നോമ്പെന്നാല്‍.. കാരുണ്യം വര്‍ഷിക്കുന്ന മാസം
പാപമോചനത്തിന്റെയും കാരുണ്യത്തിന്റെയും നരക മോചനത്തിന്റെയും മാസമായ പരുശുദ്ധ റമദാന്‍ സമാഗതമായി. ഹിജ്‌റ രണ്ടാം വര്‍ഷം ശഅ്ബാന്‍ മാസത്തിലാണ് റമദാന്‍ നോമ്പ് നിര്‍ബന്ധമാക്കിയത്. പ്രായ പൂര്‍ത്തിയും ബുദ്ധിയുമുള്ള നോമ്പ് എടുക്കാന്‍ കഴിവുമുള്ള എല്ലാ മുസ്്‌ലിമിനും നോമ്പ് നിര്‍ബന്ധമാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടി, ബുദ്ധിക്ക് സ്ഥിരതയില്ലാത്തവര്‍, വാര്‍ധക്യം കൊണ്ടോ ഭേദമാവാത്ത രോഗം കൊണ്ടോ നോമ്പനുഷ്ടിക്കാന്‍ സാധിക്കാത്തവന്‍ തുടങ്ങിയവര്‍ക്ക് നോമ്പ് നിര്‍ബന്ധമില്ല. എങ്കിലും വാര്‍ധക്യം കൊണ്ടോ ഭേദമാകാത്ത രോഗം കൊണ്ടോ നോമ്പ് എടുക്കാന്‍ ഓരോ നോമ്പിനും ഓരോ മുദ്ദ് പ്രായശ്ചിത്തമായി മിസ്‌കീനിന് നല്‍കല്‍ നിര്‍ബന്ധമാണ്.
സ്ത്രീകള്‍ക്ക് അശുദ്ധിയുള്ള കാലയളവില്‍ നോമ്പനുഷ്ടിക്കാന്‍ പാടില്ലെങ്കിലും ശുദ്ധിയുള്ള കാലയളവില്‍ അവ വീണ്ടെടുക്കല്‍ നിര്‍ബന്ധമാണ്. കുട്ടികള്‍ക്ക് നോമ്പ് നിര്‍ബന്ധമില്ലെങ്കിലും ഏഴ് വയസായാല്‍ നോമ്പിന് കഴിവുള്ള കുട്ടിയോട് കല്‍പ്പിക്കല്‍ രക്ഷിതാക്കള്‍ക്ക് നിര്‍ബന്ധമാണ്. പത്ത് വയസ്സായാല്‍ നോമ്പനുഷ്ടിച്ചില്ലെങ്കില്‍ അടിക്കുകയും വേണം. രണ്ട് മര്‍ഹല (132 കിലോമീറ്റര്‍) ഹലാലായ യാത്ര ചെയ്യുന്നവന് നോമ്പ് നിര്‍ബന്ധമില്ലങ്കിലും പിന്നീട് വീണ്ടെടുക്കേണ്ടതാണ്. ഗര്‍ഭിണിയോ മുലയൂട്ടുന്നവളോ കുട്ടിക്കോ, ഗര്‍ഭത്തിലുള്ള കുട്ടിക്കോ ശരീരത്തിനോ വിഷമം നേരിടുമെന്നറിഞ്ഞാല്‍ നോമ്പ് മുറിക്കാവുന്നതാണ്.
