കേന്ദ്ര നഴ്‌സിങ് ബില്ലിനെതിരേ നഴ്‌സുമാര്‍ സമരത്തിലേക്ക്; ഇന്ന് പ്രതിഷേധ ദിനം
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി കമ്മിഷന്‍ ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭമാരംഭിക്കാന്‍ വിവിധ നഴ്‌സിങ് സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. നഴ്‌സിങ് മേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്ന വ്യവസ്ഥകളുമായാണ് പുതിയ നിയമത്തിന്റെ കരട് പ്രസിദ്ധീകരിച്ചതെന്ന് നഴ്‌സിങ് സംഘടനകള്‍ ആരോപിച്ചു. നിയമം പ്രാബല്യത്തില്‍ വന്നാല്‍ ദേശീയ-സംസ്ഥാന നഴ്‌സിങ് കൗണ്‍സിലുകള്‍ ഇല്ലാതാവുകയും പൂര്‍ണമായും കേന്ദ്ര നിയന്ത്രണത്തിലുള്ള നഴ്‌സിങ് കമ്മിഷനുകള്‍ സ്ഥാപിക്കപ്പെടുകയും ചെയ്യും. നഴ്‌സുമാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പുതിയ ബില്ലില്‍ വ്യവസ്ഥയില്ല. അഴിമതിക്കും സ്വജനപക്ഷപാതത്തിനും വഴിയൊരുക്കും.
കമ്മിഷന്‍ അംഗങ്ങളെ കേന്ദ്രമാണ് നിയമിക്കുക. അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ നഴ്‌സുമാര്‍ക്കുണ്ടായിരുന്ന അവസരം ഇല്ലാതാകും. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കമ്മിഷന്റെ പ്രവര്‍ത്തനത്തില്‍ ഒരു നിയന്ത്രണവും ഉണ്ടാവില്ല. പ്രവേശന പരീക്ഷയും എക്‌സിറ്റ് ടെസ്റ്റും കോച്ചിങ് സെന്ററുകള്‍ തഴച്ചുവളരാന്‍ ഇടയാക്കും. സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കപ്പെടുമെന്നും കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ പറയുന്നു.
ഇന്ന് സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് മാനദണ്ഡം പാലിച്ച് പ്രതിഷേധ യോഗം ചേരും. 21 ന് ജില്ലകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍, കേരള നഴ്‌സസ് യൂണിയന്‍, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."