മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സാജന്റെ ഭാര്യയുടെ പരാതി
സ്വന്തം ലേഖകന്‍
കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തിലെ കേസന്വേഷണം സി.ബി.ഐക്കു വിടണമെന്ന് ആവശ്യപ്പെട്ട് ഭാര്യ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കി.
നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും സാജന്റെ ഭാര്യ ബീന നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കുകയാണ്. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി ശിക്ഷിക്കണമെന്നും തനിക്കു മാനഹാനിയുണ്ടാക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പരക്കുന്നതു തടയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ബക്കളത്ത് നിര്‍മിച്ച കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാത്തതിലും ആന്തൂര്‍ നഗരസഭാ ഉദ്യോഗസ്ഥരുടെ ധിക്കാരപരമായ പെരുമാറ്റത്തിലും മനംനൊന്താണു സാജന് ആത്മഹത്യ ചെയ്യേണ്ടിവന്നത്. എന്നാല്‍ അന്വേഷണം നടന്നുവരുന്നതിനിടെ താനും സാജന്റെ ഡ്രൈവറും തമ്മില്‍ അരുതാത്ത ബന്ധമുണ്ടെന്ന രീതിയില്‍ മകള്‍ മൊഴിനല്‍കിയെന്നും ഇക്കാരണത്താലാണു സാജന്‍ ആത്മഹത്യ ചെയ്തതെന്നുമുള്ള രീതിയില്‍ വ്യാപക പ്രചാരണം നടക്കുകയാണ്. ജോലിയില്‍ വീഴ്ച വരുത്തിയ നഗരസഭാ അധികൃതരെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പ്രചാരണം. അന്വേഷണ ഉദ്യോഗസ്ഥരോട് അത്തരത്തില്‍ യാതൊരു കാര്യവും പറഞ്ഞിട്ടില്ലെന്ന് പ്രായപൂര്‍ത്തിയാവാത്ത മകള്‍ തന്നോടു വ്യക്തമാക്കിയിട്ടുണ്ട്.
താനും ഭര്‍ത്താവും തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവും ഉണ്ടായിട്ടില്ല. കണ്‍വന്‍ഷന്‍ സെന്ററിനു ലൈസന്‍സ് ലഭിക്കാത്ത വിഷമം മാത്രമാണു കുടുംബത്തിനുണ്ടായിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണു തെറ്റായ വിവരം പ്രചരിപ്പിക്കുന്നത്. വസ്തുതകള്‍ മറച്ചുവച്ച് യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണു ചിലരെ കൂട്ടുപിടിച്ച് തന്നെയും കുടുംബത്തെയും തേജോവധം ചെയ്യുന്നത്. ഇതില്‍ മാനസികമായി തളര്‍ന്നിരിക്കുകയാണെന്നും ബീന പരാതിയില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."