പ്രതികള്‍ ഉള്‍പ്പെട്ട പി.എസ്.സി റാങ്ക് പട്ടിക സംബന്ധിച്ച് സി.ബി.ഐ അന്വേഷിക്കണം - പി.ടി തോമസ്
കൊച്ചി: യൂനിവേഴ്‌സിറ്റി കോളജ് അക്രമ സംഭവത്തിലെ പ്രതികള്‍ ഉള്‍പ്പെട്ട പി.എസ്.സി റാങ്ക് പട്ടിക ക്രമക്കേട് നിറഞ്ഞതാണെന്നും പ്രതികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടത് സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നും പി.ടി തോമസ് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തില്‍ പി.എസ്.സി പരീക്ഷകളുടെ വിശ്വാസ്യതയെ സംബന്ധിച്ച് സംശയം ഉയരുന്നു. പി.എസ്.സി പരീക്ഷയില്‍ ക്രമക്കേടുകള്‍ നടക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പരീക്ഷകള്‍ നടത്തുമ്പോള്‍ സുതാര്യത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.
സി.ബി.ഐ കുഴപ്പം കണ്ടെത്തിയാല്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിയുടെ വീട്ടില്‍ നിന്ന് യൂനിവേഴ്‌സിറ്റി പരീക്ഷാ പേപ്പര്‍ കണ്ടെത്തിയത് ഞെട്ടിക്കുന്നതാണ്.
ഇതിനു പിന്നില്‍ അധ്യാപകരും ഉണ്ട്. ഇത് സംസ്ഥാനത്തെ പല സര്‍ക്കാര്‍ കോളജുകളിലും നടക്കുന്നുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കുന്ന രീതി എത്രനാളായി തുടങ്ങിയെന്നതും അന്വേഷിക്കണം. യൂനിവേഴ്‌സിറ്റി കോളജ് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ കോളജുകളില്‍ നടക്കുന്ന ഇത്തരം മാഫിയാ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."