ശബ്ദസന്ദേശം തന്റേതുതന്നെ, പിന്നില്‍ പൊലിസെന്ന് സ്വപ്ന
തിരുവനന്തപുരം: സ്വപ്നയുടെ ശബ്ദരേഖ സംബന്ധിച്ച അന്വേഷണത്തിന് തയാറാകാതെ സര്‍ക്കാരും പൊലിസും ഒളിച്ചുകളിക്കുമ്പോള്‍ ശബ്ദരേഖ ചമച്ചതും പ്രചരിപ്പിച്ചതും പൊലിസാണെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ പുതിയ വഴിത്തിരിവിലേക്ക്. സംസ്ഥാന പൊലിസിന് കീഴിലുള്ള സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ചിലെ ഒരു പൊലിസുകാരനും സ്വപ്നയ്ക്ക് കാവലായിരുന്ന വനിതാപൊലിസുകാരിയുമാണ് ശബ്ദരേഖയ്ക്ക് പിന്നിലെന്ന് സ്വപ്ന കസ്റ്റംസിന് നല്‍കിയ മൊഴിയാണ് വിവാദമാകുന്നത്. സര്‍ക്കാരിനെതിരായ ഗൂഢാലോചനയാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്ന് വരുത്തിതീര്‍ക്കുകയെന്ന ഉദ്ദേശ്യവും ലക്ഷ്യവുമായിരുന്നു ശബ്ദരേഖ ചമച്ച് പ്രചരിപ്പിച്ചതിലൂടെ ലക്ഷ്യമിട്ടതെന്നാണ് വ്യക്തമാകുന്നത്.
മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ സമ്മര്‍ദമെന്ന ശബ്ദസന്ദേശം തന്റേത് തന്നെയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരോട് സ്വപ്ന സമ്മതിച്ചിട്ടുണ്ട്. ഉന്നത നിര്‍ദേശപ്രകാരം സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനാണ് ഓപറേഷന് നേതൃത്വം നല്‍കിയതെന്നും സ്വപ്ന വെളിപ്പെടുത്തി. ഓഗസ്റ്റ് ആറിന് നടന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. കേന്ദ്ര ഏജന്‍സികളുടെ കസ്റ്റഡിയിലായിരിക്കുമ്പോഴും കേരള പൊലിസാണ് സ്വപ്നയ്ക്ക് കാവലുണ്ടായിരുന്നത്. കൊച്ചിയില്‍ ഇ.ഡി കസ്റ്റഡിയിലായിരിക്കെ ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് വനിതാ പൊലിസുകാരില്‍ ഒരാളാണ് സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ചശേഷം സ്വപ്നയ്ക്ക് ഫോണ്‍ കൈമാറിയത്. മറുവശത്ത് ആരാണെന്നറിയിച്ചിരുന്നില്ലെന്നും സ്വപ്ന പറഞ്ഞെന്നാണ് വിവരം. ഫോണില്‍ പറയേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി ധരിപ്പിച്ചിരുന്നു. സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനാണ് സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. ഇതിലൊരു ഭാഗമാണ് ചോര്‍ന്നതെന്നും സ്വപ്ന പറയുന്നു. നവംബര്‍ 18ന് ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് ശബ്ദരേഖ പുറത്തുവിട്ടത്. മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വാഗ്ദാനം നല്‍കിയതായും കൃത്യമായി വായിച്ചുനോക്കാന്‍ സാവകാശം നല്‍കാതെ മൊഴിപ്രസ്താവനയില്‍ ഒപ്പിട്ടുവാങ്ങിയതായും സ്വപ്ന പറയുന്നു. കസ്റ്റംസ് ചോദ്യം ചെയ്യലില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെയും വനിതാ പൊലിസുദ്യോഗസ്ഥയുടെയും പങ്ക് പുറത്തായതോടെ ഇവര്‍ക്കെതിരേ കസ്റ്റംസ് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."