സംസ്ഥാനത്ത് ഭീതി വിതച്ച് ഡെങ്കിപ്പനി; ഈ വര്‍ഷം പനി ബാധിച്ചത് 3643 പേര്‍ക്ക്
കോഴിക്കോട്: ആരോഗ്യവകുപ്പിനേയും പൊതുജനങ്ങളേയും ഒരുപോലെ ഭീതിയിലാഴ്ത്തി സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. ഈ വര്‍ഷം ഇതുവരെ 3643 പേര്‍ക്ക് ഡെങ്കിപ്പനി ബാധ സ്ഥിരീകരിച്ചു. എട്ടു പേര്‍ മരണമടയുകയും ചെയ്തു.
ജൂണിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചത്. ജൂണില്‍ മാത്രം കേരളത്തില്‍ 1288 പേര്‍ക്ക് ഡെങ്കിപ്പനി പിടിപെട്ടു. ഈ മാസം ഇന്നലെ വരെ 742 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍. ഇവിടെ 625 പേര്‍ക്കാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്.
കൊല്ലം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. ഇതുവരെ 595 പേര്‍ക്കാണ് കൊല്ലത്ത് ഡെങ്കിപ്പനി ബാധിച്ചത്. രണ്ടു ജില്ലകളിലും മൂന്നു പേര്‍ ഡെങ്കിപ്പനി ബാധിച്ചു മരിക്കുകയും ചെയ്തു.
പത്തനംതിട്ടയും കോട്ടയവുമാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുതലുള്ള മറ്റുള്ള ജില്ലകള്‍. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കുറവ് ഡെങ്കി ബാധിതരുള്ളത്. 56 പേര്‍ക്കാണ് ഇവിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. പാലക്കാടും കോഴിക്കോടുമാണ് ഡെങ്കിപ്പനി ബാധ കുറവുള്ള മറ്റു ജില്ലകള്‍. ദിവസേന സംസ്ഥാനത്ത് ഏകദേശം 150തോളം പേര്‍ ഡെങ്കിപ്പനി ബാധിച്ച് ചികില്‍സ തേടുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
കഴിഞ്ഞവര്‍ഷം ആകെ 4114 ഡെങ്കിപ്പനി ബാധയാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വര്‍ഷം പകുതിയായപ്പോഴേക്കും ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 3500 കടന്നത് ആരോഗ്യവകുപ്പ് അധികൃതരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്ത് 29 പേരാണ് ഡെങ്കിപ്പനി ബാധിച്ചു മരിച്ചത്. 2014ല്‍ 13 പേരും 2013ല്‍ 28 പേരും ഡെങ്കിപ്പനി ബാധിച്ചു മരിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധ റിപ്പോര്‍ട്ട് ചെയ്തത് 2013 ലായിരുന്നു. 7938 പേര്‍ക്കാണ് ആ വര്‍ഷം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 2012ല്‍ 4056 പേരും 2011ല്‍ 1304 പേരും ഡെങ്കിപ്പനിക്കു ചികില്‍സ തേടി.
ഡെങ്കിപ്പനിക്കെതിരേ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരുന്നെങ്കിലും സംസ്ഥാനത്തുടനീളം ഡിഫ്തീരിയ, കോളറ തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ വ്യാപകമായതോടെ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."