ശിവദാസിനിത് ചരിത്രനിയോഗം
#വി.എം ഷണ്‍മുഖദാസ്
പാലക്കാട്: പാലക്കാട് ടിപ്പു സുല്‍ത്താന്‍ കോട്ടയില്‍ രണ്ടു നൂറ്റാണ്ടായി പ്രവര്‍ത്തിച്ചു വരുന്ന സ്‌പെഷല്‍ സബ് ജയില്‍ മലമ്പുഴയിലേക്കു മാറ്റിയതോടെ ഇവിടത്തെ അവസാന സൂപ്രണ്ടായി എസ്. ശിവദാസ് ചരിത്രത്തിലിടം നേടി. കര്‍ഷകത്തൊഴിലാളി കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ശിവദാസ് 1989ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വാര്‍ഡന്‍ ആയി സര്‍വിസില്‍ കയറി. ഒറ്റപ്പാലം,ആലത്തൂര്‍, ചിറ്റൂര്‍, പാലക്കാട്, വിയ്യൂര്‍, കണ്ണൂര്‍ എന്നീ ജയിലുകളില്‍ ജോലിചെയ്ത ശേഷമാണ് പാലക്കാട് തിരിച്ചെത്തിയത്.
30 വര്‍ഷത്തെ ജയില്‍വകുപ്പിലെ സേവനം കഴിഞ്ഞു. ഇനി മൂന്നര വര്‍ഷം കൂടി റിട്ടയര്‍മെന്റിനുണ്ട്. ഇതിനിടയിലാണ് ചരിത്രത്തില്‍ ഇടം നേടുന്ന ജയില്‍മാറ്റം വന്നത്.
പരിമിതമായ സൗകര്യങ്ങളുള്ള ഇവിടെ തടവുകാരുടെയും ജയില്‍ ജീവനക്കാരുടെയും പരാതികള്‍ക്ക് പരമാവധി പരിഹാരം കാണാന്‍ കഷ്ടപ്പെടുകയായിരുന്നു. നിലവില്‍ 24 പേരെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സബ്ജയിലില്‍ 180 തടവുകാരെ പരിപാലിക്കാനാണ് ശിവദാസ് നിയോഗിക്കപ്പെട്ടത്.
1967-68 കളില്‍ കിണാശ്ശേരി പരപ്പനയില്‍ കൂലി കൂട്ടാനായി കര്‍ഷക തൊഴിലാളികള്‍ നടത്തിയ മാസങ്ങള്‍ നീണ്ട സമരത്തില്‍ അച്ഛന്‍ സ്വാമിനാഥനേയും അമ്മ കുഞ്ചമ്മയേയും പൊലിസ് അറസ്റ്റ് ചെയ്ത് അടച്ചതും ഇതേ ജയിലാണ്. സ്ത്രീകളെ കൂട്ടിയാല്‍ പൊലിസ് നടപടി ഉണ്ടാകില്ലെന്ന വിശ്വാസത്തില്‍ ഇദ്ദേഹത്തിന്റെ അച്ഛന്‍ സ്വാമിനാഥന്‍ അമ്മ കുഞ്ചമ്മയേയും കൂട്ടിയാണ് സമരത്തിനു പോയത്. എന്നാല്‍ സമരത്തില്‍ പങ്കെടുത്തവരെ സ്ത്രീപുരുഷവ്യത്യാസമില്ലാതെ 10 ദിവസം ഇവിടെ ജയിലില്‍ അടച്ചു- ശിവദാസ് ഓര്‍ത്തെടുക്കുന്നു.
ഹൈദരാലി സ്ഥാപിച്ച പാലക്കാട് കോട്ടയില്‍ എന്നു മുതല്‍ ജയിലുണ്ടെന്നത് സംബന്ധിച്ചു കൃത്യമായ രേഖകള്‍ ഇല്ല. പിന്നീട് കോട്ടയുടെ ഭരണം ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത കാലത്ത് തടവുപുള്ളികള്‍ വസൂരിയും പ്ലേഗും കോളറയും ബാധിച്ച് മരണപ്പെട്ടതിനാല്‍ ഈ ജയില്‍ തന്നെ ഉപേക്ഷിച്ചതായി രേഖകളുണ്ട്. കേരളപ്പിറവിക്കു ശേഷം പാലക്കാട് സ്‌പെഷല്‍ സബ് ജയിലാക്കി ഇതു മാറ്റി.
സാമൂഹിക മാറ്റങ്ങള്‍ക്ക് പോരാടിയവര്‍ തടവിലായ ചരിത്രമുള്ള കോട്ട ജയിലിന്റെ ചരിത്രത്തില്‍ ഇടംനേടാനായത് അനുഗ്രഹമാണെന്നു ശിവദാസ് പറഞ്ഞു. സ്വാതന്ത്രസമര നേതാക്കളും നക്‌സലൈറ്റ് നേതാക്കളും പ്രമുഖ രാഷ്ട്രീയ നേതാക്കളുമെല്ലാം ഇവിടെ തടവില്‍ കഴിഞ്ഞിട്ടുണ്ട്.
ടിപ്പു കോട്ടയിലെ ജയില്‍ മലമ്പുഴയിലേക്കു മാറ്റിയതോടെ ഇവിടം പഴയതുപോലെ സംരക്ഷിച്ചു ചരിത്രസ്മാരകമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പുരാവസ്തുവകുപ്പ്. ഇതിനായി രണ്ടു കോടി രൂപയുടെ അനുമതി ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."