പൊതുമാപ്പ്; വിവിധ രാജ്യങ്ങളുടെ അംബാസിഡര്‍മാരുടെ യോഗം വിളിച്ച് വിദേശകാര്യ മന്ത്രാലയം
ജിദ്ദ: സഊദി പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഒരു മാസം ശേഷിക്കെ സഊദി വിദേശകാര്യ വകുപ്പ് വിവിധ രാജ്യങ്ങളുടെ അംബാസിഡര്‍മാരുടെ യോഗം വിളിച്ചുകൂട്ടി. നിയമലംഘകര്‍ ഇല്ലാത്ത രാജ്യം എന്ന മുദ്രവാക്യവുമായി പ്രഖ്യാപ്പിച്ചിട്ടുള്ള പൊതുമാപ്പ് ആനുകൂല്യം മുതലാക്കി തങ്ങളുടെ രാജ്യത്തെ ഏതെങ്കിലും പൗരന്‍ നിയമലംഘിച്ച് രാജ്യത്ത് തുടരുന്നുണ്ടെങ്കില്‍ അനുവദിച്ച സമയപരിധിക്കുള്ളില്‍ രാജ്യം വിടണമെന്നും അതു ഉറപ്പാക്കണമെന്നും എല്ലാ രാജ്യങ്ങളുടെയും നയന്ത്രകാര്യാലയങ്ങളുടെ മേധാവികള്‍ക്ക് വിദേശകാര്യമന്ത്രാലയം വീണ്ടും നിര്‍ദേശം നല്‍കി.
ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, യമന്‍, ഫിലിപൈന്‍സ്, ശ്രീലങ്ക, എത്യോപ്യ, നൈജീരിയ, ഈജിപ്ത്, സുഡാന്‍, സൊമാലിയ തുടങ്ങി നിരവധി രാജ്യങ്ങളിലെ അംബാസിഡന്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.
പൊതു മാപ്പ് അവസാനിക്കുന്നത് വരെ നഗരങ്ങളിലും ഉള്‍പ്രദേശങ്ങളിലും ശക്തമായ തൊഴില്‍ പരിശോധന സംഘടിപ്പിക്കുമെന്ന് അല്‍ ഗാമിദി അറിയിച്ചു. തങ്ങളുടെ കീഴിലുള്ളവരുടെ ഇക്കാമ അവര്‍ ചെയ്യുന്ന ജോലി എന്നിവ കൃത്യമാണ് എന്ന് വ്യവസായികള്‍ ഉറപ്പ് വരുത്തണം. പൊതുമാപ്പിന് ശേഷം മതിയായ രേഖകള്‍ ഇല്ലാതെ പിടിക്കപ്പെട്ടാല്‍ ക്രിമിനല്‍ കുറ്റം ചുമത്തുമെന്നും അല്‍ ഗാമിദി മുന്നറിയിപ്പ് നല്‍കി.പൊതുമാപ്പ് കാലാവധി യാതൊരു കാരണവശാലും നീട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം പൊതുമാപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ഇന്ത്യന്‍ എംബസിയില്‍ ഓട്ട് പാസ്സിനായി അപേക്ഷിച്ചവരുടെ എണ്ണം 26,947 ആയി. 26,548 പേര്‍ക്ക് ഇ.സി വിതരണം ചെയ്തുവെന്നും അംബാസിഡര്‍ അഹമ്മദ് ജാവേദ് പറഞ്ഞു. റമദാന്‍ സമയത്ത് ജവാസാത്ത് കേന്ദ്രം രാവിലെ അഞ്ചു മുതല്‍ വൈകുന്നേരം മൂന്നു വരെയും രാത്രി ഒമ്പതു മുതല്‍ രണ്ടു വരെയും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ തൊഴില്‍ വകുപ്പ് വിവിധ വാണിജ്യ കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. റിയാദില്‍ മലയാളികള്‍ തിങ്ങി താമസിക്കുന്ന ബത്ഹയില്‍ നടന്ന പരിശോധനയില്‍ നിയമ ലംഘകരായ 64 വിദേശികളെ പിടികൂടി. ഇതില്‍ മലയാളികളും ഉള്‍പ്പെടും.
സ്വദേശിവല്‍ക്കരണം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് മൊബൈല്‍ ഫോണ്‍ കടകളില്‍ പരിശോധന തുടരുന്നത്. റിയാദ് അല്‍ ഖസാനിലെ ഇമാം ഫൈസല്‍ ബിന്‍ തുര്‍ക്കി റോഡിലും ബത്ഹയിലും മൊബൈല്‍ ഫോണ്‍ കടകളില്‍ പരിശോധന നടന്നത്. ഇഖാമ, തൊഴില്‍ നിയമ ലംഘനത്തിന് പിടിയിലായ 64 പേരില്‍ ബംഗ്ലാദേശ്, യമന്‍ പൗരന്‍മാരും ഏതാനും ഇന്ത്യക്കാരും ഉള്‍പ്പെടും. 9 മലയാളികള്‍ പിടിയിലായതായി അനൗദ്യേഗിക കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."