തദ്ദേശ തോല്‍വി; ജില്ലയില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം
ആലപ്പുഴ: തദ്ദേശ തോല്‍വിയെ തുടര്‍ന്ന് ജില്ലയിലും കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനെ തുണച്ച നഗരസഭകളില്‍ ഉള്‍പ്പെടെ ജില്ലയില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെയാണ് നേതൃത്വത്തിനെതിരേ പ്രതിഷേധം ശക്തമായത്. ഡി.സി.സി നേതൃത്വത്തിനെതിരേ പോസ്റ്റര്‍ യുദ്ധവും തുടങ്ങിയിട്ടുണ്ട്. കൂടാതെ സോഷ്യല്‍ മീഡിയയിലും സ്ഥാനാര്‍ഥികളായി പരാജയപ്പെട്ടവരും നേതൃത്വത്തിനെതിരേ രംഗത്തുണ്ട്.
സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണ രംഗത്തും വലിയ പിഴവുകള്‍ സംഭവിച്ചെന്നാണ് അണികള്‍ ആരോപിക്കുന്നത്. വിജയത്തിനുള്ള മാനദണ്ഡം നോക്കാതെ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ്സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചുവെന്നതാണ് പ്രധാന പരാതി. കഴിഞ്ഞ തവണ യു.ഡി.എഫ് ഭരിച്ച ആലപ്പുഴ നഗരസഭയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് വിമതര്‍ ഉള്‍പ്പെടെയുള്ളവര്‍ മത്സരിച്ചത് യു.ഡി.എഫിന് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. കോണ്‍ഗ്രസ് വിമതര്‍ മത്സരിച്ച വാര്‍ഡുകളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. ആലപ്പുഴ നഗരസഭയില്‍ ആകെയുള്ള 52 സീറ്റുകളില്‍ 35 സീറ്റുകളാണ് എല്‍.ഡി.എഫ് പിടിച്ചത്. 24ല്‍നിന്ന് 11ലേക്ക് യു.ഡി.എഫ് കൂപ്പുകുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."