പിലാത്തറ-പാപ്പിനിശ്ശേരി റോഡ് ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണം: ജില്ലാ വികസന സമിതി
കണ്ണൂര്‍: നാലു വര്‍ഷമായി പ്രവൃത്തി തുടരുന്ന പിലാത്തറ-പാപ്പിനിശ്ശേരി സംസ്ഥാന പാതയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ടി.വി രാജേഷ് എം.എല്‍.എയാണ് പ്രമേയം അവതരിപ്പിച്ചത്. റോഡ് പണി നടക്കുന്നതിനാല്‍ ചെറുകുന്ന് തറ, മടക്കര, ഇരിണാവ് തുടങ്ങിയ ഭാഗങ്ങളിലേക്ക് ബസ് ഗതാഗതം നിലച്ചത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നതിനാല്‍ ഭാഗികമായെങ്കിലും ഗതാഗതം പുനസ്ഥാപിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ഇതിനായി 29നു കെ.എസ്.ടി.പി, പൊലിസ്, ട്രാഫിക് ഉദ്യോഗസ്ഥര്‍, ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവരുടെ യോഗം വിളിച്ചുചേര്‍ക്കും. പുതിയതെരുവിലെ ഗതാഗതക്കുരുക്ക് കാരണം വളപട്ടണം, പാപ്പിനിശ്ശേരി വരെ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടുന്ന സാഹചര്യത്തില്‍ ഇതൊഴിവാക്കുന്നതിന് പോലിസിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ എ.ഡി.എം മുഹമ്മദ് യൂസഫ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."