ജപ്പാനിലെ സ്റ്റുഡിയോയില്‍ തീവയ്പ്; 33 പേര്‍ കൊല്ലപ്പെട്ടു
ടോക്കിയോ: ജപ്പാനിലെ ക്യോട്ടോ നഗരത്തില്‍ ആനിമേഷന്‍ സ്റ്റുഡിയോയിലുണ്ടായ തീവയ്പില്‍ 33 പേര്‍ കൊല്ലപ്പെട്ടു. 36 പേര്‍ക്ക് പരുക്കേറ്റു. പുറത്തുനിന്നെത്തിയയാള്‍ മനപ്പൂര്‍വം തീയിട്ടതാണെന്നാണ് സംശയമെന്ന് പൊലിസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയില്‍ എടുത്തെന്നും പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.
മൂന്ന് നിലയുള്ള കെട്ടിടത്തില്‍ ഇന്നലെ പ്രാദേശിക സമയം രാവിലെ 10.30 ഓടെയാണ് തീ പടര്‍ന്നത്. 41 വയസ് തോന്നിക്കുന്നയാള്‍ ദ്രാവകം കെട്ടിടത്തിലേക്ക് എറിയുകയും തീവയ്ക്കുകയുമായിരുന്നെന്ന് ക്യോട്ടോ പൊലിസ് വക്താവ് പറഞ്ഞു. കെട്ടിടത്തില്‍ നിന്ന് പൊട്ടിത്തെറിയുണ്ടായെന്നും നിരവധി പേര്‍ കത്തിക്കരിഞ്ഞ നിലയിലാണെന്നും ദൃക്‌സാക്ഷി പറഞ്ഞു.
രണ്ടാമത്തെ നിലയില്‍ പത്ത് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നും മരണ സഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അഗ്നിശമന സേനാംഗങ്ങള്‍ പറഞ്ഞു. തീപിടിത്തമുണ്ടാവുന്ന സമയത്ത് 70 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. സ്റ്റുഡിയോയിലെ മുന്‍ തൊഴിലാളിയാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീയിട്ടതിന് ശേഷം സമീപത്തെ റെയില്‍വേ സ്റ്റേഷനിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആക്രമി താഴെ വീഴുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
കമ്പനിയെ ഭീഷണിപ്പെടുത്തിയുള്ള ഇമെയിലുകള്‍ നേരത്തെ ലഭിച്ചിരുന്നെന്ന് ക്യോട്ടോ ആനിമേഷന്‍ ഡയരക്ടര്‍ ഹിദ്യാക് ഹത്ത മാധ്യമങ്ങളോട് പറഞ്ഞു. ക്യോനി എന്ന പേരില്‍ അറിയപ്പെടുന്ന ക്യോട്ടോ ആനിമേഷന്‍ സ്റ്റുഡിയോ 1981ല്‍ ആണ് സ്ഥാപിച്ചത്. കെ-ഓണ്‍ ഉള്‍പ്പെടെ നിരവധി ആനിമേഷന്‍ ഷോകള്‍ കമ്പനി സംവിധാനം ചെയ്തിട്ടുണ്ട്.
കൗമാരക്കാരുടെ സ്‌കൂള്‍ ജീവിതവുമായി ബന്ധപ്പെട്ടുള്ള പ്രമുഖ ഗ്രാഫിക് നോവലുകളും പുറത്തിറക്കിയിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെ അനുശോചനം രേഖപ്പെടുത്തി. കമ്പനിക്ക് പിന്തുണയുമായി ആയിരക്കണക്കിന് ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ ആരംഭിച്ച ഫണ്ട് ശേഖരണത്തില്‍ ആറ് മണിക്കൂറിനുള്ളില്‍ മൂന്ന് ലക്ഷം ഡോളറാണ് സഹായമായി ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."