ഫേസ്ബുക്കിന്റെ പ്രീണനത്തിന് പിന്നില്‍ എന്താണ്?
ഫേസ്ബുക്ക് ഇന്ത്യാ പോളിസി മേധാവി അങ്കിദാസ് രാജിവച്ചൊഴിഞ്ഞിട്ടും ഹിന്ദുത്വ പ്രീണനത്തില്‍ നിന്ന് ഫേസ്ബുക്ക് പിന്മാറിയിട്ടില്ലെന്നതിന്റെ തെളിവാണ് അമേരിക്കയിലെ വാള്‍ സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട രണ്ടാമത്തെ വാര്‍ത്ത. ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരേ സമൂഹമാധ്യമങ്ങളിലൂടെയുള്ള ബജ്‌റംഗ്ദളിന്റെ വിദ്വേഷ പ്രചാരണങ്ങള്‍ തടയാന്‍ ഫേസ്ബുക്ക് തയാറാവുന്നില്ലെന്നാണ് കഴിഞ്ഞദിവസം വാള്‍ സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ടത്. രാജ്യത്തെ തീവ്രഹിന്ദുത്വ ഗ്രൂപ്പാണ് ബജ്‌റംഗ്ദള്‍. ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുന്നതിലും മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ അകാരണമായി അക്രമിക്കുന്നതിലും മുന്‍പന്തിയിലാണ് ബജ്‌റംഗ്ദള്‍. ഗോ സംരക്ഷണത്തിന്റെ പേരില്‍ മുസ്‌ലിംകളെ കൊലപ്പെടുത്തുന്നതില്‍ ഏറെ ഉത്സുകരുമായിരുന്നു ഈ ഫാസിസ്റ്റ് സംഘടന. 2020 ജൂണില്‍ ഡല്‍ഹിയിലെ ക്രിസ്ത്യന്‍ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ബജ്‌റംഗ്ദള്‍ ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് അതിന്റെ വിഡിയോ അവര്‍ തുടര്‍ച്ചയായി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടും അതു തടയാന്‍ ഫേസ്ബുക്ക് നടപടി എടുത്തിരുന്നില്ല. 'ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന അപകടകാരിയായ സംഘടന' എന്നാണ് ബജ്‌റംഗ്ദളിനെ ഫേസ്ബുക്ക് തന്നെ വിശേഷിപ്പിച്ചത്. അതേ ഫേസ്ബുക്ക് തന്നെയാണ് ബജ്‌റംഗ്ദളിന്റെ അക്രമണോത്സുകമായ പോസ്റ്റുകള്‍ക്കു നേരെ കണ്ണടക്കുന്നതും. ഇതിനവര്‍ നിരത്തുന്ന ന്യായം, നടപടിയെടുത്താല്‍ ഇന്ത്യയിലെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും കമ്പനിയുടെ ഇന്ത്യയിലെ വ്യവസായ താല്‍പര്യങ്ങളും സാധ്യതകളും ജീവനക്കാരുടെ സുരക്ഷയും അപകടത്തിലാകുമെന്നുമാണ്. ഇതേ ന്യായം തന്നെയായിരുന്നു ഫേസ്ബുക്ക് ഇന്ത്യാ പോളിസി മേധാവിയായിരുന്ന അങ്കിദാസ് നിരത്തിയിരുന്നതും.
