‌സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ട് മറികടന്നാണെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
ശ്രീചക്ര ഡിസ്റ്റിലറീസ് 1994 മുതല്‍തന്നെ അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നു. അപ്പോഴൊക്കെ അതാത് എക്‌സൈസ് കമ്മിഷണറും സര്‍ക്കാരും 1999ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിരാകരിച്ചു. എന്നാല്‍, 2017ല്‍ ലഭിച്ച അപേക്ഷ സര്‍ക്കാര്‍തലത്തില്‍ തീരുമാനമെടുക്കാമെന്ന റിപ്പോര്‍ട്ടോടെ നികുതി വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കു സമര്‍പ്പിച്ചു. ഈ അപേക്ഷ 1998 മുതല്‍ നല്‍കിയ അപേക്ഷയുടെ തുടര്‍ച്ചയായതിനാല്‍ പ്രത്യേക പരിശോധനകള്‍ ഒന്നാംഘട്ടത്തില്‍ നടത്തിയിരുന്നില്ല. ഇതുസംബന്ധിച്ച തീരുമാനത്തിനായി സര്‍ക്കാരിനു സമര്‍പ്പിക്കുകയായിരുന്നു.
1999ലെ ഉത്തരവ് ഭേദഗതി വരുത്തി അപേക്ഷ പരിഗണിക്കാമെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ശ്രീചക്രയുള്‍പ്പെടെ ഇപ്പോള്‍ അനുമതിപത്രം ലഭിച്ച സ്ഥാപനങ്ങള്‍ക്ക് അന്തിമ ലൈസന്‍സ് ലഭിക്കണമെങ്കില്‍ ഇനിയും നിരവധി വകുപ്പുകളുടെ അനുമതി വേണം. വകുപ്പുകള്‍ അനുമതി നല്‍കിയില്ലെങ്കില്‍ നിലവിലുള്ള അനുമതിപത്രം റദ്ദാകുമെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."