സാമൂഹ്യവിരുദ്ധരുടെ താവളമായി ജവഹര്‍ ഘട്ടും പരിസരവും
തലശ്ശേരി: കുറ്റികാട് വെട്ടിത്തെളിച്ചപ്പോള്‍ പൊലിസിനു ലഭിച്ചത് മയക്കുമരുന്നിന് ഉപയോഗിക്കുന്ന സിറിഞ്ചും കാലിക്കുപ്പികളും. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് തലശ്ശേരി കോട്ടക്കു പിന്‍വശത്തുള്ള ജവഹര്‍ ഘട്ടും പരിസരവും വൃത്തിയാക്കിയപ്പോഴാണു പൊലിസിന് ഇത്തരം വസ്തുക്കള്‍ ലഭിച്ചത്.
ഏറെകാലമായി സാമൂഹ്യ വിരുദ്ധരുടെയും മയക്കുമരുന്ന് ലോബികളുടെയും കൈയിലാണു ജവഹര്‍ ഘട്ടും പരിസരവും. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യംവച്ച് മയക്കുമരുന്ന് സംഘം ഇവിടെ പ്രവര്‍ത്തിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. രാത്രികാലങ്ങളില്‍ മറ്റു അനാശാസ്യ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമാണ് ഇവിടം.
കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായപ്പോഴാണു ജവഹര്‍ഘട്ട് കോടികള്‍ ചെലവഴിച്ച് നവീകരിച്ചത്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണു പദ്ധതി നടപ്പാക്കിയതെങ്കിലും പിന്നീട് ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമാവുകയായിരുന്നു. ഇന്നലെ ജനമൈത്രി പൊലിസിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തി നടന്നത്. വര്‍ഷങ്ങളായി കെട്ടിക്കിടന്ന മാലിന്യങ്ങള്‍ നീക്കുന്നതിനിടയിലാണ് ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തിയത്. ശുചീകരണ പ്രവര്‍ത്തനത്തില്‍ തലശ്ശേരി കൂട്ടം, ഫേസ്ബുക്ക് കൂട്ടായ്മ തുടങ്ങിയ സംഘടനകളും പ്രവര്‍ത്തകരും പങ്കാളികളായി.
സി.ഐ എം.പി ആസാദ്, നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍, ജനമൈത്രി പൊലിസ് ഓഫിസര്‍ മുജീബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വരുംദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ താവളമടിക്കുന്ന മയക്കുമരുന്ന് സാമൂഹ്യവിരുദ്ധര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."