ആര് ആരെ പഴിക്കും?
സംഘടനയായാലും സ്ഥാപനമായാലും രാഷ്ട്രീയകക്ഷിയായാലും തലപ്പത്തു മികവുള്ള നേതാവ് വേണം. കരുത്തും കാഴ്ചപ്പാടും നേതൃഗുണവുമുള്ള നേതാവ്. രാഷ്ട്രീയത്തില്‍ നേതാവിന്റെ സ്ഥാനം വളരെ പ്രധാനമാണ്. 'ആരാ നിങ്ങടെ നേതാവ്, എന്താ നിങ്ങടെ പരിപാടി' എന്ന പഴയ വിദ്യാര്‍ഥി മുദ്രാവാക്യം ഓര്‍ക്കുക. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഒരു കാര്യം വ്യക്തമാക്കുന്നു - പിണറായി വിജയന്‍ ഒരു വലിയ നേതാവാണ്. കാര്യങ്ങളെല്ലാം എതിരായിട്ടും പിണറായി വിജയം കൊയ്‌തെടുത്തു.
കോണ്‍ഗ്രസിനും യു.ഡി.എഫിനുമുണ്ട് മികച്ച നേതാക്കള്‍. പ്രചാരണത്തില്‍ പ്രതിപക്ഷം വളരെ മുമ്പിലായിരുന്നു. കാര്യങ്ങളൊക്കെയും സര്‍ക്കാരിനെതിര്. സ്വര്‍ണക്കടത്തും ശിവശങ്കറിന്റെ അറസ്റ്റും ലൈഫും കോടികളുടെ കോഴയുമെല്ലാം സര്‍ക്കാരിനെയും ഇടതുപക്ഷത്തെയും വേട്ടയാടുന്ന കാലം. ഇതൊന്നും പോരാഞ്ഞ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരിയുടെ അറസ്റ്റ് ബംഗളൂരുവില്‍. അതും മയക്കുമരുന്ന് കേസില്‍. സ്പ്രിംഗ്ലര്‍ മുതല്‍ ലൈഫ് വരെ ആരോപണങ്ങളുടെയും ആക്ഷേപങ്ങളുടെയും പെരുമഴക്കാലം.
പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം ഏറെ വിലപ്പെട്ട ഒരു കാലഘട്ടം. 2018-ലെ പ്രളയം, അപ്രതീക്ഷിതമായി വന്ന നിപാ, പിന്നെ പുതിയ വെല്ലുവിളിയുമായി രണ്ടാമത്തെ പ്രളയം - സര്‍ക്കാരിനെ വേട്ടയാടിയ ദുരന്തങ്ങളെയൊക്കെ അതിജീവിച്ച് സര്‍ക്കാരും അതിന്റെ തലപ്പത്തിരുന്ന് മുഖ്യമന്ത്രി പിണറായി വിജയനും പുതിയ പ്രതിച്ഛായയുടെ കൊമ്പത്തേയ്ക്ക് കയറുകയായിരുന്നു. സര്‍ക്കാരിന് എവിടെ നിന്നും മുക്തകണ്ഠ പ്രശംസ, മുഖ്യമന്ത്രിയുടെ ദൈനംദിന പത്രസമ്മേളനങ്ങള്‍ കാണാന്‍ മലയാളികള്‍ ടെലിവിഷന്‍ സ്‌ക്രീനിനു മുന്നില്‍ കാത്തിരുന്ന കാലം. കൊവിഡ് മഹാമാരി വന്‍ നാശം വിതയ്ക്കുകയും ലക്ഷങ്ങള്‍ക്കു ജീവഹാനി നേരിടുകയും ചെയ്യുന്നത് കണ്ട് ലോകരാജ്യങ്ങള്‍ പകച്ചുനിന്നപ്പോള്‍ ദുരന്തത്തെ നിയന്ത്രിച്ചുനിര്‍ത്തി അഭിനന്ദനം നേടിയ സര്‍ക്കാര്‍. സര്‍ക്കാരിതാ ഭരണത്തുടര്‍ച്ചയിലേയ്ക്ക് എന്ന് ജനങ്ങള്‍ പറഞ്ഞുതുടങ്ങിയ കാലം. പെട്ടെന്നാണ് ദുരന്തം വരിവരിയായി വന്നത്. ആദ്യം സ്പ്രിംഗ്ലര്‍, പിന്നെ ഒന്നിനു പുറകെ ഒന്നായി നാടിനെ ഞെട്ടിച്ച ആരോപണങ്ങള്‍. സ്വര്‍ണക്കടത്തും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പരമ്പരകളുമെല്ലാം സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. പ്രതിപക്ഷത്തിന്റെ നല്ലകാലം തെളിയുകയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദിവസേന മാധ്യമങ്ങളെ കാണാന്‍ തുടങ്ങി. മുഖ്യമന്ത്രിയുടെ പ്രതിച്ഛായയെയും സല്‍പ്പേരിനെയും പിച്ചിച്ചീന്തിക്കൊണ്ട് രമേശ് കത്തിക്കയറി. ആരോപണങ്ങളും ആക്ഷേപങ്ങളും മാധ്യമങ്ങള്‍ കൊണ്ടാടി. അന്വേഷണ ഏജന്‍സിയും വലകളേറെ വിരിച്ചു. കുരുക്കുകള്‍ മുറുകി. സര്‍ക്കാരിനെ പിച്ചിച്ചീന്താന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി വി. മുരളീധരനും കച്ചമുറുക്കി പടക്കളത്തിലിറങ്ങി.
സെമി ഫൈനല്‍ എന്നാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയകക്ഷികള്‍ പേരിട്ടുവിളിച്ചത്. ശരിക്കുമൊരു സെമി ഫൈനല്‍ തന്നെയായിരുന്നു താനും അത്. വരാന്‍ പോകുന്ന നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പു നടക്കുന്ന തെരഞ്ഞെടുപ്പ്. ശരിയാംവണ്ണം ജനഹിതമറിയാന്‍ ഇതിലും മെച്ചപ്പെട്ട വഴിയില്ല തന്നെ. വീരവാദവുമായി കക്ഷികളെല്ലാം മുന്നിലെത്തി. ആരും തെല്ലും കുറയ്ക്കാന്‍ പോയില്ല. പ്രാദേശിക തെരഞ്ഞെടുപ്പ് സര്‍ക്കാരിനു ഉചിതമായ മറുപടി നല്‍കും - പ്രതിപക്ഷ നേതാക്കള്‍ ഉറക്കെ വിളിച്ചു പറഞ്ഞു. ബി.ജെ.പി നേതാക്കളും ഒട്ടും കുറയ്ക്കാന്‍ പോയില്ല. പക്ഷേ ഒന്നിനും ആയുസുണ്ടായില്ല. വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 16-ാം തിയതി ഉച്ചനേരത്തോടെ വീരവാദങ്ങളൊക്കെയും കൊഴിഞ്ഞു വീണു. ജയിച്ചത് ഇടതുപക്ഷം. നേട്ടം മുഴുവന്‍ മുഖ്യമന്ത്രി പിണറായി വിജയന്.
തെരഞ്ഞെടുപ്പു ഫലം പല കാര്യങ്ങളും തുറന്നു കാട്ടി. ഐക്യജനാധിപത്യ മുന്നണിയുടെ ഐക്യം തന്നെ ശിഥിലമായിരിക്കുന്നു. നേതൃപാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം മറനീക്കി പുറത്തു വന്നിരിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ പ്രധാന ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ പുറത്താക്കിയത് വലിയ വിനയായെന്നും തെളിഞ്ഞിരിക്കുന്നു. എക്കാലവും യു.ഡി.എഫിനു തുണയായിരുന്ന കോട്ടയവും ഇടുക്കിയും പത്തനംതിട്ടയും കൈവിട്ടുപോയിരിയ്ക്കുന്നു. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ ഭരണത്തിലും നഗരഭരണത്തിലുമെല്ലാം ഇടതുപക്ഷം മുന്നില്‍. ഇത്തവണ പകച്ചുനിന്നത് പ്രതിപക്ഷനേതാക്കള്‍.
