ജി 7 ഉച്ചകോടിക്ക് ഇറ്റലിയില്‍ തുടക്കം
ടാഓര്‍മിന(സിസിലി): മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍നിന്ന് ലോകം മോചിതമാകും മുന്‍പേ ഇറ്റാലിയന്‍ ദ്വീപായ സിസിലിയില്‍ ജി 7 ഉച്ചകോടിക്ക് തുടക്കമായി. ഇന്നലെയും ഇന്നുമായാണ് ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക രാജ്യങ്ങളുടെ കൂടിച്ചേരലായ ജി 7ഉച്ചകോടി നടക്കുക. എല്ലാ വര്‍ഷവും അംഗരാജ്യങ്ങള്‍ യോഗം ചേര്‍ന്ന് സുരക്ഷ, വ്യാപാരം, ഊര്‍ജം, കാലാവസ്ഥ തുടങ്ങിയ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്താറുണ്ട്. അംഗരാജ്യങ്ങള്‍ തമ്മില്‍ കടുത്ത തോതിലുള്ള വാദഗതികള്‍ക്കാവും ജി 7 വേദിയാവുകയെന്നാണ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യൂറോപ്യന്‍ യൂനിയന്‍ നേതാക്കളും വ്യാഴാഴ്ച ജി 7ന്റെ മുന്നോടിയായി നടത്തിയ കൂടിക്കാഴ്ചയിലും ഈ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസം പുറത്തുവന്നിരുന്നു.
ജി 7 ഉച്ചകോടിയിലെ ഏറ്റവും പ്രയാസമേറിയ ഒന്നാണ് നടക്കാന്‍ പോകുന്നതെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ ചീഫ് ഡൊണാള്‍ഡ് ടസ്‌ക് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു.കെ, യു.എസ് എന്നീ ഏഴ് സമ്പന്ന രാജ്യങ്ങളാണ് ജി 7ലെ അംഗങ്ങള്‍. അതോടൊപ്പം യൂറോപ്യന്‍ യൂനിയന്റെ പ്രതിനിധിയും ചര്‍ച്ചയിലുണ്ടാവും. മെഡിറ്റേറേനിയന്‍ കടലിന് അഭിമുഖമായി കുന്നിന്‍മുകളില്‍ നിലകൊള്ളുന്ന ഹോട്ടലിലാണ് ഉച്ചകോടി.
ട്രംപിനൊപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യു.കെ പ്രധാനമന്ത്രി തെരേസാ മേ, ഇറ്റാലിയന്‍ പ്രധാനമന്ത്രി പോളോ ജെന്റിലോണി എന്നിവര്‍ക്കും ആദ്യ ഉച്ചകോടിയാണിത്. തീവ്രവാദത്തെയും ഭീകരവാദത്തെയും നേരിടാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജി 7തീരുമാനം കൈക്കൊണ്ടേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തര കൊറിയയില്‍ നിന്ന് മേഖല അഭിമുഖീകരിക്കുന്ന ഭീഷണിയെക്കുറിച്ച് ജപ്പാന്‍ പ്രധാനമന്ത്രിയുമായി അംഗ രാജ്യങ്ങള്‍ ഗൗരവമായ ചര്‍ച്ചകള്‍ നടത്തുമെന്നും കരുതുന്നുണ്ട് രാജ്യാന്തര വിദഗ്ധര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."