തീരം ചാകരക്കൊയ്ത്തിലേക്ക്;വര്‍ഷകാല ട്രോളിങ് നിരോധനം ഇന്ന് വിട പറയും
കൊല്ലം: തീരത്തിനു ആവേശമായി വര്‍ഷകാല ട്രോളിങ് നിരോധനം ഇന്ന് വിട പറയും. ഇനി തീരത്തു ചാകരക്കൊയ്ത്തിന്റെ കാലവും. 47 ദിവസത്തെ ട്രോളിംഗ് നിരോധനത്തിനു പരിസ്മാപ്തി കുറിച്ചു മീന്‍പിടുത്ത ബോട്ടുകള്‍ കടലില്‍ പോകാതിരിക്കാന്‍ നീണ്ടകര പാലത്തിനുതാഴെ ബന്ധിച്ചിട്ടുള്ള ചങ്ങലകള്‍ ഇന്ന് അര്‍ധരാത്രിയോടെ അഴിച്ചുമാറ്റും. അതോടെ അഴിമുഖവും അനുബന്ധ തൊഴില്‍ മേഖലകളും വീണ്ടും സജീവമാകും.
ശക്തികുളങ്ങരയിലെയും നീണ്ടകരയിലെയും ഐസ്പ്ലാന്റുകളില്‍ നിന്നും ഐസ് നിറച്ചുതുടങ്ങി. ദിവസങ്ങളോളം ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന വലിയ ബോട്ടുകളിലാണ് ഐസ് നിറയ്ക്കുന്നത്. ദക്ഷിണ കേരളത്തിലെ മത്സ്യബന്ധനത്തിന്റെ സിരാകേന്ദ്രങ്ങളാണ് നീണ്ടകര, ശക്തികുളങ്ങര തുറമുഖങ്ങള്‍. ഇന്നു അര്‍ദ്ധരാത്രി കടലിലേക്കു പോകാന്‍ മത്സ്യബന്ധന ബോട്ടുകളെല്ലാം തയാറെടുത്തു കഴിഞ്ഞു. ഇന്നലെ മുതല്‍ മല്‍സ്യമേഖലയില്‍ തിരക്കും തുടങ്ങിയിരുന്നു.
നീണ്ടകര പാലത്തിനു കിഴക്ക് ഇരുപതോളം യാര്‍ഡുകളിലായി ആയിരത്തില്‍പരം ബോട്ടുകളാണ് അറ്റകുറ്റപണികള്‍ക്കും പെയിന്റിംഗിനുമായി ഒന്നരമാസത്തോളം ചെലവിട്ടത്. നീണ്ടകര പാലത്തിന് പടിഞ്ഞാറുഭാഗത്ത് അഴീക്കല്‍, ആലപ്പാട് എന്നിവിടങ്ങളില്‍ അഞ്ഞൂറോളം ബോട്ടുകള്‍ വേറെയും യാര്‍ഡുകളിലുണ്ട്. പെയിന്റിംഗ്, ബോഡിവാഷിംഗ്, വലപ്പണി, യന്ത്രസാമഗ്രികളുടെ കോട്ടം പിടിക്കല്‍ എന്നിങ്ങനെയുള്ള ജോലികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഫിഷറീസ് വകുപ്പില്‍ രജിസ്‌ട്രേഷനുള്ള 1500 ഓളം ബോട്ടുകളാണ് ഇവിടെയുള്ളത്. ഇവയില്‍ 90 ശതമാനം ബോട്ടുകളും ആദ്യദിവസം തന്നെ കടലില്‍ പോകും.
നീണ്ടകര, ശക്തികുളങ്ങര, അഴീക്കല്‍, ആലപ്പാട് എന്നിവിടങ്ങളിലായി 37 കി.മീ നീളത്തിലാണു കൊല്ലം തീരം കണക്കാക്കപ്പെട്ടിരിക്കുന്നത്. നിരോധനത്തെ തുടര്‍ന്നു നാട്ടിലേക്കു പോയിരുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ വന്നുതുടങ്ങി. ശക്തികുളങ്ങരയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ രണ്ടുദിവസമായി കൂട്ടത്തോടെ എത്തിയിട്ടുണ്ട്. ബംഗാളില്‍ നിന്നുള്ളവരാണ് അധികവും. കുളച്ചല്‍, മാര്‍ത്താണ്ഡം, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളികളും ഏറെയുണ്ട്. ഒരുവിധത്തിലുള്ള സംഘര്‍ഷത്തിനും ഇടയാക്കാതെയായിരുന്നു ഇക്കൊല്ലത്തെ ട്രോളിങ് നിരോധനം കടന്നുപോകുന്നത്. ശക്തികുളങ്ങര ഹാര്‍ബറിലെ തകര്‍ന്ന ലേലഹാളിന്റെ തറയിടുന്ന ജോലിയും പൂര്‍ത്തിയായികഴിഞ്ഞു.
ചെറുമത്സ്യങ്ങളെ
പിടിക്കുന്ന ബോട്ടുകള്‍ക്കെതിരെ
നടപടി
കൊല്ലം: വളത്തിനും മറ്റും നിയമവിരുദ്ധമായി ചെറുമത്സ്യങ്ങളെയും മത്സ്യക്കുഞ്ഞുങ്ങളെയും പിടിക്കുന്ന ബോട്ടുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഇത് ശ്രദ്ധയില്‍പെട്ടാല്‍ 0474 2792850, 9496007036, 9447141191,0476 268003 എന്നീ നമ്പറുകളില്‍ അറിയിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."