ന്യൂനമര്‍ദം: മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഫിഷറീസ് വകുപ്പ് നടപടി തുടങ്ങി
മലപ്പുറം: അറബിക്കടലിനു തെക്കുകിഴക്കു ഭാഗത്ത് ഈ മാസം ആറിനു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് അറിയിപ്പു ലഭിച്ച സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഫിഷറീസ് വകുപ്പ് നടപടി തുടങ്ങി.
കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രവും നല്‍കിയ നിര്‍ദേശമനുസരിച്ചാണ് നടപടിയെന്ന് ഫിഷറീസ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. കടല്‍ അതീവ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഒക്ടോബര്‍ ആറു മുതല്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികളില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു ഫിഷറീസ് വകുപ്പിനു ലഭിച്ച നിര്‍ദേശം. ഇതനുസരിച്ച് തീരദേശ ഗ്രാമങ്ങളിലും തുറമുഖങ്ങളിലും മൈക്ക് അനൗണ്‍സ്‌മെന്റ് വഴി മുന്നറിയിപ്പു നല്‍കുന്നുണ്ട്.
കൂടാതെ മത്സ്യബന്ധന മേഖലയിലെ ആരാധനാലയങ്ങളിലും തീരപ്രദേശത്തെ ജനപ്രതിനിധികളെയും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളെയും വിവരം അറിയിക്കുന്നുണ്ട്. ദീര്‍ഘനാളത്തേക്കു കടലില്‍ മത്സ്യബന്ധനത്തിനു പോയവരെയും ഈ വിവരം അറിയിക്കുന്നുണ്ട്.
ഉപഗ്രഹ ബന്ധത്തിലൂടെ പ്രവര്‍ത്തിക്കുന്ന സീ മൊബൈല്‍ ഫോണ്‍ കൈവശമുള്ള തൊഴിലാളികളെ നേരിട്ടു വിവരമറിയിക്കുകയും മറ്റുള്ളവര്‍ക്കു വിവരം കൈമാറാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്.
ഒക്ടോബര്‍ അഞ്ചിനു മുമ്പ് സുരക്ഷിതമായി തീരം അണയാനാണ് ഇവര്‍ക്കു നല്‍കുന്ന നിര്‍ദേശം. ഇന്നലെ മുതല്‍ കടലില്‍ പോകുന്നവര്‍ക്കും ഇതേ നിര്‍ദേശം നല്‍കുന്നുണ്ട്. കടല്‍ ആംബുലന്‍സുകള്‍ സുസജ്ജമാണെന്ന് ഉറപ്പുവരുത്തുന്നുണ്ട്. കൂടാതെ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനുള്ള ബോട്ടുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തിയിട്ടുമുണ്ട്.
കൂടാതെ ഒക്ടോബര്‍ ആറു മുതല്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശിക്കുന്ന ദിവസം വരെ മത്സ്യബന്ധനത്തിനു പോകരുതെന്ന് തീരദേശ പൊലിസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരദേശങ്ങളില്‍ അറിയിപ്പ് നല്‍കുന്നുണ്ട്.
ഈ അറിയിപ്പുകള്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചു എന്ന് ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."