അവഗണന നേരിട്ട് കൊറഗ വിഭാഗം ജനം
ബദിയഡുക്ക: പട്ടിക വര്‍ഗ പ്രാചീന ഗോത്ര വിഭാഗത്തില്‍പ്പെട്ടതും വംശനാശം നേരിടുന്നതുമായ കൊറഗ വിഭാഗം വികസനത്തിനു കാതോര്‍ക്കുന്നു. ഇന്നും ഈ സമുദായം മറ്റു ജനവിഭാഗങ്ങളില്‍നിന്നു തീര്‍ത്തും ഒറ്റപ്പെട്ടനിലയിലാണ്. ജില്ലയുടെ വടക്കെ അതിര്‍ത്തിയില്‍ മാത്രമുള്ള ഈ ജനവിഭാഗം അവഗണനയില്‍ കഴിയുകയാണ്. മഞ്ചേശ്വരം, കാസര്‍കോട് ബ്ലോക്കുകളിലായി അന്‍പതോളം പട്ടിക വര്‍ഗ കോളനികളില്‍ നാനൂറിലേറെ കൊറഗ കുടുംബങ്ങള്‍ താമസിക്കുന്നുവെന്നതാണ് അഞ്ചു വര്‍ഷം മുമ്പു നടത്തിയ സര്‍വേ പ്രകാരം കണ്ടെത്തിയത്. ചോല നായക്കര്‍, കാട്ടുനായക്കര്‍, കാടര്‍, കുറിച്യര്‍ എന്നീ വിഭാഗങ്ങളിലെപ്പോലെ കൊറഗരെയും പ്രാചീന ഗോത്രവിഭാഗത്തില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കൃഷി ചെയ്യാനോ മൃഗങ്ങളെ വളര്‍ത്താനോ ശീലിച്ചിട്ടില്ലാത്ത കൊറഗരുടെ ജീവിതോപാധി ഇന്നും കൊട്ടമെടയലാണ്. കാട്ടില്‍ നിന്നു ശേഖരിക്കുന്ന വള്ളികള്‍ ഉപയോഗിച്ച് 'കൊട്ട'യുണ്ടാക്കി വില്‍ക്കുന്ന ഇവര്‍ ഒന്നും കരുതി വെക്കുന്ന ശീലക്കാരല്ല. സ്വന്തം വീട് എന്ന ചിന്തപോലും ഇവരില്‍ പലര്‍ക്കുമില്ല. സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന വീടുകളില്‍ പരസ്പരം മാറി മാറി താമസിക്കുകയാണ് അധികവും. വേനല്‍ക്കാലത്ത് വീട് ഉപേക്ഷിച്ച് മരത്തിനടിയില്‍ കിടന്നുറങ്ങുന്നവരുമുണ്ട്. കൊട്ട മെടയുന്നതിനു കാട്ടുവള്ളികള്‍ ശേഖരിക്കാന്‍ കിലോമീറ്ററുകള്‍ താണ്ടി വനങ്ങളിലേക്കു പോകേണ്ടി വരുന്നു. പലപ്പോഴും വനത്തിനുള്ളില്‍ ദിവസങ്ങളോളം തങ്ങിയാല്‍ മാത്രമെ ഒരാഴ്ച കൊട്ട മെടയാനുള്ള വള്ളികള്‍ ഇവര്‍ക്ക് ലഭിക്കുകയുള്ളു. ചില സമയങ്ങളില്‍ വനം വകുപ്പ് അധികൃതര്‍ വനത്തിനുള്ളിലേക്ക് ഇവരെ കടത്തി വിടാറുമില്ല. മഴയെത്തുന്നതോടെ വള്ളികള്‍ ശേഖരിക്കാന്‍ ഏറെ പ്രയാസപ്പെടെണ്ടി വരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുഴു പട്ടിണിയായിരിക്കും ഇവരുടെ ജീവിതം.
കോളനികളില്‍ പലരും ക്ഷയബാധിതരായി കഴിയുന്നവരുമുണ്ട്. അസുഖം ബാധിച്ച് പല കുടുംബംഗങ്ങളും മരിക്കുകയുണ്ടായി. പട്ടിണിയും വ്യാധിയും ചൂഷണവുമാണ് കൊറഗരെ അരക്ഷിതാവസ്ഥയാലാക്കിയത്.സര്‍ക്കാര്‍ ആസൂത്രണം ചെയ്ത ചികിത്സ പദ്ധതികള്‍ നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയവരുടെ ഉദാസീനതകൊണ്ട് പാളി പോവുകയാണുണ്ടാവുന്നത്. ചികിത്സക്കായി സഹകരിക്കാറില്ലെന്നാണ് അധികൃതര്‍ കണ്ടെത്തിയ ന്യായീകരണം.കൊറഗരുടെ ആരോഗ്യത്തിനുവേണ്ടി നിലവില്‍ വന്ന മൊബൈല്‍ യൂനിറ്റിന്റെ പ്രവര്‍ത്തനത്തിന് ഒരു വാഹനം അനുവദിച്ചിരുന്നു.എന്നാല്‍ ഇവര്‍ക്ക് കോളനികളിലെ രോഗികളെ കണ്ടെത്താനോ ചികിത്സ നല്‍കാനോ കഴിയുന്നില്ലെന്നാണ് ആരോപണം.
ബദിയഡുക്കയില്‍ കര്യാഡ്, ധര്‍ബ്ബത്തടുക്ക, പെരിയടുക്ക,മാടത്തടുക്ക, പെരഡാല ,കാടമനകോളനികളിലായുള്ള 70 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വീടു നിര്‍മിച്ചു നല്‍കിയിട്ടുണ്ടെങ്കിലുംഭൂമി ഇവരുടെ ഉടമസ്ഥതയില്‍ ഇല്ലാത്തതിനാല്‍ പല കുടുംബങ്ങള്‍ക്ക് ഇന്നും റേഷന്‍ കാര്‍ഡ് ഇല്ല. പെരഡാല കോളനിയില്‍ പതിനഞ്ചു വര്‍ഷം മുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ച് റബര്‍ വച്ചു പിടിപ്പിച്ചുവെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളുടെ പതിവ് അനാസ്ഥയില്‍ അതും നശിച്ചുകൊണ്ടിരിക്കുകയാണ്. കോളനിയില്‍ ഒരു ഏകാധ്യാപക വിദ്യാലയമുണ്ട്. അത് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടു മാത്രം ഇവിടുത്തെ അഞ്ചു കുട്ടികള്‍ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠനം നടത്തുന്നു. കോളനികളിലെ പല കുടുംബങ്ങളും പ്രയാധിക്യത്താലും മറ്റു ചിലര്‍ അസുഖം മൂലവും മരിക്കുമ്പോള്‍ ചിലര്‍ വീടുകള്‍ ഉപേക്ഷിച്ച് പോയതോടെ സ്വകാര്യ വ്യക്തികള്‍ ഇവരുടെ സ്ഥലം കൈയേറിയതായും ആരോപണമുണ്ട്. അവശേഷിക്കുന്ന കുടുംബങ്ങളുടെ ജീവിതാഭിവൃദ്ധിക്ക് സമഗ്രമായ പദ്ധതികള്‍ ആസൂതണം ചെയ്തു നടപ്പാക്കിയില്ലെങ്കില്‍ കൊറഗ വിഭാഗം വംശനാശം നേരിട്ടുവെന്ന് ചരിത്രത്തിന്റെ താളുകളില്‍ രേഖപ്പെടുത്തേണ്ടി വരുമെന്നാണ് പറയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."