അപ്രത്യക്ഷമായ അരി ആറു ദിവസത്തിനു ശേഷം മീനങ്ങാടിയിലെത്തി
പയ്യോളി: ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ തിക്കോടി ഡിപ്പോയില്‍നിന്ന് മീനങ്ങാടി ഗോഡൗണിലേക്ക് കൊണ്ടുപോകുന്നതിനിടെ അപ്രത്യക്ഷമായ അരി ആറുദിവസത്തിനു ശേഷം ദുരൂഹസാഹചര്യത്തില്‍ മീനങ്ങാടിയിലെത്തി. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് ഡിപ്പോയില്‍ അരി ഇറക്കിയത്.
മെയ് 20നാണ് തിക്കോടി ഡിപ്പോയില്‍നിന്ന് 18 ലോഡ് അരി മീനങ്ങാടിയിലേക്ക് അയച്ചത്. ഇതില്‍ ഒരു ലോഡ് അരി മീനങ്ങാടിയിലെത്താതെ അപ്രത്യക്ഷമാവുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തിക്കോടി ഡിപ്പോയിലെ മാനേജര്‍ അന്‍സമ്മാ മണി അടക്കം നാലു പേരെ എഫ്.സി.ഐ ജനറല്‍ മാനേജര്‍ കെ.സി സാഹു സസ്പെന്‍ഡ് ചെയ്തിരുന്നു.
വിജിലന്‍സിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിലാണ് അരി മീനങ്ങാടിയിലെത്തിയത്. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഒത്താശയോടുകൂടിയാണ് ആറു ദിവസം അപ്രത്യക്ഷമായ അരി ഒടുവില്‍ മീനങ്ങാടിയിലെത്തിയതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ തിരുവനന്തപുരം വിജിലന്‍സ് സെല്ലില്‍ നല്കിയ പരാതി പിന്‍വലിക്കാനുള്ള സമ്മര്‍ദങ്ങള്‍ ആരംഭിച്ചതായി തിക്കോടിയിലെ ലോറി ഡ്രൈവര്‍ വ്യക്തമാക്കി. കേസന്വേഷണം നടക്കുന്നതിനിടയിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.
ഇന്നലെ തിക്കോടി ഡിപ്പോയില്‍നിന്ന് അഞ്ചു വീതം ലോഡ് വടകരയിലേക്കും കൊയിലാണ്ടിയിലേക്കും അയച്ചു.
അന്വേഷണം ശക്തമായി നടക്കുമെന്നും നിലവിലെ കോണ്‍ട്രാക്ടറെ താല്‍ക്കാലികമായി മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും എല്ലാ ദുരൂഹതകളും പുറത്തുകൊണ്ടുവരുമെന്നും ഏരിയാ മാനേജര്‍ ജയപ്രകാശ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."