ഏഴുവയസുകാരന്റെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് 11 ലക്ഷം രൂപ പിരിച്ച് ഒരുസംഘം ഡോക്ടര്‍മാര്‍
ന്യൂഡല്‍ഹി: നിര്‍ധനരായ ദമ്പതികളുടെ ഏഴുവയസുകാരനായ മകന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ഒരുസംഘം ഡോക്ടര്‍മാര്‍ സംഘടിച്ചപ്പോള്‍ പിരിഞ്ഞുകിട്ടിയത് 11 ലക്ഷം രൂപ. മൊത്തം 15 ലക്ഷം രൂപ ശസ്ത്രക്രിയക്കായി വേണമെന്നായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ നിര്‍ധനരായ യു.പിയിലെ ലഖ്നൗ സ്വദേശി മുഹമ്മദ് റെഹാനും ഭാര്യക്കും ഇത്രയും വലിയൊരു തുകയെക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിയുമായിരുന്നില്ല. അലി ഹംസയെന്ന തങ്ങളുടെ മകനെ രക്ഷിക്കണമെന്ന് തങ്ങളുടെ കുട്ടിയെ പ്രവേശിപ്പിച്ച ഡല്‍ഹി സാകേതിലെ മാക്സ് ആശുപത്രിയിലെ ഡോക്ടര്‍മാരോട് അപേക്ഷിക്കുകയല്ലാതെ മുഹമ്മദ് റെഹാനും ഭാര്യക്കും കഴിയുമായിരുന്നില്ല.
ഇരുകൈയ്യും നീട്ടി തങ്ങളുടെ നിസഹായാവസ്ഥ പറഞ്ഞതോടെ ആശുപത്രിയിലെ ഡോക്ടര്‍ ശരത് വര്‍മയുടെ നേതൃത്വത്തില്‍ ചികിത്സക്കുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. അപ്പോഴേക്കും കുട്ടിയുടെ നില അത്യന്തം വഷളായിരുന്നു. അബോധാവസ്ഥയിലായ കുട്ടിയെ രക്ഷിക്കണമെങ്കില്‍ കരള്‍മാറ്റ ശസ്ത്രക്രിയ അല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞാണ് പണം സ്വരൂപിക്കാനുള്ള ശ്രമം തുടങ്ങിയത്. അങ്ങനെയാണ് ഡോക്ടര്‍മാര്‍ പണം പിരിച്ചത്. സ്വന്തം ആശുപത്രിയില്‍ നിന്നുതന്നെയാണ് 11 ലക്ഷം രൂപ പിരിച്ചെടുത്തത്. ശേഷിക്കുന്ന മൂന്ന് ലക്ഷം രൂപ മുഹമ്മദ് റെഹാനും സംഘടിപ്പിച്ചു. പലരില്നിന്നായിട്ടാണ് ഇയാള്‍ പണം വാങ്ങിയത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ റെഹാനും കുടുംബവും കൈകൂപ്പി. ഒന്നാം ക്ലാസില്‍ പഠിക്കുന്ന അലിയുടെ ശസ്ത്രക്രിയ വന്‍വിജയമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."