മുളന്തണ്ടില്‍ പിടിച്ച് കടലില്‍ അഞ്ചു ദിവസം; ഒടുവില്‍ രക്ഷയ്‌ക്കെത്തിയത് ബംഗ്ലാദേശി കപ്പല്‍
കൊല്‍ക്കത്ത: മത്സ്യബന്ധനത്തിനു പോയി ബംഗാള്‍ ഉള്‍ക്കടലില്‍ കാറ്റിലും കോളിലും പെട്ട് ബോട്ട് തകര്‍ന്നതിനെ തുടര്‍ന്ന് മുളന്തണ്ടില്‍ പിടിച്ച് രബീന്ദ്രനാഥ് ദാസ് കഴിഞ്ഞത് അഞ്ചു ദിവസം. ഭക്ഷണമോ വെള്ളമോ ലൈഫ് ജാക്കറ്റോ ഇല്ലാതെ മുളന്തണ്ടില്‍ പിടിച്ചുകിടന്ന അദ്ദേഹത്തെ ചിറ്റഗോങ് തീരത്ത് ബംഗ്ലാദേശില്‍നിന്നുള്ള കപ്പല്‍ ജീവനക്കാര്‍ കണ്ടെത്തിയില്ലായിരുന്നെങ്കില്‍...തനിക്കൊപ്പമുണ്ടായിരുന്നവരെപോലെ താനും മരണത്തിലേക്ക് കൂപ്പുകുത്തുമായിരുന്നുവെന്ന് ദാസ് ഞെട്ടലോടെ ഓര്‍ക്കുന്നു. ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസിലെ നാരായണ്‍പൂരിനടുത്ത കക്കാദ്വീപ് സ്വദേശിയാണ് രബീന്ദ്രനാഥ് ദാസ്.
ഈ മാസം നാലിനാണ് ദാസ് അടക്കം 14 പേര്‍ മത്സ്യബന്ധനത്തിനായി പോയത്. കനത്ത മഴയും കാറ്റും കാരണം ബംഗാള്‍ ഉള്‍ക്കടല്‍ പ്രക്ഷുബ്ധമായിരുന്നു.
ശക്തമായ കാറ്റില്‍ ബോട്ട് ആടിയുലഞ്ഞ് മറിഞ്ഞു. ഇതിനിടയില്‍ ദാസ് അടക്കം 11 പേര്‍ കടലിലേക്ക് എടുത്തു ചാടി. ഇതേ തുടര്‍ന്ന് ഇന്ധനം നിറച്ച വീപ്പകള്‍ പരസ്പരം ബന്ധിച്ച മുളന്തണ്ട് അഴിച്ചെടുത്ത് അതില്‍ പിടിച്ചു കിടന്നു. ലക്ഷ്യമില്ലാതെകിടന്ന അവര്‍ക്കുമുന്‍പില്‍ തിരമാലകള്‍ ആര്‍ത്തലച്ചു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ രക്ഷാമാര്‍ഗം അടയുകയായിരുന്നു.
ഇതിനിടയില്‍ തന്റെ കണ്‍മുന്‍പില്‍ ഓരോരുത്തരായി മുങ്ങിപ്പോകുന്നത് കണ്ട ദാസിന് തന്റെ ഊഴവും കാത്തുകിടക്കേണ്ടി വന്നു. ജൂലൈ 10ന് ചിറ്റഗോങ് തീരത്തേക്ക് കാറ്റ് എത്തിച്ച അദ്ദേഹത്തെ ബംഗ്ലാദേശി കപ്പല്‍ കണ്ടെത്തുകയായിരുന്നു.
കപ്പല്‍ ജീവനക്കാര്‍ കണ്ടെത്തിയെങ്കിലും രണ്ടു മണിക്കൂര്‍ കഴിഞ്ഞുമാത്രമാണ് രക്ഷപ്പെടുത്താനായത്. ശക്തമായ കാറ്റില്‍ ഇടയ്ക്ക് കപ്പല്‍ ജീവനക്കാരുടെ കണ്ണില്‍നിന്ന് മറഞ്ഞെങ്കിലും അവരുടെ ധീരമായ അന്വേഷണത്തിനൊടുവിലാണ് ദാസിനെ രക്ഷിച്ച് ജീവിത്തിന്റെ കരയിലടുപ്പിച്ചത്. ഒഴുകിപ്പോകുന്ന ദാസിനെ കപ്പലിലെ ജീവനക്കാരില്‍ ചിലര്‍ കടലിലേക്ക് എടുത്തുചാടിയാണ് രക്ഷപ്പെടുത്തിയത്.
പ്രതിബന്ധങ്ങളെല്ലാം അതിജീവിച്ച് ഞായറാഴ്ച ദാസ് കൊല്‍ക്കത്തയില്‍ തിരിച്ചെത്തി. മരണമുഖത്തുനിന്ന് താന്‍ എങ്ങനെ രക്ഷപ്പെട്ടുവെന്നതിനെക്കുറിച്ച് ഇപ്പോഴും ദാസിന് അത്ഭുതമാണ്.
ഇയാള്‍ക്കൊപ്പം മരുമകനും ഉണ്ടായിരുന്നു. എന്നാല്‍ ദാസിനെ ബംഗ്ലാദേശി കപ്പല്‍ ജീവനക്കാര്‍ കണ്ടെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മരുമകന്‍ മുങ്ങിത്താഴ്ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."