സിദ്ദിഖ് കാപ്പന്റെ മോചനം: മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യവുമായി കുടുംബം
കോഴിക്കോട്: യു.എ.പി.എ വകുപ്പുകള്‍ ചുമത്തി യു.പിയില്‍ തടവില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍കനായ സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി സംസ്ഥാനസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കുടുംബം.ഈ ആവശ്യം ഉന്നയിച്ച് ജനുവരി ആദ്യവാരം കുടുംബം സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തുമെന്ന് സിദ്ദിഖിന്റെ ഭാര്യ റെയ്ഹാനത്ത് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒരു മലയാളി മാധ്യമ പ്രവര്‍ത്തകന് സംഭവിച്ചിരിക്കുന്ന ഈ ദുരവസ്ഥയിലും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളിലും കേരള സര്‍ക്കാര്‍ ഇടപെടണം. ഈ പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ സജീവ ഇടപെടല്‍ ആവശ്യമുണ്ട്. സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി മുഴുവന്‍ ജനാധിപത്യവിശ്വാസികളും ശബ്ദമുയര്‍ത്തണമെന്നും റെയ്ഹാനത്ത് സിദ്ദിഖ് അഭ്യര്‍ത്ഥിച്ചു.
യു.പി.പൊലീസ് കള്ളക്കഥകള്‍ തുടരുകയാണ്. സിദ്ദീഖ് കോടികളുടെ ഇടപാട് നടത്തിയെന്നും പൊലീസ് ആരോപിക്കുന്നുണ്ട്. സിദ്ദിഖിന്റെ ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടോയെന്ന് ആദ്യം പരിശോധിക്കട്ടെ. ഹാത്രാസിലേക്ക് പോകാന്‍ സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടുവെന്ന് മൊഴി നല്‍കാന്‍ യു.പി.പൊലീസ് സിദ്ദിഖ് കാപ്പനെ പ്രേരിപ്പിച്ചുവെന്നും റെയ്ഹാനത്ത് പറഞ്ഞു.
അതേസമയം മറ്റൊരു സംസ്ഥാനത്ത് നടന്ന സംഭവമായതിനാല്‍ ഇടപെടാനാവില്ലെന്നാണ് കേരള പൊലീസിന്റെ വിശദീകരണം.സുപ്രീം കോടതിയിലാണ് ഇനി പ്രതീക്ഷ. മൂന്ന് മക്കളും പ്രായമായ അമ്മയുമാണ് ഉള്ളത്. യു.പി. പൊലീസ് ഓരോ പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നെന്നും റെയ്ഹാനത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."