ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ക്കെതിരേ എം.എസ്.എഫ് പ്രതിഷേധം
ചെറുതുരുത്തി: സ്വാശ്രയ വിഷയത്തില്‍ മാനേജ്മെന്റിന്റെ ദല്ലാളുമാരായി പ്രവര്‍ത്തിച്ച് കേരളത്തിലെ വിദ്യാര്‍ഥികളെ ഒറ്റികൊടുത്ത ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ രാജിവെക്കണമെന്ന് എം.എസ്.എഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഫ്സല് യൂസഫ് ആവശ്യപ്പെട്ടു.
ആരോഗ്യമന്ത്രി മുഖ്യാതിഥിയായി പങ്കെടുത്ത നാഷ്ണല്‍ ആയുര്‍വ്വേദ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പഞ്ചകര്‍മ്മയുടെ ഉദ്ഘാടന വേദിയിലേക്ക് എം.എസ്.എഫ് ചേലക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടും വിധം നിലവിലുണ്ടായിരുന്ന മെറിറ്റ് ഫീസ് അട്ടിമറിച്ച് പതിനാലു ലക്ഷത്തോളം രൂപയാക്കി ഫീസ് ഉയര്‍ത്തിയത് നിര്‍ധന വിദ്യാര്‍ഥികളോടുള്ള വെല്ലുവിളിയാണ്.
വിദ്യാഭ്യാസ വായ്പയെടുത്തും മറ്റും മെഡിക്കല്‍ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കാത്തിരുന്ന വിദ്യാര്‍ഥികളെ വഴിയാധാരമാക്കുന്നതാണ് സര്‍ക്കാര്‍ നടപടിയെന്നും അഫ്സല് കൂട്ടിച്ചേര്‍ത്തു. ചെറുതുരുത്തി ചുങ്കം സെന്ററില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് കൊച്ചി പാലത്തിന് സമീപം പൊലിസ് തടഞ്ഞു.
പ്രതിഷേധ യോഗത്തില്‍ എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് റംഷാദ് പള്ളം അധ്യക്ഷനായി. സ്വാലിഹ് മുള്ളൂര്‍ക്കര, വി.എം ജാഫര്‍, എ.എം അബ്ദുള്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു. കെ.എം അബ്ദുള്‍ ഗഫൂര്‍ സ്വാഗതവും, കെ.വൈ അഫ്സല് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."