മീനങ്ങാടിയില്‍ വീണ്ടും സ്വര്‍ണക്കവര്‍ച്ച; യാത്രക്കാരിയുടെ മാല പൊട്ടിച്ചു
മീനങ്ങാടി: ടൗണിലും പരിസരങ്ങളും കവര്‍ച്ചാസംഘം വിലസുന്നു. ഇന്നലെ യാത്രക്കാരിയുടെ മൂന്നേമുക്കാല്‍ പവന്റെ സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ 11 മണിയോടെ മീനങ്ങാടിയിലെ ബന്ധു വീട്ടിലേക്ക് വന്ന കമ്പളക്കാട് സ്വദേശി പൊന്താംകുഴി കൗസല്യ(64)യുടെ മാലയാണ് നഷ്ടപ്പെട്ടത്. മീനങ്ങാടി എത്തുന്നതുവരെ മാല കഴുത്തിലുണ്ടായിരുന്ന് കൗസല്യ പറഞ്ഞു. മീനങ്ങാടിയില്‍ നിന്നും ബസില്‍ കയറി 54 കുരിശുകവലയില്‍ ബസിറങ്ങിയതിനു ശേഷമാണ് മാല നഷ്ട്ടപ്പെട്ട വിവരം അറിഞ്ഞത്. തുടര്‍ന്ന് മീനങ്ങാടി പൊലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. മീനങ്ങാടിയിലും പരിസര പ്രദേശങ്ങളിലും സമീപകാലത്തായി നിരവധി മോഷണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ സംഘം കാല്‍നട യാത്രക്കാരിയുടെ സ്വര്‍ണ മാല പൊട്ടിച്ച് രക്ഷപ്പെട്ടിരുന്നു. 2016 ജനുവരി മുതല്‍ ഇതുവരെ ഇത്തരത്തിലുള്ള പതിനഞ്ചോളം കേസുകളാണ് മീനങ്ങാടി പരിധിയില്‍ നടന്നത്. എന്നാല്‍ ഇതുവരെ പ്രതികളെ പിടികൂടാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ബസ് സ്റ്റാന്‍ഡുകളിലും ബസുകളിലുമാണ് മോഷണങ്ങള്‍ പതിവാകുന്നത്. ബൈക്കിലെത്തി മാലപൊട്ടിച്ച് രക്ഷപ്പെട്ട കേസുകളുമുണ്ടായിട്ടുണ്ട്. പരാതി സ്വീകരിക്കുകയല്ലാതെ പൊലിസിന്റെ ഭാഗത്ത് നിന്ന് കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."