പോട്ട പിന്‍വലിച്ചത് തെറ്റായെന്ന് അമിത്ഷാ
എന്‍.ഐ.എ ബില്‍ ലോക്‌സഭ പാസാക്കി
ന്യൂഡല്‍ഹി: കരിനിയമമായ പ്രിവന്‍ഷന്‍ ഓഫ് ടെററിസം ആക്ട് (പോട്ട) പിന്‍വലിച്ചത് തെറ്റായിപ്പോയെന്ന് ലോക്‌സഭയില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ. ദുരുപയോഗം കാരണമല്ല ചിലരുടെ വോട്ട്ബാങ്ക് സംരക്ഷിക്കാനാണ് നിയമം പിന്‍വലിച്ചതെന്നും എന്‍.ഐ.എ ഭേദഗതി ബില്ലില്‍ നടന്ന ചര്‍ച്ചക്ക് മറുപടി പറയവെ അമിത്ഷാ പറഞ്ഞു.
അമിത്ഷായുടെ പരാമര്‍ശം സഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിന് ഇടയാക്കി. 66നെതിരേ 278 വോട്ടുകള്‍ക്ക് ബില്‍ ലോക്‌സഭ പാസാക്കി. ബില്ലിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ എതിര്‍പ്പാണുന്നയിച്ചത്. നിയമം ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ മതം നോക്കാറില്ലെന്ന് അമിത്ഷാ പറഞ്ഞു.
ഇന്ത്യയെ പൊലിസ് സ്റ്റേറ്റ് ആക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു.
ബില്ലിനെതിരേ കേരള എം.പിമാര്‍
ന്യൂഡല്‍ഹി: എന്‍.ഐ.എ ബില്ലിനെ ലോക്‌സഭയില്‍ ശക്തമായി എതിര്‍ത്ത് കേരളത്തില്‍ നിന്നുള്ള എം.പിമാരായ എന്‍.കെ പ്രേമചന്ദ്രനും ഇ.ടി മുഹമ്മദ് ബഷീറും. ഭീകരവാദത്തിന്റെ പേരില്‍ നിരപരാധികള്‍ രാജ്യത്ത് നിരന്തരം വേട്ടയാടപ്പെടുകയാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. തീവ്രവാദത്തിന്റെ പേരില്‍ ഇരുപത് വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ചശേഷം നിരപരാധിയാണെന്ന് കണ്ടെത്തി വെറുതെവിടുന്നതാണ് ഇന്ത്യന്‍ ക്രിമിനല്‍ നിയമസംഹിത. ഇരുപത് വര്‍ഷം തടവുശിക്ഷ അനുഭവിച്ച നിരപരാധിക്ക് ഒരു നഷ്ടപരിഹാരവും ലഭിക്കുന്നില്ല. അദ്ദേഹം പറഞ്ഞു.
സി.ബി.ഐ, എന്‍.ഐ.എ തുടങ്ങിയ കുറ്റാന്വേഷണ ഏജന്‍സികളെ സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ ആരോപിച്ചു. സി.ബി.ഐ കൂട്ടിലിട്ട തത്തയാണെങ്കില്‍ എന്‍.ഐ.എ അതിലപ്പുറമാണ്. ഈ നിയമങ്ങളെല്ലാം തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ ദ്രോഹിക്കാനുള്ള ആയുധങ്ങളാണ്.
മലേഗാവ് സ്‌ഫോടനത്തില്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ പറ്റുന്ന സഹായം ചെയ്യാന്‍ എന്‍.ഐ.എ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ടതായി അവര്‍ തന്നെ പരസ്യമായി വ്യക്തമാക്കുകയുണ്ടായി. നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്ന ഇത്തരം നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."