ഉയര്‍ന്ന പോളിങ് മലബാറിലെ വിധിയെന്താകും..?
കോഴിക്കോട്: അവസാനഘട്ട വോട്ടെടുപ്പ് നടന്ന മലബാറിലെ നാല് ജില്ലകളിലെ ഉയര്‍ന്ന പോളിങ് ആര്‍ക്ക് ഗുണമാകുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികള്‍.
കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പിനോട് നിഷ്പക്ഷ വോട്ടര്‍മാര്‍ താല്‍പര്യം കാണിക്കില്ലെന്ന മുന്‍വിധികളെ തള്ളിക്കളയുന്ന പോളിങ്ങാണ് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉണ്ടായത്. ആദ്യമണിക്കൂറിനുള്ളില്‍ തന്നെ വോട്ടവകാശം വിനിയോഗിക്കാന്‍ ജനം ബൂത്തിലെത്തുകയായിരുന്നു. ഉച്ചയോടെ തന്നെ മിക്കയിടത്തും 60 ശതമാനത്തിന് മുകളില്‍ പോളിങ് രേഖപ്പെടുത്തി. വൈകിട്ട് കൊവിഡ് രോഗികള്‍ക്കായി സമയം അനുവദിച്ചതിന്റെ പശ്ചാത്തലത്തില്‍ നേരത്തെ തന്നെ വോട്ട് ചെയ്ത് മടങ്ങുകയായിരുന്നു വോട്ടര്‍മാര്‍.
ജനവിധി തങ്ങള്‍ക്കനുകൂലമായതിന്റെ സൂചനയാണ് ഉയര്‍ന്ന വോട്ടിങ് ശതമാനമെന്ന് യു.ഡി.എഫ് പറയുന്നു. പോളിങ് കൂടുമ്പോഴെല്ലാം ഫലം തങ്ങള്‍ക്കനുകൂലമാകാറുണ്ടെന്നും ഇത്തവണയും ഇത് സംഭവിക്കുമെന്നും യു.ഡി.എഫ് പ്രതീക്ഷ പുലര്‍ത്തുന്നു.
സംസ്ഥാന സര്‍ക്കാരിനെതിരായ വികാരം, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ലഭിച്ച മുന്‍തൂക്കം എന്നിവ യു.ഡി.എഫിന് അനുകൂലമാണെങ്കിലും ഇത് വോട്ടെടുപ്പില്‍ എത്രകണ്ട് സ്വാധീനം ചെലുത്തിയെന്ന് വ്യക്തമാവാന്‍ വോട്ടെണ്ണല്‍ വരെ കാത്തിരിക്കണം.
വെല്‍ഫെയര്‍ പാര്‍ട്ടി, ആര്‍.എം.പി എന്നീ കക്ഷികളുമായുള്ള ധാരണ യു.ഡി.എഫിന് ഗുണം ചെയ്‌തെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ഉയര്‍ന്ന വോട്ടിങ് നിരക്ക് ചൂണ്ടിക്കാട്ടി കോഴിക്കോട് ജില്ലയില്‍ കോര്‍പറേഷനിലും ജില്ലാ പഞ്ചായത്തിലും ഭരണം പിടിക്കുമെന്ന് യു.ഡി.എഫ് ഉറപ്പിച്ച് പറയുന്നു. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നില മെച്ചപ്പെടുത്താനാകുമെന്നും യു.ഡി.എഫ് പ്രത്യാശ പ്രകടിപ്പിക്കുന്നു. അതേസമയം, പോളിങ് ശതമാനം ഉയര്‍ന്നത് സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി ജനം വോട്ട് ചെയ്തതുകൊണ്ടാണെന്നാണ് എല്‍.ഡി.എഫിന്റെ അവകാശവാദം.
എല്‍.ജെ.ഡി ഇടതുമുന്നണിയിലേക്ക് വന്നത് മലബാര്‍ ജില്ലകളില്‍ നേട്ടമായെന്നാണ് എല്‍.ഡി.എഫിന്റെ വിലയിരുത്തല്‍. കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫ് വിട്ടത് മലയോര മേഖലയില്‍ ഗുണമുണ്ടാക്കിയെന്നും ഇടതുമുന്നണി കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."