വകയ്ക്കു കൊള്ളാത്ത ഖദര്‍ ഉത്തമന്‍മാര്‍
നാളെയോ മറ്റന്നാളോ അല്ലെങ്കില്‍ അതിന്റെ പിറ്റേന്നോ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഒരുവിധം ചമ്മല്‍ മാറ്റി പുറത്തിറങ്ങുമ്പോള്‍ നിങ്ങളെയൊക്കെ എന്തിനു കൊള്ളാമെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. കൊള്ളരുതായ്മയുടെ അങ്ങേയറ്റത്തു നില്‍ക്കുന്നവരോട് മറ്റെന്തു ചോദിക്കാന്‍. സാധാരണ നാട്ടുരീതിയനുസരിച്ച് അത്യാവശ്യം കളിയറിയാവുന്നൊരു പ്രതിപക്ഷത്തിന് നന്നായി കളിച്ചുകയറാന്‍ പറ്റിയൊരവസ്ഥയില്‍ ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ കോണ്‍ഗ്രസുകാര്‍ കാലുകള്‍ നീരുവന്ന് വണ്ണംവച്ച് നടക്കാന്‍ പോലുമാവാത്ത അവസ്ഥയിലായിരുന്നു. പിന്‍നിരയിലെ മുസ്‌ലിം ലീഗ് ഒരുവിധം നന്നായി കളിച്ചിട്ടും ടീം തോറ്റു തുന്നംപാടി. സംസ്ഥാന സര്‍ക്കാരിനെതിരേ ശരിയായാലും തെറ്റായാലും പറയാന്‍ പടുകൂറ്റന്‍ ആരോപണങ്ങളുണ്ടായിട്ടും അതൊന്നും കോണ്‍ഗ്രസുകാര്‍ക്ക് തുണയായില്ല. ആരോപണങ്ങള്‍ക്ക് അങ്ങനെ ശരിതെറ്റ് കണക്കുകളൊന്നുമില്ല. രണ്ടായാലും പറയാനറിയാവുന്നവര്‍ പറഞ്ഞാല്‍ അത് ഏശും. ചാരക്കേസിലും സോളാര്‍ കേസിലുമൊക്കെ അത്ര ശരിയുണ്ടെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നിട്ടും അവയൊക്കെ ഓരോ തെരഞ്ഞെടുപ്പുകളില്‍ മാരകായുധങ്ങളായിട്ടുണ്ട്. ഇത്തവണ സ്വര്‍ണക്കടത്തും മറ്റും കോണ്‍ഗ്രസുകാര്‍ പറഞ്ഞുനോക്കിയിട്ടും എങ്ങും ഏശിയില്ല.
ഇതൊക്കെ സംഭവിക്കുന്നത് വെറുതെയല്ല. മറ്റെല്ലാ പാര്‍ട്ടികളെക്കാളുമധികം കനപ്പെട്ട നേതാക്കളുടെ ഭാരം കോണ്‍ഗ്രസിനുണ്ടെങ്കിലും അവരെക്കൊണ്ട് കാര്യമായ പ്രയോജനമില്ല. നാട്ടിലിറങ്ങി എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അണികള്‍ക്കു പറഞ്ഞുകൊടുക്കാന്‍ ഒന്നുകില്‍ അവര്‍ക്കറിയില്ല, അല്ലെങ്കില്‍ അവര്‍ക്കതിനു നേരമില്ല. പത്രസമ്മേളനവും പ്രസ്താവനയും നടത്തുന്ന തിരക്കൊഴിഞ്ഞിട്ടു വേണ്ടേ ആ പണി ചെയ്യാന്‍. ഇങ്ങനെയൊക്കെ കുറച്ചുകാലമായി കോണ്‍ഗ്രസ് അണികളെ വകയ്ക്കു കൊള്ളാതായിട്ടുണ്ട്. നാട്ടുകാര്‍ക്കിടയില്‍ ആവശ്യത്തിനു കാണാത്ത കോണ്‍ഗ്രസുകാര്‍ പറഞ്ഞതൊന്നും ആരും വിശ്വസിച്ചില്ല. നിത്യേന കണ്ടു പരിചയമുള്ളവര്‍ പറയുന്നതായിരിക്കും അപരിചിതരോ വല്ലപ്പോഴും കാണുന്നവരോ പറയുന്നതിനെക്കാളധികം ആരും വിശ്വസിക്കുക. മാത്രമല്ല നടന്നത് നാട്ടുഭരണകേന്ദ്രങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ്. ആ പണി ഒരുവിധം ചെയ്യാനെങ്കിലുമുള്ള പ്രാപ്തി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടെന്ന് വലിയൊരു വിഭാഗം ആളുകള്‍ക്ക് തോന്നിയതുമില്ല. നാട്ടുകാരെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല. അത്ര ദയനീയമാണ് കോണ്‍ഗ്രസിന്റെ അവസ്ഥ. അധികാരരാഷ്ട്രീയം ഒരു പ്രൊഫഷനാണ്. കുറച്ചുകാലമായി അതില്‍ കോണ്‍ഗ്രസുകാര്‍ തികച്ചും അവിദഗ്ദ്ധരാണ്. ഒരു സംഘടന എന്ന നിലയില്‍ കോണ്‍ഗ്രസ് ഒട്ടും ചലിക്കാതെ കെട്ടിക്കിടന്ന് അഴുകുകയാണ്. എങ്ങനെ രാഷ്ട്രീയം കളിക്കണമെന്ന് അവര്‍ക്കാരും പറഞ്ഞുകൊടുക്കുന്നില്ല. പണ്ടൊക്കെ വല്ലപ്പോഴുമെങ്കിലും നേതൃത്വ പരിശീലന ക്യാംപെന്ന പേരില്‍ ഒരു പരിപാടി നടക്കുന്ന പോസ്റ്ററുകള്‍ എവിടെയെങ്കിലും കാണുമായിരുന്നു. കുറച്ചുകാലമായി അതു കാണുന്നില്ല. കെ.പി.സി.സിക്കും ഡി.സി.സിക്കും താഴെയുള്ള കമ്മിറ്റികളുടെ യോഗം തന്നെ ഏതെങ്കിലും തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് നടക്കുന്നതെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഇടക്കിടെ അടിപൊട്ടുന്ന വാര്‍ത്തകള്‍ പുറത്തുവരുമായിരുന്നല്ലോ. അങ്ങനെയൊന്നും ഇപ്പോള്‍ കേള്‍ക്കുന്നില്ല. രാഷ്ട്രീയക്കളിക്കു പ്രാപ്തി നേടാന്‍ മറ്റെന്തെങ്കിലും തരത്തിലുള്ള ഹോംവര്‍ക്ക് അവര്‍ ചെയ്യുന്നതായും കേട്ടറിവില്ല. ഓരോരുത്തരും കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുന്നത് എത്രയും വേഗം കെ.പി.സി.സി ഭാരവാഹിയോ അല്ലെങ്കില്‍ അവിടെ അംഗമെങ്കിലുമോ ആവണമെന്ന ആഗ്രഹത്തോടെയാണ്. അത് അതിവേഗം സംഭവിക്കുന്നതിനാല്‍ കാര്യമായി മേലനങ്ങേണ്ടതില്ല. ഇങ്ങനെയൊക്കെയുള്ള കോണ്‍ഗ്രസുകാരെ പാര്‍ലമെന്റില്‍ പോയി ചുമ്മാ ഇരിക്കാനല്ലാതെ നാട്ടിലെ പണിക്കു കൊള്ളില്ലെന്ന് നാട്ടുകാര്‍ക്കു തോന്നിയതില്‍ ഒട്ടും അത്ഭുതമില്ല.
ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ ബി.ജെ.പിക്കാര്‍ സ്വപ്നം കാണുന്ന കോണ്‍ഗ്രസ് മുക്ത ഭാരതമുണ്ടാകുന്നതിനു മുന്‍പു തന്നെ കേരളം കോണ്‍ഗ്രസ് മുക്തമാകുമെന്നാണ് തോന്നുന്നത്. അതു സംഭവിക്കാതിരിക്കണമെങ്കില്‍ എങ്ങനെ രാഷ്ട്രീയം കളിക്കണമെന്ന് അധികം വൈകാതെ തന്നെ കോണ്‍ഗ്രസുകാര്‍ പഠിക്കണം. അതു പഠിപ്പിക്കാനുള്ള പ്രാപ്തി സംസ്ഥാന നേതാക്കള്‍ക്കില്ല. അതുകൊണ്ട് പാര്‍ട്ടിക്കാരെ ഉടന്‍ ട്യൂഷനു വിടാന്‍ നേതൃത്വം തീരുമാനിക്കണം. ഈ വിഷയം പഠിപ്പിക്കാന്‍ യോഗ്യതയുള്ള നിരവധിയാളുകള്‍ നാട്ടിലുണ്ട്. ഇക്കാര്യത്തില്‍ താരതമ്യേന മികച്ചൊരു സര്‍വകലാശാലയാണ് എ.കെ.ജി സെന്റര്‍. സി.പി.എമ്മിലെ ഉത്തമന്‍മാര്‍ക്കും ഇപ്പോള്‍ കാര്യമായി പാര്‍ട്ടി ക്ലാസ് കിട്ടാറില്ലെങ്കിലും ദേശാഭിമാനിയെങ്കിലും വായിക്കുകയും ഇടയ്ക്കിടെ കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്ന് ചര്‍ച്ച നടത്തുകയുമൊക്കെ ചെയ്യുന്നതിനാല്‍ നാട്ടിലിറങ്ങി എന്തെങ്കിലുമൊക്കെ ചെയ്യാനും നാട്ടുകാരോട് പറഞ്ഞുനില്‍ക്കാനും അവര്‍ക്കറിയാം. തോല്‍പ്പിച്ചവരുടെ അടുത്തു തന്നെ ട്യൂഷനു പോകുന്നതില്‍ ചമ്മലില്ലെങ്കില്‍ അക്കാര്യം ആലോചിക്കാവുന്നതാണ്.
ഈ വിദ്യയില്‍ ഇപ്പോള്‍ സി.പി.എമ്മുകാരെക്കാളധികം വൈദഗ്ദ്ധ്യമുള്ളവരാണ് ബി.ജെ.പിക്കാര്‍, പ്രത്യേകിച്ച് അവരിലെ ആര്‍.എസ്.എസ് കേഡര്‍മാര്‍. എന്തു കളികളിച്ചിട്ടായാലും കിട്ടേണ്ട വോട്ടുകള്‍ പരമാവധി നേടിയെടുക്കാനുള്ള സൂത്രപ്പണികള്‍ അവര്‍ക്കറിയാം.