ഇനിയെന്ത് എന്ന ചോദ്യം മുന്നില്‍ ഉയര്‍ന്നുനില്‍ക്കുകയാണ്. മുന്നണിയുടെ അടിത്തറ ശോഷിച്ചിട്ടില്ലെന്നു നേതാക്കളൊക്കെയും ഉരുവിടുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര പന്തിയല്ല തന്നെ. ജോസ് കെ. മാണി വിട്ടുപോയത് ചില്ലറ ക്ഷീണമൊന്നുമല്ല ഉണ്ടാക്കിയിരിക്കുന്നത്. മുന്നണി ആകെ ശോഷിച്ചിരിക്കുന്നു. നേതൃപാര്‍ട്ടിയായ കോണ്‍ഗ്രസും രണ്ടാമത്തെ വലിയ കക്ഷിയായ മുസ്‌ലിം ലീഗും കഴിഞ്ഞാല്‍ പിന്നെ എണ്ണപ്പെട്ട പാര്‍ട്ടി ഏതുണ്ട്. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗമാണ് പിന്നീടുള്ളതില്‍ പ്രധാനം. പക്ഷേ തൊടുപുഴയില്‍ പാര്‍ട്ടിക്ക് കിട്ടിയത് കനത്ത തിരിച്ചടി. പ്രചാരണത്തിനു ഘടകകക്ഷികളെയൊന്നും കോണ്‍ഗ്രസ് കൂടെ കൂട്ടിയതേയില്ലെന്ന പരാതി വേറെ.
ഉത്തരേന്ത്യയിലൊക്കെയും കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന ഐക്യജനാധിപത്യ മുന്നണി പ്രതീക്ഷിക്കാത്ത തരത്തിലേയ്ക്കു കൂപ്പുകത്തിയത്. കേരളം എപ്പോഴും കോണ്‍ഗ്രസിന് ഒരു പച്ചതുരുത്തായിരുന്നു. മറ്റു സംസ്ഥാനങ്ങളൊക്കെയും കൈവിട്ടപ്പോഴും കേരളം കോണ്‍ഗ്രസിനോടൊപ്പം നിന്നു. ഒന്നിടവിട്ട കാലയളവില്‍ കൃത്യമായി ഭരണത്തിലേറ്റി. ഇടതുമുന്നണിയോട് നേരിട്ടേറ്റുമുട്ടിത്തന്നെ യു.ഡി.എഫ് ഭരണം പിടിച്ചെടുത്തു. ഓരോ തവണ ഭരണം നഷ്ടപ്പെടുമ്പോഴും അടുത്ത തവണ ഭരണം തിരിച്ചുപിടിക്കാമെന്ന വലിയ പ്രതീക്ഷയോടെ പ്രതിപക്ഷത്തിരുന്നു.
ഈ മുന്നണിക്ക് ഇന്നെന്ത് പറ്റി? കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ന്നോ? എക്കാലവും കോണ്‍ഗ്രസിനോടൊപ്പം നിന്നിട്ടുള്ള നാടാണ് കേരളം. സി.പി.എമ്മിനോട് മുഖത്തോടു മുഖം നോക്കി നില്‍ക്കാന്‍ ജനങ്ങളാണ് കോണ്‍ഗ്രസിനു കരുത്തു നല്‍കിയത്. അതൊരാള്‍ക്കൂട്ടമായിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും ജനാധിപത്യ, മതേതരചിന്തയിലും ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചു. ന്യൂനപക്ഷങ്ങള്‍ സുരക്ഷിതത്വത്തിന് കോണ്‍ഗ്രസ് നേതൃത്വത്തെ ഉറ്റുനോക്കി. കേരളത്തിന്റെ ജനാധിപത്യബോധവും മതേതരചിന്തയും എപ്പോഴും ബി.ജെ.പിയുടെ വരവിനു തടയിട്ടു.
