ആരോഗ്യ രംഗം ശക്തം: 11 തീര്‍ഥാടകര്‍ക്ക് ഹൃദയ ശസ്ത്രക്രിയ
മക്ക: വിശുദ്ധ ഭൂമിയിലെത്തുന്ന തീര്‍ഥാടകര്‍ക്കിടയില്‍ സഊദി ആരോഗ്യ മന്ത്രാലയം നടത്തുന്ന സേവനങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തുന്നു.
വിവിധ ആശുപത്രികളില്‍ സൗജന്യ സേവനമാണ് സഊദി ആരോഗ്യ മന്ത്രാലയം നല്‍കുന്നത്. പകര്‍ച്ചവ്യാധികള്‍ പകരുന്നതു തടയാന്‍ ശക്തമായ മുന്നൊരുക്കങ്ങള്‍ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്കിടയില്‍ ഇതുവരെ സൂര്യാഘാതങ്ങളോ കടുത്ത ചൂടു മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു ആരോഗ്യ മന്ത്രാലയം പറഞ്ഞു. അടിയന്തര ഘട്ടങ്ങളില്‍ വിദേശ തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ വര്‍ഷം ഇതിനകം തന്നെ മക്ക, മദീന നഗരികളിലെ ആശുപത്രികളില്‍ പതിനൊന്ന് തീര്‍ഥാടകര്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്.
സഊദി ആരോഗ്യ മന്ത്രാലയം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ദുല്‍ഖഅദ ഒന്നു മുതലുള്ള കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്. തീര്‍ഥാടകരില്‍ ചിലര്‍ക്ക് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയും മറ്റു ചിലര്‍ക്ക് ആന്‍ജിയോപ്ലാസ്റ്റിയുമാണ് നടത്തിയത്.
108 ഡയാലിസിസുകളും മൂന്നു താക്കോല്‍ദ്വാര ശസ്ത്രക്രിയകളും 23 ഓപറേഷനുകളും തീര്‍ഥാടകര്‍ക്കു നടത്തി. 148 ഹാജിമാരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഒരു തീര്‍ഥാടക കൂടി കുഞ്ഞിനു ജന്മം നല്‍കി.
മക്കയിലും മദീനയിലും തീര്‍ഥാടകര്‍ക്ക് വിതരണം ചെയ്യാനായി എണ്‍പത് ലക്ഷം ഖുര്‍ആന്‍ കോപ്പികള്‍ തയാറാക്കിയതായി അധികൃതര്‍ അറിയിച്ചു.
തീര്‍ഥാടകര്‍ക്കിടയില്‍ വിശുദ്ധ ഖുര്‍ആന്‍ കോപ്പികളും മറ്റു വിവര്‍ത്തന പുസ്തകങ്ങളും വിതരണം ചെയ്യുന്നുണ്ട്.
കര, വ്യോമ, നാവിക അതിര്‍ത്തികളില്‍ ഇതിനായി പ്രത്യേകം സംഘങ്ങളെയും ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിനു കീഴില്‍ നിയോഗിച്ചതായി മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് അല്‍ഹംദാന്‍ പറഞ്ഞു.
അതോടൊപ്പം ഹാജിമാര്‍ക്കിടയില്‍ വിതരണം ചെയ്യാനായി പത്തു ലക്ഷം സിം കാര്‍ഡുകളും സജ്ജമായിട്ടുണ്ട്. മക്ക ഗവര്‍ണറേറ്റിന് കീഴിലെ സിഖായ, രിഫാദ കമ്മിറ്റികളാണ് സൗജന്യ സംസാര സമയവും ഡേറ്റയും ഉള്‍പ്പെടുന്ന സിം കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."