പകല്‍വീടുകളിലെ വയോജനങ്ങള്‍ക്ക് കൂട്ടായി കുടുംബശ്രീ
പാലക്കാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പകല്‍വീടുകളിലെ അന്തേവാസികള്‍ക്ക് മാനസികപിന്തുണയുമായി കുടുംബശ്രീയുടെ സ്‌നേഹസാന്ത്വനം പദ്ധതിയ്ക്ക് തുടക്കമായി.
സമൂഹത്തിന്‍ 30% ത്തോളം വരുന്ന വൃദ്ധജനങ്ങളുടെ ഒറ്റപ്പെടലിനും ഏകാന്തതയ്ക്കും പരിഹാരമായി പകല്‍സമയങ്ങളില്‍ കൂടിയിരിക്കാനും സൗഹൃദവും തങ്ങളുടെ പ്രശ്‌നങ്ങളും പരസ്പരം പങ്കുവെയ്ക്കാനുള്ള സംവിധാനമാണ് പകല്‍വീടുകള്‍.
ജീവിതത്തിന്റെ സായാഹ്നത്തില്‍ പകല്‍വീടുകളിലെത്തുന്ന വയോജനങ്ങള്‍ക്ക് ആരോഗ്യപരിപാലനത്തോടൊപ്പം മാനസികാരോഗ്യവും സംരക്ഷിക്കപ്പെടണം എന്ന ലക്ഷ്യത്തോടെയാണ് സ്‌നേഹസാന്ത്വനം പദ്ധതി കുടുംബശ്രീ ജില്ലാമിഷന്‍ വിഭാവനം ചെയ്തിരിയ്ക്കുന്നത്. മാനസിക പിന്തുണ ആവശ്യമുള്ളവരെ കണ്ടെത്താനും അവര്‍ക്ക് പ്രത്യേക സഹായം ലഭ്യമാക്കാനും ബന്ധപ്പെട്ട വിദഗ്ദര്‍ പകല്‍വീടുകളിലെത്തും.
ഒന്നും ചെയ്യാനില്ലെന്നും കേള്‍ക്കാന്‍ ആളില്ലെന്നുമുള്ള ചിന്തകളില്‍ നിന്നും ശ്രദ്ധതിരിച്ച് ഒരോരുത്തരുടെയും താല്‍പര്യവും കഴിവുമനുസരിച്ച് സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് വലിയ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കാന്‍ അവരെ പ്രാപ്തരാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ ഭാഗമാകും. കുടുംബശ്രീയ്ക്ക് കീഴിലുള്ള കമ്മൂണിറ്റി കൗണ്‍സിലര്‍മാര്‍, സ്‌നേഹിത കൗണ്‍സിലര്‍മാര്‍ എന്നിവരാണ് കൗണ്‍സിലിംഗിനും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ക്കും നേതൃത്വം നല്‍കുക.
വയോജന ദിനത്തിനോടനുബന്ധിച്ച് ശ്രീകൃഷ്ണപുരം, തിരുമിറ്റക്കോട് എന്നീ പഞ്ചായത്തുകളിലെ പകല്‍വീടുകളില്‍ നടന്ന വയോജന സംഗമത്തോടെ സ്‌നേഹസാന്ത്വനം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.
പകല്‍വീടുകളുള്ള മറ്റു പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ശ്രീകൃഷ്ണപുരത്ത് പഞ്ചായത്ത് പ്രസിഡണ്ട് സി.എല്‍.ഷാജുശങ്കറും തിരുമിറ്റക്കോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.സുഹറയും പദ്ധതി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."