പ്രളയം: ഫിഷറീസ് മേഖലയില്‍ കോടികളുടെ നഷ്ടമെന്ന് റിപ്പോര്‍ട്ട്
മട്ടാഞ്ചേരി: സംസ്ഥാനത്ത് കഴിഞ്ഞ മാസമുണ്ടായ പ്രളയത്തില്‍ ഫിഷറീസ് മേഖലയില്‍ മാത്രം കോടികളുടെ നഷ്ടമുണ്ടായതായി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ് ) നിയോഗിച്ച ടീം കണ്ടെത്തി.
തീരദേശത്തുള്ള വള്ളങ്ങള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കുമുണ്ടായ നഷ്ടം 11 കോടിയും തുടര്‍ന്നുണ്ടായ തൊഴില്‍ നഷ്ടം 93.7 കോടിയുമായാണ് കണക്കാക്കിയിരിക്കുന്നത് . കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ നിര്‍ദേശാനുസരണം സിഫ്റ്റ് ഡയറക്ടര്‍ ഡോ.സി എന്‍ രവിശങ്കര്‍ നിയോഗിച്ച എട്ടു ടീമുകളുടെ പഠന റിപോര്‍ട്ടാണ് ലഭിച്ചിരിക്കുന്നത്. ഡോ.ലീല എഡ്വിനാണ് ടീമുകളെ നയിച്ചത്. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചും ദുരിത ബാധിതരുമായും മത്സ്യതൊഴിലാളികളുമായാകും ഫിഷറീസ് വകുപ്പുമായും ആശയ വിനിമയം നടത്തിയുമാണ് റിപോര്‍ട്ട് തയാറാക്കിയത്.
തീരദേശത്ത് വള്ളങ്ങള്‍ ഒഴുകിപ്പോയതിന് 6.7 കോടിയും സമുദ്ര മത്സ്യബന്ധന മേഖലയില്‍ ഈയിനത്തിന്‍ 48 കോടിയുടെയും നഷ്ടമുണ്ടായിട്ടുണ്ട്. മറൈന്‍ ഫിഷറീസ് മേഖലയില്‍ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്. 393 കോടിയാണ് ഇവിടെ നഷ്ടം കണക്കാക്കിയിരിക്കുന്നത്. പരിസ്ഥിതിക്ക് ഉണ്ടായ ആഘാതം കനത്തതാണെന്നും മത്സ്യക്കുഞ്ഞുങ്ങള്‍ വ്യാപകമായി നശിച്ചുവെന്നും ഭാവിയില്‍ ഇതു കാരണം മത്സ്യ ഉല്‍പ്പാദനം കുറഞ്ഞേക്കുമെന്നും സിഫ്റ്റ് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."