ശബരിമല പ്രവേശനം പൂര്‍ണമായും ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ
തിരുവനന്തപുരം: ശബരിമലയില്‍ നവംബര്‍ 17ന് ആരംഭിക്കുന്ന മണ്ഡല മകരവിളക്ക് സീസണില്‍ പ്രവേശനം പൂര്‍ണമായും ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെയാക്കും. ഇതിനായി പ്രത്യേക വെബ്‌സൈറ്റ് തുടങ്ങും. ഇതിലൂടെ ദര്‍ശന തിയതി മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കു മാത്രമേ പ്രവേശനമുണ്ടാകൂ.
സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വിവിധ പ്രായത്തിലുള്ള സ്ത്രീകള്‍കൂടി എത്തുമ്പോഴുള്ള തിരക്കു നിയന്ത്രിക്കുന്നതിനായാണ് ശബരിമല പ്രവേശനം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കുന്നത്. ഒരു ദിവസം ഒരു ലക്ഷം പേര്‍ക്ക് മാത്രമേ അനുമതി നല്‍കുകയുള്ളൂ. ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന രസീത് ഉപയോഗിച്ച് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസിലും യാത്ര ചെയ്യാം. പ്രവേശന പാസ് സൗജന്യമാണങ്കിലും ബസിന്റെ ടിക്കറ്റ് നിരക്ക് നല്‍കണം. തുടക്കത്തില്‍ ഒട്ടേറെപേര്‍ ബുക്ക് ചെയ്യാതെ വരുമെന്നതിനാല്‍ നിലയ്ക്കലില്‍ നിന്ന് രസീതെടുക്കാനും സൗകര്യം ഒരുക്കും. തീര്‍ഥാടകരുടെ എണ്ണം മുന്‍കൂട്ടി അറിയാനും അതനുസരിച്ച് സുരക്ഷ ക്രമീകരിക്കാനുമാണ് പ്രവേശനം ഓണ്‍ലൈനാക്കുന്നത്.
എന്നാല്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരിലും സാധാരണക്കാരിലും ഈ മാറ്റം എത്തിക്കാനാവുമോയെന്നതാണ് പ്രധാന സംശയം. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ തിരക്കു കുറവുള്ള ദിവസം നോക്കി ദര്‍ശന തിയതി തിരഞ്ഞെടുക്കാമെന്നത് തീര്‍ഥാടകര്‍ക്ക് ആശ്വാസമാണ്. സ്ത്രീകളടക്കമുള്ളവരുടെ കൃത്യമായ കണക്കു ശേഖരിക്കലും ഇതിന്റെ ലക്ഷ്യമാണ്. ഒരു ദിവസം ഒരു നിശ്ചിത പരിധിക്കപ്പുറം ബുക്കിങ് ആയാല്‍ ആ ദിവസത്തെ പ്രവേശനം അവസാനിപ്പിക്കും. ബുക്ക് ചെയ്യാതെ പുല്ലുമേട് വഴി ഒട്ടേറെപ്പേരെത്തുമെന്നതിനാല്‍ ഈ സീസണില്‍ പുല്ലുമേട് വഴിയുള്ള പ്രവേശനം തല്‍കാലത്തേക്ക് നിരോധിക്കാനും പൊലിസ് തീരുമാനിച്ചു. പുതിയ സുരക്ഷാ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."