രാത്രികാലങ്ങളില്‍ വൈദ്യുതി ഒളിച്ചു കളി തുടരുന്നു
ചങ്ങരംകുളം: കനത്ത ചൂടിനെ അതിജീവിക്കാന്‍ പാടു പെടുന്നവര്‍ക്ക് കെ.എസ്.ഇ.ബി വക കറന്റ് കട്ടും പതിവാകുന്നു. ചാലിശ്ശേരി , ചങ്ങരംകുളം സെക്ഷന് കീഴിലെ ഉപഭോക്താക്കളാണ് രാത്രികാലങ്ങളിലെ വൈദ്യുതി മുടക്കം മൂലം പാടു പെടുന്നത്. കനത്ത ചൂടില്‍ വൃദ്ധരും രോഗികളും കുട്ടികളും അടക്കം വീടിനുള്ളില്‍ ഉറങ്ങാന്‍ പോലും കഴിയാതെ മണിക്കൂറുകളോളം വട്ടം കറങ്ങുമ്പോഴും കെ.എസ്.ഇ.ബി കറന്റ് കട്ട് ചെയ്യുന്ന പതിവ് ശൈലി തുടരുന്നതില്‍ ജനങ്ങള്‍ രോഷാകുലരാണ്. പ്രദേശത്ത് വൈദ്യുതിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ജീവന്‍രക്ഷാ ഉപകരണങ്ങളോടെ ജീവന്‍ നിലനിര്‍ത്തുന്ന നിരവധി രോഗികളും കെ.എസ്.ഇ.ബിയുടെ അപ്രതീക്ഷിത കറന്റ് കട്ട് മൂലം വലഞ്ഞിരിക്കുകയാണ്.
ചൂട് വര്‍ധിച്ചതോടെ പല വീടുകളിലും ഫാനോ എ.സിയോ ഇല്ലാതെ അകത്ത് കയറാന്‍ പോലും കഴിയാത്ത വിധത്തിലുള്ള അവസ്ഥയില്‍ രാത്രിയിലെ അപ്രതീക്ഷിത കറന്റ് കട്ട് മണിക്കൂറുകളോളം കുട്ടികളെയും വൃദ്ധരായ രോഗികളെയും ഏറെ അസ്വസ്ഥരാക്കുന്നുണ്ട്. അര്‍ധരാത്രിയില്‍ വീട്ടിനുള്ളില്‍ നിന്ന് പുറത്തിറങ്ങി മണിക്കൂറുകളോളം പുറത്തിറങ്ങിയിരിക്കേണ്ട അവസ്ഥയുണ്ടെന്നാണ് പൊതു ജനങ്ങള്‍ ആരോപിക്കുന്നത്.അതേ സമയം കെ.എസ്.ഇബി സെക്ഷനിലേക്ക് പരാതി പറയാന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുകയോ കൃത്യമായ വിവരങ്ങള്‍ നല്‍കുകയോ ചെയ്യാന്‍ കെ.എസ്.ഇ.ബി അധികൃതര്‍ തയാറാകാത്തതും ജനങ്ങളില്‍ അതൃപ്തിക്ക് ഇടയാക്കുന്നുണ്ട്. പലപ്പോഴും കറന്റ് പോയ വിവരം അറിയിക്കാന്‍ വിളിക്കുന്നവരോട് ജീവനക്കാരില്ലെന്നും മറ്റും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുന്നതായും വ്യാപകമായി പരാതികളുണ്ട്. കെ.എസ്.ഇ.ബി ജീവനക്കാരുടെ ധിക്കാരം നിറഞ്ഞ സമീപനങ്ങള്‍ക്കെതിരേ ഉന്നതാധികാരികള്‍ക്ക് പരാതി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് വിവിധ സംഘടനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."