പക്ഷെ അവള്‍ പിന്നീട് വീണ്ടെടുക്കണം. കുട്ടിക്ക് വിഷമം നേരിടുമെന്ന് മാത്രം കരുതിയാണ് നോമ്പ് ഒഴിവാക്കിയാല്‍ പിന്നീട് വീണ്ടെടുക്കുകയും പ്രായശ്ചിത്തം നല്‍കുകയും വേണം. ഒരു മുദ്ദ് അഥവാ മൂന്ന് ലിറ്ററും 200 മില്ലി ലിറ്ററും അരിയോ ഗോതമ്പോ കൊടുക്കലാണ് പ്രായശ്ചിത്തം. യാത്ര, രോഗം തുടങ്ങിയ കാരണങ്ങള്‍ കൂടാതെ റമദാനിലെ നോമ്പിനെ വീണ്ടെടുക്കാനുള്ളവന്‍ അടുത്ത റമദാന്‍ ആകുന്നത് വരെ വീണ്ടെടുക്കാതിരുന്നാല്‍ പ്രായശ്ചിത്തം നിര്‍ബന്ധമാണ്. വീണ്ടെടുക്കാതെ വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഓരോ കൊല്ലത്തിനും ഓരോ പ്രായശ്ചിത്തം നിര്‍ബന്ധമാവും. പുണ്യങ്ങളുടെ പൂക്കാലമായ റമദാനില്‍ ഒരു സുന്നത്തിന് ഒരു ഫര്‍ളിന്റെ കൂലിയും ഒരു ഫര്‍ളിന് 70 ഫര്‍ളിന്റെ കൂലിയുമാണ്. റമദാനിലെ പ്രത്യേകമായ ഇബാദത്തുകളാണ് തറാവീഹും ജമാഅത്തായുള്ള വിത്‌റ് നിസ്‌കാരവും. റമദാനിലെ അവസാന പത്തിലെ ഒറ്റയായ രാവുകളിലാണ് ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കേണ്ടത്. രാത്രിയിലുള്ള ഇബാദത്തിന് ആയിരം മാസം ഇബാദത്ത് ചെയ്തതിന്റെ പ്രതിഫലം ലഭിക്കും.
റമദാന്‍ ഒന്ന് മുതല്‍ അവസാനം വരെ മഗ്‌രിബും ഇശാഉം ജമാഅത്തായി നിസ്‌കരിക്കുന്നവന് ലൈലത്തുല്‍ ഖദ്‌റിന്റെ പൂര്‍ണമായ പ്രതിഫലം ലഭിക്കുമെന്ന് ഇമാം ബൈഹഖി റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ വന്നിട്ടുണ്ട്. ഇശാ നിസ്‌കാരം റമദാന്‍ ഒന്ന് മുതല്‍ അവസാനം വരെ ജമാഅത്തായി നിസ്‌കരിച്ചവനും ലൈലത്തുല്‍ ഖദ്‌റിന്റെ ആയിരം മാസത്തെ പുണ്യം ലഭിക്കുമെന്ന് മറ്റൊരു റിപ്പോര്‍ട്ടില്‍ വന്നിട്ടുണ്ട്. ദാന ധര്‍മങ്ങള്‍ കൂടുതലായി ചെയ്യല്‍, കുടുംബക്കാര്‍ക്കും അയല്‍വാസികള്‍ക്കും പ്രത്യേകമായി നല്‍കല്‍, ഖുര്‍ആന്‍ കൂടുതലായി പാരായണം ചെയ്യല്‍, ഇബാദത്തുകളെ വര്‍ധിപ്പിക്കല്‍, ഇഅ്തികാഫിനെ വര്‍ധിപ്പിക്കല്‍ തുടങ്ങിയവ റമദാനില്‍ പ്രധാനപ്പെട്ട സുന്നത്താണ്.
വിശിഷ്യാ അവസാനത്തെ പത്തില്‍ ഇവകള്‍ പ്രത്യേകം സുന്നത്താണ്. വര്‍ഷത്തെ ദിവസത്തില്‍ ഏറ്റവും പ്രത്യേകമായതാണ് ലൈലത്തുല്‍ ഖദ്‌റ്. ലൈലത്തുല്‍ ഖദ്‌റ് സത്യമാണന്ന് കരുതിയും അല്ലാഹുവിന്റെ തൃപ്തിയും പ്രതിഫലവും കാംക്ഷിച്ചും ലൈലത്തുല്‍ ഖദ്‌റിന്റെ രാത്രിയില്‍ തറാവീഹ്, വിത്‌റ്, മുതലായവ നിസ്‌കരിച്ചാല്‍ അവന്റെ എല്ലാ പാപങ്ങളും പൊറുക്കപ്പെടുമെന്ന് സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. അല്ലാഹുവിന്റെ പ്രീതിയും കൂലിയും ആഗ്രഹിച്ച് നേമ്പനുഷ്ടിക്കുന്ന സജ്ജനങ്ങളില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ....ആമീന്‍
(ലേഖകന്‍ സമസ്ത കേന്ദ്ര മുശാവറ അംഗമാണ് )
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."