തെരുവുവിളക്ക് സ്ഥാപിക്കല്‍; പഞ്ചായത്തുകള്‍ക്ക് ടെന്‍ഡര്‍ ക്ഷണിക്കാം
കൊണ്ടോട്ടി: തെരുവുവിളക്കുകളും അനുബന്ധ വൈദ്യുത ഉപകരണങ്ങളും വാങ്ങുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇനി നേരിട്ട് ടെന്‍ഡര്‍ ക്ഷണിക്കാമെന്ന് സര്‍ക്കാര്‍. നേരത്തേ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനാവശ്യമായ സാമഗ്രികള്‍ കെല്‍ട്രോണ്‍, ക്രൂസ് യുനൈറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്ന് വാങ്ങാന്‍ മാത്രമേ പഞ്ചായത്തുകള്‍ക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. ഇതാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവിലൂടെ ഇല്ലാതായിരിക്കുന്നത്.
ഇതോടെ പഞ്ചായത്തുകളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള കാലതാമസം ഇല്ലാതാകും.
സര്‍ക്കാര്‍ നിര്‍ദേശിച്ച സ്ഥാപനങ്ങളില്‍നിന്ന് തെരുവുവിളക്കുകള്‍ വാങ്ങുന്നത് പഞ്ചായത്തുകള്‍ക്ക് ഏറെ സാമ്പത്തികബാധ്യത ഉണ്ടാക്കിയിരുന്നു. മാത്രവുമല്ല, സമയത്തിന് ബള്‍ബുകളും അനുബന്ധ ഉപകരണങ്ങളും ഇവിടെനിന്ന് ലഭിച്ചിരുന്നുമില്ല.
ബള്‍ബ് ഉള്‍പ്പെടെയുള്ളവയ്ക്ക് ഉയര്‍ന്ന വിലയും നല്‍കേണ്ടതായി വന്നിരുന്നു. ഗുണമേന്മ കുറവായതിനാല്‍ പെട്ടെന്ന് കേടാവുന്നതും പതിവായിരുന്നു. ഇതോടെ മിക്ക പഞ്ചായത്തുകളിലും ഇതിനെച്ചൊല്ലി വാക്കേറ്റവും ആക്ഷേപങ്ങളും പതിവായിരുന്നു. തുടര്‍ന്നാണ് ഈ സ്ഥാപനങ്ങള്‍ക്കെതിരേ പഞ്ചായത്തുകളുടെ സംസ്ഥാനതല കോഓര്‍ഡിനേഷന്‍ കമ്മിറ്റി സര്‍ക്കാരിന് പരാതി നല്‍കിയത്. തുടര്‍ന്ന് സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ സ്ഥാപനങ്ങള്‍ വീഴ്ചവരുത്തിയതായി കണ്ടെത്തിയിരുന്നു. ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍ ബള്‍ബ് ഉള്‍പ്പെടെയുളള സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിലവാരമുള്ള ഉപകരണങ്ങള്‍ എത്തിക്കുന്നവര്‍ക്കു മാത്രമേ ടെന്‍ഡര്‍ നല്‍കാവൂവെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."