മൊഞ്ച് കൂട്ടി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഖോര്‍ഫൊക്കാന്‍ ബീച്ച്
ഷാര്‍ജ: നഗരതിരക്കില്‍ നിന്ന് മാറി യു.എ.ഇയുടെ പ്രകൃതിഭംഗി ആസ്വദിക്കാനിറങ്ങുന്ന സഞ്ചാരികള്‍ക്കു വിരുന്നൊരുക്കാന്‍ ഖോര്‍ഫൊക്കാന്‍ ബീച്ചൊരുങ്ങുന്നു. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരം വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളുമടങ്ങുന്ന വിപുലമായ വികസന പദ്ധതി ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ശുറൂഖ്) പ്രഖ്യാപിച്ചു.
ഖോര്‍ഫൊക്കാന്‍ മുനിസിപ്പാലിറ്റി, ഷാര്‍ജ പൊതുനിര്‍മാണ ഡയറക്ടറേറ് എന്നിവരുമായി ചേര്‍ന്ന് രണ്ടു ഘട്ടമായിട്ടാണ് ബീച്ച് വികസന പദ്ധതി നടപ്പാക്കുക. ബീച്ചിന്റെ തെക്ക് ഭാഗത്ത് തുറമുഖം തൊട്ടു റൗണ്ട് എബൌട്ട് വരെയുള്ള ആദ്യ ഘട്ടത്തില്‍ ആംഫി തീയറ്റര്‍, നടപ്പാതകള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം എന്നീ സൗകര്യങ്ങളുണ്ടാവും. കുടുംബ സമേതം കാഴ്ചകള്‍ ആസ്വദിചിച്ചിരിക്കാനുള്ള പ്രേത്യേക പിക്‌നിക് സ്‌പോട്ടുകള്‍, റെസ്റ്ററന്റുകള്‍, കഫെ, ഇസ്ലാമിക് വാസ്തുശൈലിയിലുള്ള പൂന്തോട്ടം, കടലില്‍ കുളിക്കുന്നവര്‍ക്കുള്ള വാഷ് റൂം സൗകര്യങ്ങള്‍ എന്നിവയും ആദ്യഘട്ടത്തില്‍ സജ്ജീകരിക്കും.
''യു.എ.ഇയുടെ കിഴക്കന്‍ മേഖലയിലെ ഏറ്റവും മനോഹരമായ ഇടങ്ങളില്‍ ഒന്നാണ് ഖോര്‍ഫൊക്കാന്‍. കൂടുതല്‍ സൗകര്യമൊരുക്കുന്നതോടെ ലോകമെമ്പാടുമുള്ള സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാനാവും. ഖോര്‍ഫൊക്കാന്റെ തനിമ സംരക്ഷിച്ചുകൊണ്ടു തന്നെ ഏറ്റവും മികച്ച നിലവാരത്തിലുള്ള വിനോദആഥിത്യ സംവിധാനങ്ങള്‍ പദ്ധതിയുടെ ഭാഗമായി ബീച്ചിലൊരുക്കും. ഇതു വഴി കിഴക്കന്‍ മേഖലയുടെ ഒന്നടങ്കമുള്ള വികസനത്തിനും വേഗം കൂടും എന്നാണ് പ്രതീക്ഷ. ലോകത്തെ മുന്‍നിര ബ്രാന്‍ഡുകളുമായി ചേര്‍ന്ന് ശുറൂഖ് നടപ്പാക്കുന്ന വികസന പദ്ധതികളുടെ പട്ടികയിലേക്ക് ഖോര്‍ഫൊക്കാന്‍ ബീച്ച് വികസന പദ്ധതി കൂടി ചേര്‍ക്കുന്നതില്‍ ഏറെ അഭിമാനമുണ്ട്'' ശുറൂഖ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മര്‍വാന്‍ ജാസിം അല്‍ സര്‍ക്കാല്‍ പറഞ്ഞു.
മലയാളികളെ സംബന്ധിച്ചിടത്തോളം യു.എ.ഇയിലെ ഏറെ ഗൃഹാതുരമായ ഇടമാണ് ഖോര്‍ഫൊക്കാന്‍. പ്രവാസത്തിന്റെ ആദ്യ കാലത്തെ അടയാളപ്പെടുത്തിയ ലോഞ്ചുകള്‍ വന്നിരുന്നത് ഖോര്‍ഫൊക്കാന്‍ തീരത്തായിരുന്നു. പ്രവാസത്തിന്റെ കഥ പറഞ്ഞ എംടി വാസുദേവന്‍ നായരുടെ 'വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍', സലിം അഹമ്മദിന്റെ 'പത്തേമാരി' തുടങ്ങിയ ചിത്രങ്ങള്‍ ഈ തീരത്ത് ചിത്രീകരിച്ചിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രമായി വളരുമ്പോള്‍ മലയാളിയുടെ പ്രവാസ ജീവിതത്തിന്റെ ചരിത്രശേഷിപ്പുകളും അടയാളപ്പെടുത്തപ്പെടുമെന്നു പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."