ഇപ്പോള്‍ ബി.ജെ.പിയും തകര്‍ന്നിരിക്കുന്നു. ബി.ജെ.പി വേരുറപ്പിക്കുമെന്നു പേടിച്ച് ന്യൂനപക്ഷങ്ങള്‍ ഇടത്തേയ്ക്കു ചരിഞ്ഞതാണോ ഈ ഫലത്തിനു കാരണം? കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം മധ്യ കേരളത്തില്‍ പുതിയ ചലനങ്ങളുണ്ടാക്കിയോ? കോണ്‍ഗ്രസിന്റെ സ്വാധീനം കുറയുകയാണോ?
എന്തായാലും ഒരു സംസാരം പരക്കുന്നുണ്ട്. ക്രിസ്ത്യന്‍ - മുസ്‌ലിം വിഭാഗങ്ങളില്‍ വലിയൊരു അകല്‍ച്ചയ്ക്കു വഴിയൊരുങ്ങിയിരിക്കുന്നുവെന്നാണ് ആ ചിന്ത. ചില ക്രൈസ്തവ മതമേലാധ്യക്ഷന്മാര്‍ ഈ വഴിക്കു ചിന്തിച്ചുതുടങ്ങിയിട്ടുണ്ടെന്ന കാര്യം വസ്തുത മാത്രമാണ്. ഇതിന് വ്യാപകമായ പ്രസിദ്ധിയും കിട്ടുന്നുണ്ട്. ബി.ജെ.പിയുടെ പുതിയ പ്രതീക്ഷ ക്രിസ്ത്യന്‍ - മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ കുരുത്തുവരുന്ന ഈ അകല്‍ച്ചയാണ്. ക്രിസ്ത്യന്‍ വിഭാഗത്തെ കൂട്ടുപിടിച്ചാല്‍ കേരളത്തിലെ ന്യൂനപക്ഷക്കരുത്ത് പൊളിക്കാന്‍ പ്രയാസമുണ്ടാവില്ലെന്ന് അവര്‍ കണക്കുകൂട്ടുന്നു. ഇതില്‍ നിന്ന് രാഷ്ട്രീയ നേട്ടം കൊയ്‌തെടുക്കാനാവുമെന്നാണ് ബി.ജെ.പിയുടെ സ്വപ്നം.
ഇതു തീര്‍ച്ചയായും ജനാധിപത്യ - മതേതര കക്ഷികള്‍ക്കു മുന്നില്‍ ഉയര്‍ത്തുന്നതു വലിയ വെല്ലുവിളിയാണ്. കേരളത്തിനു സ്വന്തമായ ന്യൂനപക്ഷ കോട്ടകള്‍ തകര്‍ക്കാനാവും ഇനി ബി.ജെ.പി യുടെ നോട്ടം. ഇതു പക്ഷേ, കോണ്‍ഗ്രസിനു മാത്രമല്ല, ഇടതുപക്ഷത്തിനും തിരിച്ചടിയുണ്ടാക്കും. ഒരു ന്യൂനപക്ഷത്തിനെതിരേ മറ്റേ ന്യൂനപക്ഷം തിരിയുന്നത് കേരള സമൂഹത്തിനും കേരളത്തിന്റെ രാഷ്ട്രീയത്തിനും അപകടകരമാവും. കേരളം ജാഗ്രതയോടെയിരിക്കേണ്ട കാലമാണിത്. രാഷ്ട്രീയ നേതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."