ഇനി അവരുടെയടുത്ത് ട്യൂഷനു പോയി അതു വാര്‍ത്തയായാല്‍ കോണ്‍ഗ്രസിന്റെ ദേശ് കീ നേതാജികള്‍ക്ക് വല്ല ബുദ്ധിമുട്ടുണ്ടെങ്കില്‍ വേറെയും വഴികളുണ്ട്. അതിനു പറ്റിയ ആളുകള്‍ കോണ്‍ഗ്രസുകാരുടെ കൂട്ടാളികളായി തന്നെയുണ്ട്. മുസ്‌ലിം ലീഗുകാര്‍. ചിട്ടയായി പാര്‍ട്ടി പ്രവര്‍ത്തനവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും നടത്തി ശീലമുള്ളവര്‍. നിശ്ചിത കാലയളവില്‍ യോഗങ്ങള്‍ ചേരുകയും നാട്ടുകാരെ ആകര്‍ഷിക്കുന്ന എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പത്രം വായിക്കുകയുമൊക്കെ ചെയ്യുന്നവര്‍. കോണ്‍ഗ്രസുകാരെ വിശ്വസിച്ച് ചിലയിടങ്ങളില്‍ നിര്‍ത്തിയ സ്ഥാനാര്‍ഥികള്‍ അവരുടെ കൊള്ളരുതായ്മകൊണ്ട് തോറ്റുപോയെങ്കിലും സ്വന്തം തട്ടകങ്ങളില്‍ വോട്ടു ചോരാതെ മികച്ച വിജയം നേടാന്‍ ലീഗുകാര്‍ക്കായത് സംഘടനാ സംവിധാനങ്ങളെ ഇങ്ങനെ എണ്ണയിട്ട് സദാ പ്രവര്‍ത്തനസജ്ജമാക്കി നിര്‍ത്തുന്നതുകൊണ്ടാണ്. കോണ്‍ഗ്രസ് അണികളെ രാഷ്ട്രീയക്കളി പഠിപ്പിച്ചെടുക്കാന്‍ ഒന്നു സഹായിക്കണമെന്ന് നേതാക്കള്‍ യു.ഡി.എഫ് യോഗം ചേരുമ്പോള്‍ ലീഗ് നേതാക്കളോടു പറഞ്ഞാല്‍ സമ്മതിക്കുമെന്നുറപ്പാണ്. കോണ്‍ഗ്രസുകാര്‍ ലീഗ് ഓഫിസുകളില്‍ ട്യൂഷനു പോകുന്നതില്‍ നാണക്കേട് തോന്നേണ്ട കാര്യവുമില്ല. പിന്നെയുമുണ്ട് വേറെയും ആളുകള്‍. വെല്‍ഫെയര്‍ പാര്‍ട്ടിക്കാരും എസ്.ഡി.പി.ഐക്കാരും. സംഘടനാ പ്രവര്‍ത്തനം എങ്ങനെ നടത്തണമെന്ന് അവര്‍ക്കും നന്നായറിയാം. വെല്‍ഫെയര്‍ പാര്‍ട്ടിക്കാര്‍ക്ക് യു.ഡി.എഫിന്റെയും എസ്.ഡി.പി.ഐക്കാര്‍ക്ക് സി.പി.എമ്മിന്റെയും കൂട്ടുണ്ടായിരുന്നെങ്കിലും സംഘടനാ സംവിധാനങ്ങള്‍ കൊണ്ടുനടക്കാന്‍ അറിയാവുന്നതുകൊണ്ടു കൂടിയാണ് അവര്‍ ഈ തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തിയത്. എന്നാല്‍ കേരളത്തിലെ എല്ലാ കോണ്‍ഗ്രസുകാരെയും പഠിപ്പിക്കാന്‍ മാത്രം അധ്യാപകരെ നല്‍കാനുള്ള അംഗബലം അവര്‍ക്കില്ല. ചീള് കേസുകള്‍. അതുകൊണ്ട് അവരുടെ ശിഷ്യത്വം സ്വീകരിച്ചിട്ട് വലിയ കാര്യമൊന്നുമില്ല. എങ്കിലും കണ്ടുപഠിക്കാനെന്തെങ്കിലും അവരിലും കാണും.
പിന്നെയുള്ളത് സി.പി.ഐക്കാരാണ്. അവരുടെ അടുത്തു പോയിട്ട് വലിയ കാര്യമൊന്നുമില്ല. കുറച്ചുകാലം കോണ്‍ഗ്രസിന്റെ കൂടെക്കൂടിയതിന്റെ ഫലമാവാം, പാര്‍ട്ടി കൊണ്ടുനടക്കുന്നതില്‍ വലിയ നൈപുണ്യമൊന്നും അവര്‍ക്കില്ല. പിന്നെ കൂട്ടിനു സി.പി.എമ്മുള്ളതു കൊണ്ട് എവിടെയെങ്കിലുമൊക്കെ ജയിച്ചുപോകുന്നുവെന്നു മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."