അഴിമതി തടയാന്‍ വകുപ്പില്‍ വിജിലന്‍സ് നിരീക്ഷണം: മന്ത്രി ജി. സുധാകരന്‍
പാലക്കാട്: പൊതുമരാമത്ത് വകുപ്പിനെ അഴിമതി രഹിതമാക്കാന്‍ വിജിലന്‍സ് നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ആലത്തൂര്‍ വണ്ടാഴി ഗ്രാമപഞ്ചായത്തിലെ മുടപ്പല്ലൂര്‍ - മംഗലം ഡാം റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സി.വി.എം സ്‌കൂളിന് സമീപം നടന്ന പരിപാടിയില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനായി. വകുപ്പുമായി ബന്ധപ്പെടുന്ന ഒരോ പരാതിയും ഉടന്‍ തീര്‍പ്പാക്കും. 2017 ഡിസംബറിനുളളില്‍ 1,11,570 കോടിയുടെ 3000ത്തോളം പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കും. ജൂലായക്കുള്ളില്‍ സംസ്ഥാനത്തെ 9000 ത്തോളം റോഡിലെ കുഴികള്‍ അടച്ചു തീര്‍ക്കും. ഇതിനായി 15 ലക്ഷം രൂപ മുന്‍കൂറായി എന്‍ജിനീയര്‍മാര്‍ക്ക് നല്‍കുമെന്നും കേരളത്തിലെ വീതി കൂടിയ റോഡുകളില്‍ ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുളള പണികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
3.87 കോടി ചെലവില്‍ ബി.എം ആന്‍ഡ് ബി.സി രീതിയില്‍ പൂര്‍ത്തിയാക്കിയ മുടപ്പല്ലൂര്‍ - മംഗലം ഡാം റോഡ് വടക്കഞ്ചേരി -പൊള്ളാച്ചി സംസ്ഥാന പാതയില്‍ തുടങ്ങി ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മംഗലം ഡാമിലാണ് അവസാനിക്കുന്നത്. കുണ്ടുക്കാട് -ചിറ്റടി റോഡ്, കണിമംഗലം -ചെറുകുന്നം-മംഗലം ഡാം റോഡ് എന്നീ പ്രധാന ജില്ലാ പാതകളായി ഈ റോഡ് ബന്ധപ്പെട്ടു കിടക്കുന്നു. സെന്റര്‍ ലൈന്‍ പെയ്ന്റിങ്, ദിശാ ബോര്‍ഡുകള്‍, സൈന്‍ ബോര്‍ഡുകള്‍, മണ്ണിട്ട് നികത്തല്‍ തുങ്ങിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് കെ.കെ മണികണ്ഠന്‍, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ .ഗീത, ജില്ലാ പഞ്ചായത്ത് അംഗം യു. അസീസ്, ചീഫ് എന്‍ജിനീയര്‍ പി.കെ സതീശന്‍, ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. പി.ഡബ്ല്യു.ഡി റോഡുകളും പാലങ്ങളും വിഭാഗം ഉത്തരമേഖല സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി. വിനീതന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."