കഴിഞ്ഞ ഓഗസ്റ്റിലാണ് അങ്കിദാസിന്റെ ബി.ജെ.പി പ്രീണനത്തിന്റെ വാര്‍ത്ത വാള്‍ സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ടത്. 2014ലെ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ ഫേസ്ബുക്ക് അകമഴിഞ്ഞ് സഹായിക്കുകയായിരുന്നു. അങ്കിദാസ്, സ്റ്റാഫിന്റെ ഗ്രൂപ്പില്‍ ഈ വിവരം വ്യക്തമാക്കുകയും ചെയ്തു. 'നമ്മള്‍ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പ്രചാരണത്തിനു തിരികൊളുത്തി. പിന്നെ നടന്നത് ചരിത്രം' എന്നായിരുന്നു അവര്‍ ഗ്രൂപ്പിലിട്ട സന്ദേശം. വാള്‍ സ്ട്രീറ്റ് ജേണല്‍ വിഷയം പുറത്തുകൊണ്ടുവന്നതോടെ വലിയ വിമര്‍ശനങ്ങളാണ് ഇന്ത്യയിലുണ്ടായത്. ഫേസ്ബുക്ക് മുന്നോട്ടു വയ്ക്കുന്ന നിഷ്പക്ഷതക്ക് വിരുദ്ധമായി വന്ന ഈ ബി.ജെ.പി പ്രീണനത്തെ, നേരത്തെ തന്നെ ബി.ജെ.പി ചായ്‌വുള്ള അങ്കിദാസ് ന്യായീകരിച്ചിരുന്നതാണ്. ബി.ജെ.പിയെ പിണക്കിയാല്‍ ഇന്ത്യയിലെ തങ്ങളുടെ വ്യവസായ താല്‍പര്യങ്ങള്‍ക്ക് അതു ഹാനികരമാകുമെന്നായിരുന്നു വിമര്‍ശനങ്ങള്‍ക്കുള്ള അങ്കിദാസിന്റെ വിശദീകരണം. ഒടുവില്‍ ഇന്ത്യയിലെ പോളിസി മേധാവി സ്ഥാനത്തുനിന്ന് അങ്കിദാസിന് രാജിവയ്‌ക്കേണ്ടിവന്നു. എന്നാല്‍ അതുകൊണ്ടും തീര്‍ന്നില്ല ഫേസ്ബുക്കിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളെന്നാണ് ബജ്‌റംഗ്ദള്‍ പ്രീണനത്തിലൂടെ മനസിലാകുന്നത്.
ഭരണകൂടത്തെ മുഷിപ്പിച്ചാല്‍ ഇന്ത്യയിലെ ബിസിനസ് താല്‍പര്യങ്ങള്‍ അവതാളത്തിലാകുമെന്ന തീരുമാനത്തിന്റെ പുറത്ത് മാത്രമാണോ ഫേസ്ബുക്ക് ഈ നയം തുടരുന്നത്? ഫേസ്ബുക്കിന്റെ നിഷ്പക്ഷതാമുഖം രക്ഷിക്കാനുള്ള അടവ് മാത്രമായിരുന്നുവോ അങ്ക ദാസിന്റെ രാജി? ഈയിടെ പുറത്തുവന്ന വ്യാജവാര്‍ത്താ ശൃംഖലയുടേത് പോലുള്ള എന്തെങ്കിലും പരോക്ഷ ബന്ധം ഭരണകൂടവുമായി ഫേസ്ബുക്ക് പുലര്‍ത്തുന്നുണ്ടായിരിക്കുമോ?
2004ല്‍ ആരംഭിച്ച സമൂഹമാധ്യമമായ ഫേസ്ബുക്ക് അതിന്റെ നിഷ്പക്ഷ നിലപാട് കൊണ്ടായിരുന്നു ഈ കാലമത്രയും ജനപ്രീതിയാര്‍ജിച്ച് നിലനിന്നത്. 2015 ഓഗസ്റ്റ് വരെ 118 കോടി ഉപയോക്താക്കളായിരുന്നു ഫേസ്ബുക്കിന് ഉണ്ടായിരുന്നത്. 2020 ആയപ്പോഴേക്കും സ്ഥാപനം വളര്‍ച്ചയുടെ പടവുകള്‍ ഏറെ താണ്ടി. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളായിരുന്ന മാര്‍ക്ക് സക്കര്‍ബര്‍ഗും ദസ്ടിന്‍ മോസ്‌കൊവിറ്റ്‌സും ക്രിസ് ഹ്യുസും ചേര്‍ന്നാണ് അമേരിക്കയില്‍ സ്ഥാപനം തുടങ്ങിയത്. പക്ഷേ, ഉപയോക്താക്കളില്‍ 70 ശതമാനവും അമേരിക്കക്ക് പുറത്തുള്ളവരായിരുന്നു. 2014 വരെ ഇന്ത്യയില്‍ നിലനിര്‍ത്തിപ്പോന്ന നിഷ്പക്ഷത തന്നെയായിരിക്കാം ഇവിടെ ഫേസ്ബുക്കിനുണ്ടായ സ്വീകാര്യതയുടെ അടിസ്ഥാനം. ഈ സ്വീകാര്യത മുതലാക്കി ഇന്ത്യയില്‍ ഹിന്ദുത്വഭരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ബി.ജെ.പിക്കും അനുബന്ധ ഹിന്ദുത്വ വര്‍ഗീയ തീവ്രവാദ സംഘടനകള്‍ക്കും അനുകൂലമായ നിലപാടുകള്‍ അടുത്തകാലത്ത് സ്വീകരിക്കാന്‍ തുടങ്ങിയത് ഇന്ത്യയിലെ ബിസിനസ് താല്‍പര്യങ്ങള്‍ മാത്രം ലക്ഷ്യം വച്ചുകൊണ്ടായിരുന്നുവെന്ന് തോന്നുന്നില്ല. ആയിരുന്നുവെങ്കില്‍ മോദിക്ക് അനുകൂലമായ പോസ്റ്റുകള്‍ നിരന്തരം ഒഴുക്കിയതിന്റെ പേരില്‍ അങ്കിദാസ് രാജിവച്ചൊഴിഞ്ഞതിനു പിന്നാലെ ഹിന്ദുത്വ പ്രീണനത്തില്‍ മാറ്റം വരുത്തുമായിരുന്നില്ലേ. അതിനു മാത്രമുള്ള വിമര്‍ശനങ്ങള്‍ ഫേസ്ബുക്ക് കേട്ടതാണല്ലോ. എന്നാല്‍ ശേഷവും വര്‍ഗീയ തീവ്രവാദ സംഘടനയായ ബജ്‌റംഗ്ദളിനെ പ്രീണിപ്പിക്കുന്ന നിലപാടാണ് ഫേസ്ബുക്ക് തുടര്‍ന്നത്.
