മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് വികസനം: ഫണ്ട് അനുവദിച്ചു: റോഡ് ഉപരോധം മാറ്റിവച്ചു
കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് 50 കോടി രൂപയുടെ ഫണ്ട് അനുവദിച്ചതിനാല്‍ ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് എം.ജി.എസിന്റെ നേതൃത്വത്തില്‍ ഇന്ന് നടത്താനിരുന്ന റോഡ് ഉപരോധം മാറ്റിവച്ചു. സ്ഥലം എം.എല്‍.എ എ. പ്രദീപ്കുമാര്‍ ഇന്നലെ ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി യോഗത്തില്‍ നേരിട്ടെത്തിയാണ് തീരുമാനമറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എം.ജി.എസിന്റെ നേതൃത്വത്തിലുള്ള നാലാംഘട്ട സമരപരിപാടികള്‍ മാറ്റിവച്ചത്. നവംബര്‍ മാസത്തിനു മുന്‍പ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള മുഴുവന്‍ സംഖ്യയും അനുവദിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.എല്‍.എ വ്യക്തമാക്കി. യോഗത്തില്‍ ഡോ. എം.ജി.എസ് നാരായണന്‍ അധ്യക്ഷനായി. വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. മാത്യു കട്ടിക്കാന, ജന. സെക്രട്ടറി എം.പി വാസുദേവന്‍, സമരസഹായ സമിതി പ്രസിഡന്റ് തായാട്ട് ബാലന്‍, അഡ്വ. സി.ജെ റോബിന്‍, കെ.വി സുനില്‍ കുമാര്‍, കെ.പി വിജയകുമാര്‍, പ്രദീപ് മാമ്പറ്റ, പി.എം.എ നാസര്‍, എ.കെ ശ്രീജന്‍, പി.സദാനന്ദന്‍ സംസാരിച്ചു. അതേസമയം ഇന്ന് നടത്താനിരുന്ന ഉപരോധ സമരത്തില്‍ നിന്ന് എം.പിയും എം.എല്‍.എയും പിന്‍മാറണമെന്നാവാശ്യപ്പെട്ട് റോഡ് വികസന പീഡിത കൂട്ടായ്മ രംഗത്തെത്തി. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ ഹരീഷ് പതിയേരി, സെക്രട്ടറി പ്രവീണ്‍ ജറാള്‍ഡ്, പ്രസാദ്, സഹദേവന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."