ബേക്കറിയില്‍ അക്രമം നടത്തിയ 'സാമൂഹിക വിരുദ്ധനെ' കാമറ പിടികൂടി
കോത്തഗിരി: കോത്തഗിരിക്ക് സമീപത്തെ ബേക്കറിയില്‍ അര്‍ധരാത്രി അതിക്രമിച്ച് കയറിയ 'സാമൂഹിക വിരുദ്ധ'ന്റെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞ ചിത്രം കണ്ട് നാട്ടുകാരും പൊലിസും ഒരുപോലെ ഞെട്ടി.
എസ് കൈകാട്ടിയിലെ ബേക്കറിയിലാണ് കഴിഞ്ഞ ദിവസം അക്രമണമുണ്ടായത്. ഇതുസംബന്ധിച്ച് ബേക്കറി ഉടമ ജഗദീഷ് കോത്തഗിരി പൊലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലിസ് പ്രദേശത്തെ സി.സി.ടി.വി കാമറ പരിശോധിച്ചതോടെയാണ് 'സാമൂഹിക വിരുദ്ധ'നെ കണ്ടെത്തിയത്.
സി.സി.ടി.വിയില്‍ പതിഞ്ഞ ചിത്രം കണ്ട് ജഗദീഷും നാട്ടുകാരും പൊലിസും ഒരുപോലെ ഞെട്ടിയിരിക്കുകയാണിപ്പോള്‍. കാരണം ബേക്കറിക്കുള്ളില്‍ നാശം വിതച്ചത് കരടിയായിരുന്നു. ബേക്കറിയുടെ വാതില്‍ തകര്‍ത്താണ് കരടി അകത്തുകയറിയത്. വാതില്‍ തകര്‍ത്ത് അകത്തുകയറിയ കരടി ഉള്ളിലെ അലമാരയുടെ ചില്ലുകളും തകര്‍ത്താണ് ഭക്ഷണ സാധനങ്ങള്‍ എടുത്ത് ഭക്ഷിച്ചത്.
ബാക്കിയുണ്ടായിരുന്ന ഭക്ഷണസാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തലേന്ന് രാത്രി കടയടച്ചുപോയ ജഗദീഷ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറിന് കട തുറക്കാനെത്തിയപ്പോഴാണ് കടയുടെ വാതില്‍ തകര്‍ത്തതായി കാണുന്നത്. അകത്ത് കയറി നോക്കിയപ്പോള്‍ അലമാരയുടെ ചില്ലുകള്‍ തകര്‍ത്തും ഉല്‍പ്പന്നങ്ങള്‍ നശിപ്പിച്ചതും കണ്ടു. ഇതോടെയാണ് സാമൂഹിക വിരുദ്ധരായിരിക്കുമെന്ന ധാരണയില്‍ പൊലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലിസും വനംവകുപ്പ് ജീവനക്കാരും ചേര്‍ന്ന് സ്ഥലത്തെ സി.സി.ടി.വി പരിശോധിച്ചു.
പുലര്‍ച്ചെ രണ്ടിന് ബേക്കറിയുടെ വാതില്‍ തകര്‍ത്ത് കരടി ഉള്ളിലേക്ക് കയറുന്ന ദൃശ്യങ്ങളാണ് സി.സി.ടി.വി കാമറകളില്‍ നിന്ന് പൊലിസിന് ലഭിച്ചത്. പിന്നീട് 40 മിനുട്ട് കഴിഞ്ഞ് കരടി പുറത്തിറങ്ങി പോകുന്ന ദൃശ്യങ്ങളും ലഭിച്ചു. ഇതോടെയാണ് ബേക്കറിയില്‍ അതിക്രമം കാണിച്ച 'സാമൂഹിക വിരുദ്ധന്‍' കരടിയാണെന്ന് ഉറപ്പായത്. കരടിയാണെന്ന് ഉറപ്പായതോടെ പ്രദേശത്തുകാര്‍ ഭീതിയുടെ നിഴലിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."