സുല്‍ത്താന്‍ ബത്തേരി നഗരസഭ ഭരണം ഉറക്കുമോ ? ഇളകുമോ ?
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ മുപ്പത്തിമൂന്നാം ഡിവിഷനില്‍(മന്ദംകൊല്ലി) ഈമാസം 11ന് നടക്കുന്ന ഉപ തെരഞ്ഞെടുപ്പ് വയനാടിന്റെയാകെ ശ്രദ്ധയാകര്‍ഷിക്കുന്നു. ജനവിധി എന്താകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് നഗരസഭക്കു പുറത്തുള്ള രാഷ്ട്രീയ നേതൃത്വവും. സി.പി.എം പിന്തുണയോടെ കേരള കോണ്‍ഗ്രസ്-എം പ്രതിനിധി ടി.എല്‍ സാബു നയിക്കുന്നതാണ് സുല്‍ത്താന്‍ ബത്തേരി നഗരസഭ. മന്ദംകൊല്ലി ഡിവിഷന്‍ തെരഞ്ഞെടുപ്പുഫലം സമീപഭാവിയില്‍ നഗരസഭയില്‍ ഭരണചിത്രം മാറുന്നതിനു കാരണമാകുമെന്ന് കരുതുന്നവര്‍ നിരവധി.
സി.പി.എമ്മിലെ ശോഭന ജനാര്‍ദനന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് മന്ദംകൊല്ലി വനിത സംവരണ ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ്.
ശക്തമായ മത്സരത്തിനാണ് ഡിവിഷന്‍ സാക്ഷ്യം വഹിക്കുന്നത്. ഡിവിഷന്‍ നിലനിര്‍ത്താന്‍ എല്‍.ഡി.എഫും പിടിച്ചെടുക്കാന്‍ യു.ഡി.എഫും അരയും തലയും മുറുക്കി രംഗത്തുണ്ട്. കരുത്ത് തെളിയിക്കണമെന്ന വാശിയില്‍ ബി.ജെ.പിയും മത്സരരംഗത്ത് സജീവമാണ്.
കോണ്‍ഗ്രസിലെ ബബിത സുധീറും സി.പി.എമ്മിലെ ഷേര്‍ലി കൃഷ്ണനും ബി.ജെ.പിയിലെ സിമി ഷാനയുമാണ് ഡിവിഷനില്‍ ഏറ്റുമുട്ടുന്നത്. 36 ഡിവിഷനുകളാണ് നഗരസഭയില്‍. നിലവില്‍ 16 വീതം അംഗങ്ങളാണ് എല്‍.ഡി.എഫിനും യു.ഡി.എഫിനും. ബി.ജെ.പിക്കും കേരള കോണ്‍ഗ്രസിനും ഓരോ പ്രതിനിധികളുണ്ട്. ജോലി ലഭിച്ചതിനെത്തുടര്‍ന്ന് സി.പി.എമ്മിലെ സോബിന്‍ വര്‍ഗീസ് രാജിവച്ച ഒഴിവില്‍ കരിവള്ളിക്കുന്ന് ഡിവിഷനിലും ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്.
മന്ദംകൊല്ലി, കരിവള്ളിക്കുന്ന് ഡിവിഷനുകള്‍ നിലനിര്‍ത്താനായാല്‍ നഗരസഭയില്‍ എല്‍.ഡി.എഫ് നില ഭദ്രമാകും. തെരഞ്ഞെടുപ്പുഫലം എതിരായാല്‍ നഗരസഭാഭരണം യു.ഡി.എഫിന്റെ കൈകളിലെത്തും.
വിജയം ഉറപ്പിക്കുന്നതിനുള്ള തന്ത്രങ്ങളുടെ ഭാഗമായി ഇടതും വലതും മുന്നണികള്‍ സ്ഥാനാര്‍ഥി നിര്‍ണയം പോലും സൂക്ഷ്മതയോടെയാണ് നടത്തിയത്. പഴുപ്പത്തൂര്‍ ചപ്പക്കൊല്ലി സുധീറിന്റെ ഭാര്യയാണ് ഡിവിഷനില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന 35കാരിയായ ബബിത.
കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബാംഗമായ ഇവര്‍ക്ക് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമുണ്ട്. സാമൂഹികപ്രവര്‍ത്തക എന്ന നിലയില്‍ വോട്ടര്‍മാര്‍ക്കിടിയില്‍ പരിചിതയുമാണ്.
കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണാണ് സി.പി.എം ടിക്കറ്റില്‍ ജനവിധി തേടുന്ന 46കാരി ഷേര്‍ലി കൃഷ്ണന്‍. ചൂരിമല ചെരിപുറത്തുപറമ്പില്‍ കൃഷ്ണനാണ് ഭര്‍ത്താവ്.
സി.പി.എം ചൂരിമല ബ്രാഞ്ച് സെക്രട്ടറി, ബത്തേരി ലോക്കല്‍ കമ്മിറ്റിയംഗം, കെ.എസ്.കെ.ടി.യു മേഖല പ്രസിഡന്റ്, മഹിള അസോസിയേഷന്‍ മേഖല പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ച് വരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് ഗോദയിലെത്തിയത്.
അരിവയല്‍ തയ്യില്‍ പുതിയപുരയില്‍ ഷാനയുടെ ഭാര്യയാണ് 43കാരിയായ സിമി. സജീവ ബി.ജെ.പി പ്രവര്‍ത്തകയാണ്. മൂന്ന് സ്ഥാനാര്‍ഥികളും ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെങ്കിലും കന്നിക്കാരുടെ പരിഭ്രമമില്ലാതെയാണ് പ്രചാരണരംഗത്തെ മുന്നേറ്റം.
കെ.പി.സി.സി മെമ്പര്‍ പി.വി ബാലചന്ദ്രന്‍ ചെയര്‍മാനും മുസ്‌ലിംലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് പി.പി അയ്യൂബ് കണ്‍വീനറുമായ കമ്മിറ്റിയാണ് ബബിത സുധീറിന്റെ തെരഞ്ഞെടുപ്പു പ്രചാരണം നിയന്ത്രിക്കുന്നത്.
ഡിവിഷനില്‍ നാലാം റൗണ്ട് പ്രചാരണമാണ് യു.ഡി.എഫ് നടത്തുന്നത്. ഡി.സി.സി പ്രസിഡന്റുമായ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, സെക്രട്ടറിമാരായ ആര്‍.പി ശിവദാസ്, നിസി അഹമ്മദ് പ്രചാരണരംഗത്തു സജീവമാണ്.
ഡിവിഷനില്‍ യു.ഡി.എഫ് വിജയക്കൊടി നാട്ടുമെന്ന വിശ്വാസത്തിലാണ് നേതാക്കള്‍.
ഡിവിഷനില്‍ മൂന്ന് റൗണ്ട് പ്രചാരണം എല്‍.ഡി.എഫും പൂര്‍ത്തിയാക്കി. സി.പി.എം സുല്‍ത്താന്‍ ബത്തേരി ലോക്കല്‍ സെക്രട്ടറി കെ.സി യോഹന്നാന്‍ കണ്‍വീനറും വര്‍ക്കി മുല്ലപ്പള്ളി ചെയര്‍മാനുമായ കമ്മിറ്റിയാണ് പ്രചാരണത്തിനു അമരം പിടിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡിവിഷനില്‍ 46 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയം. തെരഞ്ഞെടുപ്പ് വിജയത്തില്‍ സംശയമില്ലെന്നും ഭൂരിപക്ഷം മെച്ചപ്പെടുത്താനാണ് ഇടതുമുന്നണിയുെട ശ്രമമെന്നും സി.പി.എം ജില്ലാ കമ്മിറ്റിയംഗവും നഗരസഭ മുന്‍ ചെയര്‍മാനുമായ സി.കെ സഹദേവന്‍ പറഞ്ഞു. ശുഭപ്രതീക്ഷയിലാണ് ബി.ജെ.പിയും.
കൗണ്‍സിലില്‍ ബി.ജെ.പിയുടെ അംഗബലം രണ്ടായി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡിവിഷനില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്ന് തെരഞ്ഞെടുപ്പു കമ്മിറ്റി കണ്‍വീനര്‍ എം.കെ സാബുവും ചെയര്‍മാന്‍ പി.എം അരവിന്ദനും പറഞ്ഞു.
പ്രചാരണം രണ്ട് റൗണ്ട് പൂര്‍ത്തിയാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 199 വോട്ടാണ് ഡിവിഷനില്‍ ബി.ജെ.പിക്ക് ലഭിച്ചത്. ഇത്തവണ ഡിവിഷനില്‍ 966 പേര്‍ക്കാണ് വോട്ടവകാശം. ഇതില്‍ 473 പേര്‍ സ്ത്രീകളാണ്. കണ്ടറിയാം ഫലം എന്താവുമെന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."