കാസര്‍കോട്ടെ സ്വര്‍ണവേട്ട മുഖ്യ സൂത്രധാരനെ തേടി അന്വേഷണ സംഘം മുംബൈയിലേക്ക്
കാസര്‍കോട്: 1.2 കോടിയുടെ കുഴല്‍പ്പണവുമായി മൂന്നംഗ സംഘം പിടിയിലായ സംഭവത്തിനു പിന്നാലെ പണം കൊടുത്തയച്ചതാരെന്ന് കണ്ടെത്താന്‍ കസ്റ്റംസ് അന്വേഷണം ഊര്‍ജിതമാക്കി. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി രാമചന്ദ്ര പാട്ടീല്‍ (28), തളങ്കര സ്വദേശി ബഷീര്‍ (60), പാട്ടീലിന്റെ സ്വര്‍ണക്കടയിലെ ജീവനക്കാരന്‍ എന്നിവരെയാണ് കസ്റ്റംസ് കഴിഞ്ഞ ദിവസം പിടികൂടിയത്.
കണ്ണൂര്‍ ഡിവിഷന്‍ കസ്റ്റംസ് അസി. കമ്മിഷണര്‍ ഒ. പ്രദീപിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് കുഴല്‍പ്പണവും സ്വര്‍ണവും പിടികൂടിയത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കസ്റ്റംസ് സംഘം നാലുദിവസത്തെ നിരീഷണത്തിനൊടുവിലാണ് ഇവ പിടികൂടിയത്. കാറിന്റെ പിന്‍സീറ്റിനടിയില്‍ പ്രത്യേക അറ നിര്‍മിച്ച് അതില്‍ ഒളിപ്പിച്ചുവച്ചാണ് കറന്‍സി നോട്ടുകള്‍ കടത്തിയത്. മഹാരാഷ്ട്ര സ്വദേശിയായ രവിയാണ് മംഗളൂരുവില്‍നിന്ന് കുഴല്‍പ്പണം കൊടുത്തുവിട്ടതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായിട്ടുണ്ട്. ഇയാളെ പിടികൂടുന്നതിനാണ് അന്വേഷണം വ്യാപിപ്പിച്ചത്.
ഇയാള്‍ മുംബൈയിലേക്ക് കടന്നതായാണ് സൂചന. മുംബൈ പൊലിസ്, കസ്റ്റംസ് എന്നിവര്‍ക്ക് ഇതു സംബന്ധിച്ച് വിവരം നല്‍കിയിട്ടുണ്ട്. പണവുമായി കാര്‍ ഓടിച്ചിരുന്നത് ബഷീറാണ്. എന്നാല്‍ കാറിനകത്ത് പണം എവിടെയാണെന്നുള്ള വിവരം ബഷീറിന് അറിയില്ലായിരുന്നു. പണം കാസര്‍കോട് ഫോര്‍ട്ട് റോഡില്‍ സ്വര്‍ണക്കട നടത്തുന്ന രാമചന്ദ്രപാട്ടീലിന് എത്തിക്കാനുള്ള നിര്‍ദേശം മാത്രമാണ് ബഷീറിന് ലഭിച്ചിരുന്നതെന്ന് പറയുന്നു. കാര്‍ പിടികൂടിയ ഉടനെ തന്നെ രാമചന്ദ്ര പാട്ടീലിന്റെ സ്വര്‍ണക്കടയില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയതോടെ 1.5 കിലോഗ്രാം വരുന്ന സ്വര്‍ണ ബിസ്‌ക്കറ്റുകളും ബട്ടണിന്റെ രൂപത്തിലുള്ള സ്വര്‍ണവും കണ്ടെടുക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണത്തിനു രേഖകളൊന്നുമുണ്ടായിരുന്നില്ല.
കുഴല്‍പ്പണ ഇടപാടുണ്ടെന്ന് ആരും മനസിലാക്കാതിരിക്കാന്‍ തന്ത്രപൂര്‍വമായിരുന്നു രാമചന്ദ്രപാട്ടീലിന്റെ പ്രവര്‍ത്തനം. സാമ്പത്തിക ശേഷിയില്ലെന്ന് വരുത്തിതീര്‍ക്കാന്‍ പഴകിയ വീടുപോലെയായിരുന്നു പാട്ടീലിന്റെ കട പ്രവര്‍ത്തിച്ചു വരുന്നത്. സ്വര്‍ണം ഉരുക്കാനുള്ള ആസിഡും മറ്റ് രാസവസ്തുക്കളും പാട്ടീലിന്റെ കടമുറിയിലുണ്ടായിരുന്നു. ഇതിനു പുറമെ ചെറിയതോതില്‍ സ്വര്‍ണാഭരണ വില്‍പ്പനയും ഇയാള്‍ നടത്തി വന്നിരുന്നു. മുംബൈയില്‍നിന്ന് മംഗളൂരുവിലെത്തിച്ച കുഴല്‍പ്പണമാണ് പിന്നീട് കാസര്‍കോട്ടേക്ക് കൊണ്ടുവന്നത്.
പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ ജീന്‍സ് ബട്ടണിന്റെ രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്തുന്നത്. ഉരുക്കിയാല്‍ മാത്രമേ ഇത് സ്വര്‍ണമാണെന്ന് തിരിച്ചറിയുകയുള്ളൂ. സ്വര്‍ണവും പണവും കടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് വാടകയിനത്തില്‍ തന്നെ 15,000 രൂപ വരെ ലഭിക്കുന്നതായാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."