കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ നടപടിയായി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ എത്തുന്നതിനു മുന്‍പേ നടപടികള്‍ പൂര്‍ത്തിയാക്കി ആരോഗ്യ വകുപ്പ്. കൊവിഡ് വാക്‌സിനേഷനുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന്‍ അന്തിമഘട്ടത്തിലാണെന്ന് വകുപ്പ് അറിയിച്ചു. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ കൂടാതെ ഐ.സി.ഡി.എസ് അങ്കണവാടി ജീവനക്കാരേയും ഐ.സി.ഡി.എസ് ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരുടെ രജിസ്‌ട്രേഷനും പൂര്‍ത്തിയായി. 33,000ത്തോളം അങ്കണവാടികളിലെ ജീവനക്കാരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം വാക്‌സിന്‍ വിതരണത്തിന് സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് നോഡല്‍ ഓഫിസറേയും സ്റ്റേറ്റ് അഡ്മിനേയും ചുമതലപ്പെടുത്തി. സ്റ്റേറ്റ് നോഡല്‍ ഓഫിസറുടെ കീഴില്‍ എല്ലാ ജില്ലകളിലും ജില്ല നോഡല്‍ അതോറിറ്റി രൂപീകരിച്ചു. ആയുഷ്, ഹോമിയോ, വിഭാഗങ്ങളില്‍ പ്രത്യേക നോഡല്‍ ഓഫിസര്‍മാരേയും ചുമതലപ്പെടുത്തി. ഇവരുടെ ഏകോപനത്തോടെയാണ് എല്ലാ വിഭാഗങ്ങളുടേയും വിവരങ്ങള്‍ ശേഖരിക്കുന്നത്. രജിസ്‌ട്രേഷനായി ഒരു സ്റ്റാന്‍ഡേര്‍ഡ് ഡാറ്റ ഷീറ്റ് തയാറാക്കി എല്ലാ ജില്ലകള്‍ക്കും നല്‍കി. അവരാണ് സര്‍ക്കാര്‍ -സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ഇത് അയച്ചുകൊടുക്കുന്നത്. അവര്‍ ഡാറ്റ ഷീറ്റ് പൂരിപ്പിച്ച് തിരികെ ജില്ല നോഡല്‍ അതോറിറ്റിക്ക് നല്‍കും. അവരത് കേന്ദ്ര സര്‍ക്കാരിന്റെ സൈറ്റില്‍ അപ്‌ലോഡ് ചെയ്യും. വാക്‌സിന്‍ വരുന്ന മുറയ്ക്ക് ആദ്യം ലഭ്യമാക്കുക ഈ വിഭാഗത്തിനാണ്.
ആദ്യം ആര്‍ക്കൊക്കെ?
ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍- സ്വകാര്യ മേഖലയിലെ എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുമാണ് വാക്‌സിന്‍ ലഭ്യമാക്കുക. മോഡേണ്‍ മെഡിസിന്‍, ആയുഷ്, ഹോമിയോ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലേയും എല്ലാ സ്ഥിരം- താല്‍ക്കാലിക ജോലിക്കാരെയും ഉള്‍ക്കൊള്ളിക്കും. 27,000ത്തോളം ആശാവര്‍ക്കര്‍മാരേയും ഉള്‍പ്പെടുത്തി. മെഡിക്കല്‍, ദന്തല്‍, നഴ്‌സിങ്, പാരാമെഡിക്കല്‍ തുടങ്ങിയ എല്ലാ ആരോഗ്യ വിഭാഗം വിദ്യാര്‍ഥികളേയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."