ഇതിനോട് ചേര്‍ത്തുവായിക്കേണ്ട സംഭവമാണ് ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വ്യാജവാര്‍ത്താ ശൃംഖലയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. യൂറോപ്യന്‍ യൂനിയനിലെ സന്നദ്ധ സംഘടനയായ ഡിസിന്‍ഫോലാബ് ദിവസങ്ങള്‍ക്കു മുന്‍പാണ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. വാര്‍ത്താ ശൃംഖലയുമായി കേന്ദ്ര ഭരണകൂടത്തിനു പ്രത്യക്ഷ അടുപ്പമുള്ളതായ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. പരോക്ഷമായി ഗുണഭോക്താക്കള്‍ ഭരണകൂടം തന്നെയായിരുന്നു. നിര്‍ജീവമായ കുറേ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരുപയോഗിച്ചാണ് ഭരണകൂടത്തിനു അനുകൂലമായ വ്യാജവാര്‍ത്തകള്‍ ഈ ശൃംഖല അന്താരാഷ്ട്ര തലത്തില്‍ ഉല്‍പാദിപ്പിച്ചു കൊണ്ടിരുന്നത്. കള്ള വാര്‍ത്തകള്‍ ലോകം മുഴുവന്‍ വ്യാപിപ്പിക്കാന്‍ 750 വ്യാജ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി. ഇതിന്റെ ചുക്കാന്‍ പിടിക്കുന്നത് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീവാസ്തവ ഗ്രൂപ്പാണ്. ഇവര്‍ 65 രാജ്യങ്ങളിലായി 265 വ്യാജ വെബ്‌സൈറ്റുകള്‍ വഴി മോദി ഭരണകൂടത്തിന് അനുകൂലമായ കള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നായിരുന്നു ഡിസിന്‍ഫോലാബ് പുറത്തുവിട്ട വിവരം. രാജ്യത്ത് ഉയരുന്ന പല പ്രശ്‌നങ്ങളിലും മോദി സര്‍ക്കാരിന്റെ നിലപാടുകളെ പുകഴ്ത്തുന്ന ജോലിയാണ് ഇവര്‍ നിര്‍വഹിച്ചുകൊണ്ടിരുന്നത്.
കശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെയും അവിടെ വാര്‍ത്താവിനിമയ നിരോധനം ഏര്‍പ്പെടുത്തിയതിനെയും അന്താരാഷ്ട്ര തലത്തില്‍ ന്യായീകരിക്കപ്പെടും വിധമുള്ള വ്യാജവാര്‍ത്തകളാണ് ശ്രീവാസ്തവ ഗ്രൂപ്പ് പടച്ചുവിട്ടത്. യൂറോപ്യന്‍ യൂനിയനിലെ വലതുപക്ഷ എം.പിമാരെ കശ്മിരിലേക്ക് കൊണ്ടുവന്നതും അവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച തരപ്പെടുത്തി കൊടുത്തതും ശ്രീവാസ്തവ ഗ്രൂപ്പായിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഫേസ്ബുക്ക് പുലര്‍ത്തിപ്പോരുന്ന ഭരണകൂട ചായ്‌വിനെക്കുറിച്ചും ഹിന്ദുത്വ പ്രീണന നയം തുടരുന്നതിനെക്കുറിച്ചും ഇതിനുപിന്നില്‍ കേവലം ബിസിനസ് താല്‍പര്യം മാത്രമാണോ എന്നതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം അനിവാര്യമായിത്തീരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."