ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ താളംതെറ്റി
കൊല്ലം: കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും സിംഗിള്‍ ഡ്യൂട്ടി സമയം നീട്ടിയതോടെ റൂട്ടുകളില്‍ ബസുകളില്ലാതെ ജില്ലയില്‍ യാത്രക്കാര്‍ നട്ടം തിരിയുന്നു. നേരത്തേ ആറര മണിക്കൂര്‍ ഡ്രൈവര്‍ക്ക് സ്റ്റിയറിംഗ് ഡ്യുട്ടി ഉണ്ടായിരുന്നത് ഇപ്പോള്‍ സിംഗിള്‍ ഡ്യൂട്ടിയുടെ ഭാഗമായി ഏഴുമണിക്കൂറാക്കിയതാണ് സര്‍വിസുകളെ മൊത്തത്തില്‍ താളം തെറ്റിച്ചത്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സര്‍വ്വീസുകളില്‍ അഞ്ചുമിനിട്ട് കുറക്കുന്നതിലൂടെ ഒരു ട്രിപ്പിന് ലഭിക്കുന്നത് അഞ്ചുമിനിട്ടാണ്. ഇത്തരത്തില്‍ എട്ടു തവണ സര്‍വിസ് നടത്തുമ്പോള്‍ ലഭിക്കുന്ന 40 മിനിട്ട് സമയം ചെറിയ ദൂരത്തേക്ക് സര്‍വിസിനായി ഉപയോഗപ്പെടുത്തുന്ന പരിഷ്‌കാരമാണ് നടന്നുവരുന്നത്. ഇതുമൂലം ഗതാഗതത്തിരിക്കുള്ള സമയങ്ങളിലെ സര്‍വിസുകളില്‍ പലപ്പോഴും കൂടുതല്‍ യാത്രക്കാരെ കയറ്റാന്‍ കഴിയാറില്ല. സര്‍വിസുകളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നോണ്‍ സ്‌റ്റോപ്പുകളില്‍ നിന്നും നേരത്തേ യാത്രക്കാരെ കയറ്റിയരുന്നെങ്കില്‍ ഇപ്പോള്‍ ചില സ്‌റ്റോപ്പുകളില്‍പ്പോലും നിര്‍ത്താന്‍ കഴിയില്ലെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. സ്റ്റിയറിംഗ് ഡ്യൂട്ടി സമയം അരമണിക്കൂര്‍ നീട്ടിയത് നിലവില്‍ വിപരീത ഫലമുളവാക്കി. കരുനാഗപ്പള്ളിയില്‍ നിന്നും കൊല്ലത്തെത്തുന്ന ഓര്‍ഡിനറി ബസുകള്‍ കരിക്കോട് തുടങ്ങിയ നഗരാതിര്‍ത്തിവരെ സര്‍വിസ് നീട്ടിയപ്പോള്‍ കരുനാഗപ്പള്ളിയില്‍ നിന്നും ഓച്ചിറ വരെയും സര്‍വിസ് നടത്തേണ്ടി വരുന്നുണ്ട്. ഈ ബസുകള്‍ തിരികെയെത്താന്‍ വൈകിയതോടെ റീ ഷെഡ്യൂള്‍ സമയം മണിക്കൂര്‍ അധികമാകുന്നുണ്ട്. ഇതേ അവസ്ഥ തന്നെയാണ് മിക്ക റൂട്ടുകളിലും അനുഭവപ്പെടുന്നത്. കൊല്ലം, കരുനാഗപ്പള്ളി ഡിപ്പോകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്ന തെക്കുംഭാഗം വഴിയുള്ള ചെയിന്‍ സര്‍വിസുകളില്‍ പലതും കഴിഞ്ഞ രണ്ടുദിവസമായി ഏറെ താമസിച്ചാണ് ഓടുന്നത്. ഇന്നലെ ദേശീയപാതകളില്‍പ്പോലും പല സര്‍വിസുകളും താമസിച്ചിരുന്നു.
ഇതുമൂലം വിദ്യാര്‍ഥികളും സര്‍ക്കാര്‍ ജീവനക്കാരും ഏറെ ബുദ്ധിമുട്ടി. ബൈ റൂട്ടുകളില്‍ യാത്രക്കാര്‍ മണിക്കൂറുകളോളം വലഞ്ഞു. കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി മുതലാക്കി ദേശീയപാതകളില്‍ സമാന്തര സര്‍വിസുകള്‍ കൊയ്ത്തു തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."