ബി.സി.സി.ഐയെ വിവരാവകാശത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡായ ബി.സി.സി.ഐയെ വിവരാവകാശത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി ഉത്തരവ്. കേന്ദ്ര വിവരാവകാശ കമ്മിഷനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇനിമുതല്‍ വിവാരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ 15 ദിവസത്തിനുള്ളില്‍ ബി.സി.സി.ഐ പ്രാപ്തമാകണമെന്നും കേന്ദ്ര വിവരാവകാശ കമ്മിഷണര്‍ ശ്രീധര്‍ ആചാര്യലു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സുപിംകോടതി വിധികള്‍, ഇന്ത്യന്‍ നിയമ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്, യുവജന ക്ഷേമ കായിക മന്ത്രാലയത്തിന്റെ സബ്മിഷനുകള്‍ എല്ലാം പരിശോധിച്ച് സെക്ഷന്‍ നാല് 1 ബി പ്രകാരം ബി.സി.സി.ഐ വിവരാവകാശ നിയമത്തിന്റെ കീഴില്‍ വരുമെന്നും ഉത്തരവിലുണ്ട്. ക്രിക്കറ്റ് ബോര്‍ഡ് മറ്റ് കായിക സംഘടനകള്‍ പോലെ പൊതുസ്ഥാപനമാണെന്ന് കമ്മിഷണര്‍ വ്യക്തമാക്കി.
ബി.സി.സി.ഐക്ക് നേരിട്ട് കേന്ദ്ര സര്‍ക്കാരില്‍നിന്ന് ധനസഹായം ലഭിക്കുന്നില്ലെങ്കിലും സംഘടനയുടെ പരിപാടികള്‍ക്ക് ലഭിക്കുന്ന നികുതിയിളവുകള്‍, സംസ്ഥാന അസോസിയേഷനുകള്‍ക്ക് സര്‍ക്കാരുകള്‍ നല്‍കുന്ന സൗജന്യ ഭൂമി തുടങ്ങിയവ പരിഗണിച്ചാണ് ബി.സി.സി.ഐ പൊതുസ്ഥാപനമാണെന്ന് വിലയിരുത്തിയത്.
നേരത്തെ ബി.സി.സി.ഐ താരങ്ങള്‍ക്ക് നല്‍കുന്ന കാഷ് അവാര്‍ഡുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടി വിവരാവകാശ നിയമപ്രകാരം സുഭാഷ് അഗര്‍വാള്‍ എന്നയാള്‍ കായിക മന്ത്രാലയത്തില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിക്കാതെ വന്നതോടെയാണ് ബി.സി.സി.ഐ ആര്‍.ടി.ഐയ്ക്ക് കീഴില്‍ അല്ലെന്നത് വ്യക്തമാകുന്നത്.
ഇനിമുതല്‍ കളിക്കാരുടെ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ ബി.സി.സി.ഐ രഹസ്യമാക്കിവയ്ക്കാറുള്ള പല കാര്യങ്ങളും വിവരാവകാശ നിയമപ്രകാരം പുറത്തുവരും.
അതേസമയം, കേന്ദ്ര വിവരാവകാശ കമ്മിഷണറുടെ ഉത്തരവ് ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാനാണ് ബി.സി.സി.ഐയുടെ തീരുമാനം. ഇതിനായുള്ള നടപടിക്രമങ്ങള്‍ ആലോചിച്ചുവരികയാണെന്നും ബി.സി.സി.ഐ വക്താവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."