തെരുവുനായ്ക്കളുടെ ആക്രമണം: ഒരുവര്‍ഷത്തിനിടെ കടിയേറ്റത് ലക്ഷത്തിലധികം പേര്‍ക്ക്
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഒരുലക്ഷത്തിലധികം പേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റതായി ആരോഗ്യവകുപ്പിന്റെ രേഖ. എന്നാല്‍ ഇതില്‍ 700 പേര്‍മാത്രമാണ് തെരുവുനായകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കുന്ന ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിക്ക് മുന്‍പാകെ പരാതി നല്‍കിയത്. ഇതില്‍ 100 പേര്‍ക്ക് ധനസഹായം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും കമ്മിഷന്‍ പറഞ്ഞു. പരാതി നല്‍കുന്നതില്‍ പലരും വിമുഖത കാണിക്കുകയാണ്.
പരാതി നല്‍കിയിട്ടും തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാര്‍ വരുന്നില്ല. 2016 ഏപ്രില്‍ മുതല്‍ ഈ വര്‍ഷമാദ്യം വരെ സംസ്ഥാനത്ത് 1,10,916 പേര്‍ക്കാണ് നായ്ക്കളുടെ കടിയേറ്റത്. ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം തെരുവുനായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് തിരുവനന്തപുരം ജില്ലയിലാണ്. തലസ്ഥാനത്ത് മാത്രം 21,563 പേര്‍ക്ക് കടിയേറ്റു. 2016 ഏപ്രില്‍ മുതല്‍ ഓരോ മാസവും രണ്ടായിരത്തോളം പേര്‍ക്ക് തലസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. പാലക്കാട്, കൊല്ലം ജില്ലകളില്‍ ഒരു വര്‍ഷത്തെ തെരുവുനായയുടെ ആക്രമണത്തിന്റെ കണക്ക് പതിനായിരത്തിന് മുകളിലാണ്. കാസര്‍കോടാണ് ഏറ്റവും കുറവ്. 2,744 പേര്‍ക്കാണ് ഇവിടെ നായ്ക്കളുടെ കടിയേറ്റത്. എന്നാല്‍ തെരുവുനായ്ക്കളുടെ ആക്രമണം വര്‍ധിച്ചിട്ടും പരാതി നല്‍കാന്‍ സാധാരണക്കാര്‍ തയാറാകാത്തത് അജ്ഞതമൂലമാണെന്ന് ജസ്റ്റിസ് സിരിജഗന്‍ പറഞ്ഞു. പരാതി ലഭിക്കുന്ന മുറക്ക് പഞ്ചായത്തുമായും പരിശോധന നടത്തിയ ആശുപത്രിയുമായും ബന്ധപ്പെട്ട് പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കാന്‍ കമ്മിഷന്‍ നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വന്ധ്യംകരണത്തിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
കൊണ്ടോട്ടി: തെരുവുനായ്ക്കളുടെ വന്ധ്യംകരണം, പേ-വിഷ നിര്‍മാര്‍ജനം എന്നിവക്ക് തദ്ദേശ സ്ഥാപനങ്ങള്‍ തയാറാക്കുന്ന വാര്‍ഷിക പദ്ധതിയിലെ സബ്‌സിഡി മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി.
തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് സന്നദ്ധസംഘടനകളുടെ പങ്കാളിത്തത്തോടയോ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നേരിട്ടോ പദ്ധതി തയാറാക്കി ഫണ്ട് വകയിരുത്താവുന്നതാണ്.
ഒരു നായയെ വന്ധ്യംകരിക്കുന്നതിന് സന്നദ്ധസംഘടനയ്ക്ക് 1,900 രൂപ വരെ നല്‍കാമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. നേരത്തെ നായ്ക്കളെ പിടികൂടി കൊല്ലുന്നതിന് 75 രൂപയാണ് നല്‍കിയിരുന്നത്.
മേനകാ ഗാന്ധിയുടെ ഇടപെടലോടെ ഇത് വന്ധ്യംകരണമാക്കിയെങ്കിലും വേണ്ടത്ര പ്രയോജനം ലഭിക്കാത്തതിനാലാണ് കൂടുതല്‍ തുക വകയിരുത്താമെന്ന പുതിയ നിര്‍ദേശം വന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നേരിട്ട് പദ്ധതി നടപ്പിലാക്കുമ്പോള്‍ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്‍, മൃഗപരിപാലകന്‍, ഓപ്പറേഷന്‍ തിയേറ്ററിലെ സഹായി, ശുചീകരണ തൊഴിലാളി തുടങ്ങിയവരെ നിയമിക്കാം. വെറ്ററിനറി സര്‍ജനുള്ള മാസവേതനം 39,500 രൂപയാണ്. നായപിടിത്തം ഉള്‍പ്പെടെ ചെയ്യുന്ന മൃഗപരിപാലകര്‍ക്കുള്ള മാസവേതനം 20,000 രൂപയും അനുവദിക്കാം.
വന്ധ്യംകരണത്തിന് ഓപ്പറേഷന്‍ തിയറ്ററിലെ സഹായിക്ക്(ശാസ്ത്രീയ സാങ്കേതിക വൈദഗ്ധ്യം ആവശ്യമായ ജോലികള്‍ ചെയ്യുന്നവര്‍ക്ക്)25,000രൂപയും,ശുചീകരണ ജോലികള്‍ ചെയ്യുന്നതിന് 6,000 രൂപയും നല്‍കാം.
നായ്ക്കളുടെ തീറ്റ, ഇവയെ എത്തിക്കുന്നതിനുള്ള യാത്രപ്പടി എന്നിവക്ക് നായ ഒന്നിന് 200 രൂപയും അനുവദിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."