പോരാട്ടം ആരോഗ്യകരമായ ക്യാംപസ് രാഷ്ട്രീയത്തിന്: യൂനിവേഴ്‌സിറ്റി കോളജില്‍ കെ.എസ്.യുവിനും യൂനിറ്റ്, ഭയപ്പെടുത്തിയാല്‍ എസ്.എഫ്.ഐക്ക് വേണ്ടി ജയ് വിളിക്കേണ്ട ഗതികേട് ഇനിയുണ്ടാകില്ലെന്നും ഭാരവാഹികള്‍
തിരുവനന്തപുരം: സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് തുറന്നു. കനത്ത പൊലിസ് കാവലില്‍ കോളജ് തിരിച്ചറിയില്‍ കാര്‍ഡ് പരിശോധിച്ച ശേഷമായിരുന്നു വിദ്യാര്‍ഥികളെ കാംപസിനുള്ളില്‍ പ്രവേശിപ്പിച്ചത്. പുതിയ തുടക്കമെന്ന നിലയില്‍ കോളജ് തുറക്കുമ്പോള്‍ വിദ്യാര്‍ഥികളെ അധ്യാപകര്‍ സ്വീകരിക്കാനെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതൊന്നുമുണ്ടായില്ല. വിദ്യാര്‍ഥികള്‍പതിവുപോലെ കോളജിലെക്കെത്തി.
കോളജിനു മുന്നിലും അകത്തുമുള്ള പൊലിസ് സാനിധ്യവും പുറത്തു തമ്പടിച്ചിരുന്ന മാധ്യമപ്പടയും ഒഴിച്ചാല്‍ പ്രവര്‍ത്തനം പതിവുപോലെ. കോളജിലെ ചുവരെഴുത്തുകളും കൊടിതോരണങ്ങളും നേരത്തേ നീക്കം ചെയ്തിരുന്നു.
അതിനിടെ 18 വര്‍ഷത്തിനു ശേഷം യൂനിവേഴ്‌സിറ്റി കോളജില്‍ കെ.എസ്.യു യൂനിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. സെക്രട്ടേറിയറ്റിനു മുന്നില്‍ കെ.എസ്.യു നടത്തിവന്ന നിരാഹാരസമരപ്പന്തലില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്താണ് യൂനിറ്റ് പ്രഖ്യാപനം നടത്തിയത്. അമല്‍ ചന്ദ്രയാണ് യൂനിറ്റ് പ്രസിഡന്റ്. ആര്യ എസ്.നായര്‍ (വൈസ് പ്രസി.), അച്യുത് എസ്(സെക്രട്ടറി), ഐശ്വര്യ ജോസഫ്(ജോ.സെക്രട്ടറി), അമല്‍ പി.ടി (ട്രഷറര്‍), ബോബന്‍, ഇഷാന്‍ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
ഭയപ്പെടുത്തി ഭരിക്കുന്ന സാഹചര്യമായിരുന്നു കോളേജിലെന്ന് ചുമതലയേറ്റെടുത്ത യൂനിറ്റ് പ്രസിഡന്റ് അമല്‍ ചന്ദ്ര പറഞ്ഞു. ആരോഗ്യകരമായ ക്യാംപസ് രാഷ്ട്രീയത്തിനായി പോരാടും. നേരത്തെ താനടക്കമുള്ളവരെ ഭയപ്പെടുത്തിയ എസ്.എഫ്.ഐക്ക് വേണ്ടി ജയ് വിളിക്കാന്‍ നിര്‍ബന്ധിതരാക്കിയിട്ടുണ്ടെന്നും അമല്‍ പറഞ്ഞു.
യൂനിറ്റ് പ്രഖ്യാപനത്തിന് ശേഷം കോളേജിലേക്ക് നീങ്ങിയ കെ.എസ്.യു പ്രവര്‍ത്തകരെ പൊലിസ് തടഞ്ഞു.യൂനിറ്റ് ഭാരവാഹികളെ മാത്രമാണ് കോളജിലേക്ക് കടത്തിവിട്ടത്. കൊടിയും മറ്റും കോളേജിനകത്തേക്ക് കൊണ്ടുപോകാനും അനുവദിച്ചില്ല. ഭാരവാഹികള്‍ പ്രിന്‍സിപ്പലിനെ കണ്ടു മടങ്ങി. ഇതിനിടയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളജിനുള്ളില്‍ പ്രകടനവും നടത്തി.
ഈ മാസം 12നാണ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായ മൂന്നാം വര്‍ഷ വിദ്യാര്‍ഥി അഖിലിനെ എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി നേതാക്കള്‍ ഉള്‍പ്പെട്ട സംഘം കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഖില്‍ ഇന്നലെ ആശുപത്രി വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."