അടിമാലി - കുമളി ദേശീയപാത; പൊതുകൂടിയാലോചന നടത്തി
തൊടുപുഴ: ജില്ലയുടെ ഗതാഗത രംഗത്തും സാമ്പത്തിക വളര്‍ച്ചക്കും കുതിപ്പേകുന്ന അടിമാലി കുമളി ദേശീയപാത 185 പൂര്‍ണ്ണതോതിലുള്ള വികസനവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, വ്യാപാരസംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരുമായി കലസക്ടറേറ്റില്‍ കലക്ടറുടെ അധ്യക്ഷതയില്‍ ആദ്യഘട്ട പൊതുകൂടിയാലോചന നടത്തി.
അടിമാലി - കുമളി ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട ഡി.പി.ആര്‍ തയ്യാറാക്കുന്നതിന് മുന്നോടിയായി അലൈന്‍മെന്റുകള്‍ നിശ്ചയിക്കുന്നതിന്റെ ഭാഗമായാണു വിവിധ മേഖലകളിലുള്ളവരുമായി കൂടിയാലോചനകള്‍ക്കു തുടക്കമായത്.
ദേശീയപാത കടന്നുപോകുന്ന ഓരോ മേഖലയും അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍, അതത് പ്രദേശത്തുള്ളവരുമായി ചര്‍ച്ച ചെയ്ത് ഓരോ മേഖലയുടെ സമഗ്ര വികസനം ഉറപ്പുവരുത്തിയും നിര്‍മാണവുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ ലഘൂകരിച്ചും മാതൃകാപരമായ പുനരധിവാസം ഉറപ്പുവരുത്തുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിന്റേയും ഭാഗമായാണ് പൊതുകൂടിയാലോചന നടത്തിയത്.
ഓരോ പ്രദേശത്തും താഴെത്തട്ടില്‍ തുടര്‍ന്നും ചര്‍ച്ചകള്‍ക്ക് സൗകര്യമൊരുക്കുമെന്ന് ജോയ്‌സ് ജോര്‍ജ്ജ് എം.പിയും കലക്ടര്‍ ജി.ആര്‍ ഗോകുലും അറിയിച്ചു.
യോഗത്തില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ ജോണി കുളംപള്ളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സ്മിത മുനിസ്വാമി, ഡോളി ജോസ്, ജില്ലാപഞ്ചായത്തംഗം ലിസമ്മ സാജന്‍, വിവിധ സംഘടനാപ്രതിനിധികളായ എം.കെ തോമസ്, കെ.പി. ഹുസൈന്‍, വിനു. പി. തോമസ്, സിജോമോന്‍ ജോസ്, കെ.ആര്‍. വിനോദ്, ജോമോന്‍ മാത്യു, ബിനോയ് മാത്യു, ദേശീയപാത അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റെക്‌സ് ഫെലിക്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."