ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും 2015ലെ നേട്ടം ആവര്‍ത്തിക്കാനായില്ല
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളം ചുവന്നെങ്കിലും ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും കഴിഞ്ഞതവണത്തെ നേട്ടം ആവര്‍ത്തിക്കാനാവാത്തതിന് കാരണംതേടി സി.പി.എം. ഇന്ന് നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.
2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 538 ഗ്രാമപഞ്ചായത്തുകളിലും 45 നഗരസഭകളിലും മിന്നുംവിജയം കരസ്ഥമാക്കി അധികാരം പിടിച്ചെടുത്തിരുന്നു. എന്നാല്‍, ഇത്തവണ ഇതില്‍ 24 ഗ്രാമപഞ്ചായത്തുകളും 10 നഗരസഭകളും കൈവിട്ടു.
ഇതിന്റെ കാരണം കണ്ടെത്തി നഷ്ടപ്പെട്ട വോട്ടുബാങ്ക് തിരിച്ചുപിടിച്ചില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളും വികസനവും ഒരുപരിധിവരെയെങ്കിലും ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞുവെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
അതേസമയം, 2015ല്‍ ഗ്രാമപഞ്ചായത്തുകളിലുണ്ടായത് അനിതര സാധാരണമായ മുന്നേറ്റമാണെന്നും അത് എക്കാലത്തും ആവര്‍ത്തിക്കാനാവില്ലെന്നും സി.പി.എം നേതൃത്വം പറയുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യു.ഡി.എഫ് നടത്തിയ നീക്കുപോക്കും ഹിന്ദു ഭൂരിപക്ഷമേഖലകളില്‍ ബി.ജെ.പി നടത്തിയ മുന്നേറ്റവുമാണ് മറ്റ് കാരണങ്ങളായി സി.പി.എം നേതൃത്വം വിലയിരുത്തുന്നത്. കഴിഞ്ഞതവണ 538 ഗ്രാമപഞ്ചായത്തുകള്‍ നേടിയ ഇടതുമുന്നണിക്ക് ഇത്തവണ 514 പഞ്ചായത്തുകളേ കിട്ടിയുള്ളൂ.
24 പഞ്ചായത്തുകള്‍ കുറഞ്ഞു. യു.ഡി.എഫിന് 10 പഞ്ചായത്തുകളും ബി.ജെ.പിക്ക് ഒന്‍പത് പഞ്ചായത്തുകളും അധികമായി ലഭിച്ചു. ഭരണവിരുദ്ധവികാരമുണ്ടായിരുന്ന 2015ല്‍ ഗ്രാമപഞ്ചായത്തുകളില്‍ സമാനതകളില്ലാത്ത നേട്ടമാണ് ഇടതുമുന്നണിക്കുണ്ടായതെന്ന് സി.പി.എം നേതൃത്വം പറയുന്നു.
ഇത് എല്ലാതവണയും ആവര്‍ത്തിക്കാനാവില്ലെന്നാണ് നേതാക്കളുടെ ന്യായം. എല്‍.ഡി.എഫിന് ഇത്തവണ ഭരണം കിട്ടിയ മുനിസിപ്പാലിറ്റികളുടെ എണ്ണം കഴിഞ്ഞതവണത്തെ അപേക്ഷിച്ച് കുറഞ്ഞപ്പോള്‍ യു.ഡി.എഫിന് നാലും ബി.ജെ.പിക്ക് ഒന്നും നഗരസഭകള്‍ അധികമായി കിട്ടുകയും ചെയ്തു.
ഇതിനുപിന്നില്‍ രണ്ടുഘടകങ്ങളുണ്ടാകാമെന്ന് സി.പി.എം സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യു.ഡി.എഫ് പ്രാദേശികമായുണ്ടാക്കിയ നീക്കുപോക്കാണ് ഒരു കാരണം. ലീഗിനെതിരേ ഇതര മുസ്‌ലിം സംഘടനകളെ കൂട്ടുപിടിക്കാറുള്ള ഇടതുമുന്നണിയുടെ പതിവ് ഇത്തവണ ഉണ്ടായില്ല. ഇതുരണ്ടും കൂടി ചേര്‍ന്നപ്പോള്‍ ചില പഞ്ചായത്തുകളിലും നഗരസഭകളും ഇടതുമുന്നണി പിന്നോട്ടുപോയി. നഗരമേഖലകളില്‍ പടിപടിയായി ബി.ജെ.പി സ്വാധീനം ഉയര്‍ത്തുന്നുണ്ടെന്നും സി.പി.എം ചൂണ്ടിക്കാണിക്കുന്നു.
ഹിന്ദു ഭൂരിപക്ഷമേഖലകളില്‍ കാര്യമായ മുന്നേറ്റം അവര്‍ നടത്തുന്നുണ്ട്. ഇത് യു.ഡി.എഫിനെ പോലെ തന്നെ ഇടതുമുന്നണിയും ഗൗരവത്തിലെടുക്കേണ്ടിവരും.
പന്തളം മുനിസിപ്പാലിറ്റി ഇടതുമുന്നണിയില്‍ നിന്ന് ബി.ജെ.പി പിടിച്ചെടുത്തത് ഇതിന് ഉദാഹരണമാണ്. ഒരുവശത്ത് യു.ഡി.എഫിനെ തളര്‍ത്തുന്നുണ്ടെങ്കിലും മറുവശത്ത് അപകടകരമായ മുന്നേറ്റമാണ് ബി.ജെ.പിക്ക് ഉണ്ടാകുന്നത്. തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പിയെ തടയാനായത് ഒരുപരിധിവരെയെങ്കിലും വിജയിച്ചുവെങ്കിലും മറ്റു പ്രദേശങ്ങളില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുന്നത് കാണാതിരിക്കാന്‍ കഴിയില്ല.
ന്യൂനപക്ഷ മേഖലകളിലും ബി.ജെ.പി കടന്നുചെന്നിട്ടുണ്ട്. ഇതിന് തടയിടണം. ബി.ജെ.പിയെ തളക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. അതിനായി ബ്രാഞ്ചുതലം മുതല്‍ പ്രവര്‍ത്തനം ശക്തമാക്കണമെന്നും സി.പി.എം വിലയിരുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."